നടൻ അജിത് കുമാർ യൂറോപ്പിൽ നടന്ന അതിവേഗ കാറോട്ട മത്സരത്തിനിടെ അപകടത്തിൽപ്പെട്ടു. താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഏഷ്യൻ ലെ മാൻസ് സീരീസ് (Asian Le Mans Series), മിഷേലിൻ ലെ മാൻസ് കപ്പ് (Michelin Le Mans Cup) തുടങ്ങിയ പ്രമുഖ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു അപകടം. മത്സരത്തിനിടയിൽ അജിത് ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ വലിയ അപകടത്തിൽ നിന്നും യാതൊരുവിധ ഗുരുതര പരിക്കുകളും ഏൽക്കാതെ താരം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

To advertise here,

കാറോട്ട ട്രാക്കുകളിൽ വച്ച് അജിത് കുമാറിന് ഇത്തരമൊരു അപകടം നേരിടേണ്ടി വരുന്നത് ഇതാദ്യമായല്ല. ഇതിനുമുൻപും അദ്ദേഹം നിരവധി റേസിംഗ് അപകടങ്ങളെ പരിക്കുകളില്ലാതെ അതിജീവിച്ചിട്ടുണ്ട്. 2025-ൽ ഇറ്റലിയിൽ നടന്ന ജിടി4 യൂറോപ്യൻ സീരീസിനിടയിൽ അദ്ദേഹത്തിന്റെ വാഹനം അപകടത്തിൽ പെട്ടിരുന്നെങ്കിലും  പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതിനു മുൻപ് അതേ വർഷം തന്നെ സ്പെയിനിലെ വലൻസിയയിൽ നടന്ന പോർഷെ സ്പ്രിന്റ് ചലഞ്ചിനിടയിലും വലിയ അപകടത്തിൽ നിന്നും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. കൂടാതെ 24 എച്ച് ദുബായ് മത്സരത്തിന്റെ പരിശീലനത്തിനിടയിൽ തന്റെ പോർഷെ കാർ തകർന്നിട്ടും പരിക്കുകളൊന്നുമില്ലാതെ അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്.

സിനിമയോടൊപ്പം തന്നെ റേസിംഗിനെയും പ്രൊഫഷണായി കാണുന്ന അജിത് കുമാർ, അന്താരാഷ്ട്ര റേസിംഗ് മത്സരങ്ങളിൽ വർഷങ്ങളായി പങ്കെടുക്കുന്നുണ്ട്. വിവിധ ഫോർമുല ചാമ്പ്യൻഷിപ്പുകളിൽ പങ്കാളിയായിട്ടുള്ള അദ്ദേഹം 2003-ൽ ഫോർമുല ഏഷ്യ ബിഎംഡബ്ല്യു ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. ഇതിനു പുറമെ ക്രെവന്റിക് 24 എച്ച് സീരീസ്, ജിടി4 യൂറോപ്യൻ സീരീസ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര ട്രാക്കുകളിൽ അദ്ദേഹം തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

അപകടങ്ങൾക്ക് ശേഷമുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ച് അജിത് മുൻപ് മനസ്സ് തുറന്നിട്ടുണ്ട്. അപകടം സംഭവിക്കുമ്പോൾതന്നെ തനിക്ക് പരിക്കേറ്റിട്ടുണ്ടോ എന്നും വാഹനത്തിന് എന്ത് സംഭവിച്ചു എന്നും പരിശോധിക്കുകയാണ് ആദ്യം ചെയ്യാറെന്ന് അദ്ദേഹം പറയുകയുണ്ടായി. തന്റെ സുരക്ഷയും കാറിന്റെ അവസ്ഥയും ബോധ്യപ്പെട്ടാൽ ഉടൻ തന്നെ മത്സരം പൂർത്തിയാക്കണമെന്ന വാശിയിലേക്ക് മനസ്സെത്തുമെന്നും 'DNF' (Did Not Finish) ആയി മത്സരം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ സിനിമയുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിൽ ഇതുവരെ 29 ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ടെന്നും അപകടങ്ങളിലൊന്നും ഇതുവരെ പ്രാക്ടീസോ മത്സരങ്ങളോ നഷ്ടപ്പെടാൻ തക്ക പരിക്കുകൾ ഏറ്റിട്ടില്ലെന്നത് വലിയ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വിടാമുയർച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നിവയാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഡെയർഡെവിൾ എന്ന ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കാൻ ഒരുങ്ങുന്നത്.