ബോളിവുഡ് താരം കിയാര അദ്വാനി തന്റെ ചിത്രം നിരസിച്ച സംഭവം ഓർത്തെടുത്ത് സെൽഫ് ട്രോളുമായി തമിഴ് സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവൻ. 'കബീർ സിങ്' എന്ന ചിത്രത്തിന് മുൻപ് ഒരു കഥ പറയാൻ താൻ കിയാരയെ സമീപിച്ചിരുന്നെന്ന് വിഘ്‌നേഷ് ശിവൻ ഓർത്തെടുത്തു. ആ കഥയാണ് പിന്നീട് 'ലവ് ഇൻഷുറൻസ് കമ്പനി'യായി മാറിയതെന്ന് വിഘ്‌നേഷ് വെളിപ്പെടുത്തി.

To advertise here,

'കിയാര, ഞാൻ ഓർക്കുന്നു. കബീർ സിങ്ങിന് മുമ്പ്, ഞാൻ കിയാരയോട് ഒരു കഥ പറഞ്ഞു. അത് ഞാനിപ്പോൾ സിനിമയാക്കി. അതാണ് ലവ് ഇൻഷുറൻസ് കമ്പനി. നിങ്ങൾ ഭാഗ്യവതിയാണ്, അത് ചെയ്തില്ലല്ലോ', എന്നായിരുന്നു വിഘ്നേഷ് ശിവന്റെ വാക്കുകൾ.

യഷ് പ്രധാന വേഷത്തിലെത്തുന്ന 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്ന ചിത്രത്തിന്റെ ചെന്നൈയിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കവെയാണ് വിഘ്‌നേഷ് ശിവന്റെ പ്രതികരണം. ചടങ്ങിലെ വിഘ്‌നേഷിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചിത്രത്തിൽ തമിഴ് ഗാനങ്ങൾ രചിച്ചത് വിഘ്‌നേഷ് ശിവനാണ്.

ചടങ്ങിൽ ടോക്‌സിക് സിനിമയുടെ നിർമാതാവും പ്രധാന നടനുമായ യഷിനെ വിഘ്‌നേഷ് വാനോളം പുകഴ്ത്തി. യഷ് തനിക്ക് വലിയൊരു മാതൃകയും ഐക്കണുമാണെന്ന് വിഘ്‌നേഷ് പറഞ്ഞു.

'അദ്ദേഹത്തിന്റെ കൂടെ ഒരു ദിവസമെങ്കിലും നിൽക്കാൻ സാധിക്കണേ എന്ന് മാത്രമാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ഒന്നിൽക്കൂടുതൽ പാട്ടുകളുടെ ഭാഗമാകാനും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും എനിക്ക് സാധിച്ചു. അത് മറക്കാൻ കഴിയില്ല,' വിഘ്‌നേഷ് കൂട്ടിച്ചേർത്തു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്ന ചിത്രത്തിലൂടെ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യഷ് വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. 1950- 1970 കാലഘട്ടത്തിലെ ഗോവയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ കിയാര അദ്വാനി, നയൻതാര, താരാ സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ബുധനാഴ്ച തിയേറ്ററുകളിലെത്തും.