വിക്കി കൗശല്‍ നായകനാകുന്ന വരാനിരിക്കുന്ന പുരാണ ചിത്രം മഹാവതാറിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ അമര്‍ കൗശിക്. മഹാവതാര്‍ വലിയൊരു ഉത്തരവാദിത്തമാണെന്നും ഏറെ കാലമായി താന്‍ ജീവന്‍ കൊടുക്കാന്‍ ആഗ്രഹിക്കുന്ന കഥയാണ് അതെന്നും അമര്‍ കൗശിക് പറഞ്ഞു. മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ പരശുരാമനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രത്തിന്റെ ആദ്യ പോസ്റ്ററും പുറത്തുവിട്ടിരുന്നു. 2026 ക്രിസ്മസ് റിലീസായി ചിത്രം എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.

To advertise here,

ദിനേഷ് വിജന്റെ മഡ്ഡോക്ക് ഫിലിംസിന്റെ മഡ്ഡോക്ക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിന് തുടക്കമിടുന്നതില്‍ പ്രധാനപങ്കുവഹിച്ച സംവിധായകനാണ് അമര്‍ കൗശിക്. മഡ്ഡോക്ക് ഫിലിംസിന്റെ 2018 ല്‍ പുറത്തിറങ്ങിയ സ്ത്രീ എന്ന ചിത്രം സംവിധാനം ചെയ്തത് അമര്‍ കൗശിക് ആണ്.

മഹാവതാറിന്റെ അണിയറ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. സെറ്റുകള്‍, വസ്ത്രാലങ്കാരം പോലുള്ള ജോലികള്‍ നടക്കുകയാണ്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ ചിത്രം എന്റെ കരിയറില്‍ വലിയൊരു ഉത്തരവാദിത്തമാണ്. ഇത് ദൈവത്തില്‍ നിന്നുള്ളതാണ്, കാരണം ഈ കഥാപാത്രം കുട്ടിക്കാലം തൊട്ട് തന്നെ എന്നോടൊപ്പമുണ്ട്. ഞങ്ങള്‍ അരുണാചല്‍ പ്രദേശിലെ പരശുരാമ കുണ്ഡിന് അടുത്തായി താമസിച്ചിരുന്നു. പലപ്പോഴും അവിടെ പോകാറുണ്ടായിരുന്നു. അത് ഞങ്ങളുടെ വീട്ടിലെ ഒരു ആചാരമായിരുന്നു, ഓരോ സന്ദര്‍ശനവും എന്നെ ആഴത്തില്‍ ആകര്‍ഷിക്കും. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൗശിങ് പറഞ്ഞു.

ഈ കഥ പറയാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും, അത് എങ്ങനെ സാധ്യമാക്കുമെന്ന് തുടക്കത്തില്‍ തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്ന് കൗശിക് പറഞ്ഞുു. 'പ്രധാനപ്പെട്ട ഒട്ടേറെ വിഭവങ്ങളും മികച്ച വിഎഫ്എക്‌സും ആവശ്യമായിരുന്നതിനാല്‍ അതിനെ എങ്ങനെ സമീപിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ മനസ്സിലെ കാഴ്ചയ്ക്ക് അനുസൃതമായി ഇത് ഉണ്ടാവണമെന്നും ഞാന്‍ ആഗ്രഹിച്ചു,' അദ്ദേഹം പറഞ്ഞു.

വിക്കി കൗശലിന്റെ ആത്മാര്‍ത്ഥതയാണ് അദ്ദേഹത്തെ ഈ കഥാപാത്രത്തിന് അനുയോജ്യനാക്കുന്നതെന്നും അമര്‍ കൗശിക് പറഞ്ഞു. അദ്ദേഹത്തെ കാണുമ്പോഴെല്ലാം, അദ്ദേഹത്തിലൊരു വിശുദ്ധി കാണാറുണ്ട്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ വ്യക്തി അദ്ദേഹമാണ്. വിക്കിയുടെ നിലവിലെ ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത വര്‍ഷം ഞങ്ങള്‍ ചിത്രീകരണം ആരംഭിക്കും' കൗശിക് കൂട്ടിച്ചേര്‍ത്തു.

മഡ്ഡോക്ക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രം ശക്തി ശാലിനിയുടെ നിര്‍മാതാവാണ് അമര്‍ കൗശിക്. സയ്യാര എന്ന ചിത്രത്തിലെ താരം അനീത് പഡ്ഡയാണ് ശക്തി ശാലിനിയിലെ പ്രധാനവേഷത്തിലെത്തുന്നത്.

മഡ്ഡോക്ക് ഹൊറര്‍ കോമഡി ലോകത്ത് നിന്ന് പുറത്ത് പോവുകയാണോ എന്ന ചോദ്യത്തിന് അതിന് വേണ്ടിയാണ് മഹാവതാര്‍ എന്ന ചിത്രം ഒരുക്കുന്നതെന്നും ബാല (2019) സംവിധാനം ചെയ്തത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് സിനിമകളും ഞാന്‍ സംവിധാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഹൊറര്‍ കോമഡി യൂണിവേഴ്‌സ് ഞാന്‍ വിടില്ല. കാരണം അതില്‍ ആളുകള്‍ എനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ട്. ആ ഉത്തരവാദിത്തം ഞാന്‍ അവഗണിക്കില്ല.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.