ചെന്നൈ: പ്രശസ്ത മലയാള ചലച്ചിത്ര സംഗീതസംവിധായകൻ കെ.ജെ. ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തേ തുടർന്ന് കിടപ്പിലായിരുന്നു. മലയാളികളെ ഹരം കൊള്ളിച്ച, ഒപ്പം ചുവടു വെപ്പിച്ച നിരവധി ഗാനങ്ങളുടെ ശില്പിയായിരുന്നു ജോയ്. മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവും ജോയിക്കുണ്ട്.
സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥന്റെ കൈ പിടിച്ചാണ് ജോയ് ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചത്. എം.എസ്.വി. സംഗീതസംവിധാനം നിർവഹിക്കുന്ന ഗാനങ്ങളിലെ അക്കോർഡിയൻ ആർട്ടിസ്റ്റായിരുന്നു തുടക്കകാലത്ത് ജോയ്. പിന്നീടാണ് സ്വതന്ത്ര സംഗീത സംവിധാനത്തിലേക്ക് മാറുന്നത്. അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ എം.എസ്. വിശ്വനാഥൻ തന്നെയാണ് ജോയിയെ സംഗീതസംവിധാനത്തിലേക്ക് വഴിതിരിച്ചുവിടുന്നത്.
1975-ൽ പുറത്തിറങ്ങിയ ലവ് ലെറ്റർ ആയിരുന്നു സംഗീതസംവിധായകനായുള്ള ആദ്യ മലയാളചിത്രം. ഗാനരചയിതാക്കളായി ഭരണിക്കാവ് ശിവകുമാറും സത്യൻ അന്തിക്കാടും. തുടർന്നങ്ങോട്ട് മലയാളത്തിലെ മുൻനിര സംഗീതസംവിധായകർക്കൊപ്പം തന്റേതായ ഇരിപ്പിടം കെ.ജെ.ജോയ് കണ്ടെത്തി. ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, മനുഷ്യമൃഗം, സർപ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് ഈണമിട്ടു.
കീ ബോർഡ് ഉൾപ്പെടെയുള്ള ആധുനികസങ്കേതകങ്ങൾ എഴുപതുകളിൽ മലയാളസിനിമയിൽ എത്തിച്ചയാൾകൂടിയാണ് കെ.ജെ. ജോയ്.
പാശ്ചാത്യശൈലിയിൽ ജോയ് ഒരുക്കിയ മെലഡികൾ സംഗീതപ്രേമികൾ ഇന്നും നെഞ്ചേറ്റുന്നവയാണ്. അനുപല്ലവിയിലെ എൻസ്വരം പൂവിടും ഗാനമേ, ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ, മനുഷ്യമൃഗത്തിലെ കസ്തൂരിമാൻ മിഴി, സർപ്പത്തിലെ സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ തുടങ്ങിയവ ഒരുതലമുറയെ ഒന്നടങ്കം ആവേശത്തിലാക്കിയ ഗാനങ്ങളായിരുന്നു. 1994-ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു ഈണമിട്ട അവസാനചിത്രം.
Content Highlights: veteran music director kj joy passed away, kj joy movies and songs
Published: 15 Jan 2024, 07:39 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented