ഇക്കഴിഞ്ഞ 25-ാം തീയതിയായിരുന്നു സം​ഗീതലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി ​ഗായിക ഭവതരിണി ഈ ലോകത്തുനിന്ന് വിടപറഞ്ഞത്. സം​ഗീത സംവിധായകൻ ഇളയരാജയുടെ മകൾകൂടിയായ അവർ ഏറെക്കാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു. എന്നാൽ ഭവതരിണിയുടെ ശബ്ദത്തിൽ ഒരു ​ഗാനം അവരുടെ കസിൻ കൂടിയായ വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിൽ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൃഷ്ടിച്ചിരുന്നു. ഹിറ്റ് ചാർട്ടുകളിൽ ഇതിനോടകം ഇടംപിടിച്ച ​ഗാനത്തിന്റെ പിറവിയേക്കുറിച്ച് ​ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ മനസുതുറന്നിരിക്കുകയാണ് വെങ്കട്ട് പ്രഭു.

To advertise here,

ഭവതരിണിയുടെ സഹോദരനായ യുവൻ ശങ്കർ രാജയാണ് ​'ഗോട്ടി'ലെ ​ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ചിന്ന ചിന്ന കൺ​ഗൾ എന്ന ​ഗാനമാണ് ചിത്രത്തിൽ ഭവതരിണിയുടെ ​ശബ്ദത്തിൽ പുറത്തുവന്നത്. നടൻ വിജയ് ആണ് ഒപ്പം ​ഗാനമാലപിച്ചത്.

ഒരിക്കൽ ചിന്ന ചിന്ന കൺ​ഗൾ എന്ന ​ഗാനത്തിന്റെ ഈണവുമായി യുവൻ ശങ്കർ രാജ തന്നെ സമീപിച്ചപ്പോൾ ഇതൊരു കുടുംബപശ്ചാത്തലത്തിലുള്ള പാട്ടാണെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്ന് വെങ്കട്ട് പ്രഭു പറഞ്ഞു. സത്യത്തിൽ ഈ ട്യൂൺ ചിട്ടപ്പെടുത്തിയ അന്നുതന്നെയായിരുന്നു ഭവതാ പോയത്. ആ ​ഗാനം അവളെക്കൊണ്ടുതന്നെ പാടിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ആ സമയത്ത് അസുഖബാധിതയായിരുന്നുവെങ്കിലും ഈ പാട്ട് ഭവതരിണിയാണ് പാടാൻ പോകുന്നതെന്ന് താൻ അവരോട് പറഞ്ഞിരുന്നുവെന്നും വെങ്കട്ട് പ്രഭു ഓർമിച്ചു.

"പിന്നീടാണ് ഞാൻ എന്തുകൊണ്ട് എ.ഐ ഉപയോ​ഗിച്ച് ഭവതരിണിയുടെ ശബ്ദം പുനസൃഷ്ടിച്ചുകൂടാ എന്ന് യുവനോട് ചോദിച്ചത്. കാരണം അന്തരിച്ച ​ഗായകൻ ഷാഹുൽ ഹമീദിന്റെ ശബ്ദം അടുത്തിടെ ഇതുപോലെ എ.ആർ റഹ്മാൻ പുനഃസൃഷ്ടിച്ചിരുന്നു. ഈണം കേട്ടയുടൻ ഈ പാട്ട് പാടാൻ വിജയ് സാർ സന്നദ്ധത പ്രകടിപ്പിച്ചു. അദ്ദേഹം ഈ ചിത്രത്തിനുവേണ്ടി രണ്ട് പാട്ടുകൾ പാടുന്നു എന്നത് ഞങ്ങൾക്ക് വലിയ സന്തോഷമുണ്ടാക്കി. ഭവതായ്ക്ക് ആദരവർപ്പിച്ചുകൊണ്ടുള്ള ഒരു പാട്ടിനെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ വിജയ് ഒപ്പം പാടുന്നു എന്നത് വളരെ സന്തോഷമുളവാക്കിയ കാര്യമാണ്." വെങ്കട്ട് പ്രഭു വ്യക്തമാക്കി.

എ.ഐ ഉപയോ​ഗിച്ച് ഭവതരിണിയുടെ പാട്ടുണ്ടാക്കാൻ ആദ്യം പശ്ചാത്തലസം​ഗീതമൊന്നുമില്ലാത്ത അവരുടെ തനതായ ശബ്ദം വേണമായിരുന്നു. തുടർന്ന് പ്രിയദർശിനി എന്നൊരു ​ഗായികയെക്കൊണ്ട് ചിന്ന ചിന്ന എന്ന ​ഗാനം പാടിച്ചതിനുശേഷം എ.ഐ ഉപയോ​ഗിച്ച് ഭവതരിണിയുടെ ശബ്ദത്തിലേക്ക് കൺവെർട്ട് ചെയ്യുകയായിരുന്നുവെന്നും വെങ്കട്ട് പ്രഭു വിശദീകരിച്ചു.

ശ്രീലങ്കയില്‍ വെച്ചായിരുന്നു ഭവതരിണിയുടെ അന്ത്യം. 1976 ചെന്നൈയിലാണ് ജനനം. ബാല്യകാലത്ത് മുതല്‍ തന്നെ ശാസ്ത്രീയസംഗീതത്തില്‍ പരിശീലനം നേടിയിരുന്നു. 1984 ല്‍ പുറത്തിറങ്ങിയ മൈഡിയര്‍ കുട്ടിച്ചാത്തനിലെ 'തിത്തിത്തേ താളം' എന്ന ഗാനം ആലപിച്ചാണ് സിനിമാസംഗീത രംഗത്ത് അരങ്ങേറ്റം കുറിച്ചത്. രാസയ്യ, അലക്‌സാണ്ടര്‍, തേടിനേന്‍ വന്തത്, കാതലുക്ക് മര്യാദൈ, ഫ്രണ്ട്‌സ് (തമിഴ്), പാ, താരരൈ ഭരണി, ഗോവ, അനേകന്‍ തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്. ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ 2000-ല്‍ പുറത്തിറങ്ങിയ ഭാരതി എന്ന ചിത്രത്തിലെ 'മയില്‍ പോലെ പൊണ്ണു ഒന്ന്' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 

മലയാളത്തില്‍ കല്യാണപ്പല്ലക്കില്‍ വേളിപ്പയ്യന്‍(കളിയൂഞ്ഞാല്‍), നാദസ്വരം കേട്ടോ (പൊന്‍മുടി പുഴയോരത്ത് )എന്നീ ഗാനങ്ങള്‍ ആലപിച്ചു. ശോഭനയെ നായകയാക്കി രേവതി സംവിധാനം ചെയ്ത മിത്ര മൈ ഫ്രണ്ട് എന്ന സിനിമയിലൂടെ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ചു. ഫില്‍ മിലേംഗേ, വെല്ലച്ചി, അമൃതം, മായാനദി തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതമൊരുക്കി.