തിയേറ്ററുകളിൽ മികച്ച അഭിപ്രായംനേടി പ്രദർശനം തുടരുകയാണ് സനൂപ് തൈക്കൂടത്തിന്റെ തിരക്കഥയിൽ നവാഗതനായ അദ്വൈത് നായർ സംവിധാനംചെയ്ത ചിത്രമായ ചത്താ പച്ച. റോഷൻ മാത്യു, അർജുൻ അശോകൻ, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ. ഇവർക്കൊപ്പം ശ്രദ്ധേയമായ വേഷത്തിലെത്തിയ മറ്റൊരു താരമാണ് റോസ എന്ന കഥാപാത്രമായെത്തിയ ബാലതാരം വേദിക ശ്രീകുമാർ. ചത്താ പച്ചയിൽ മമ്മൂട്ടിക്കൊപ്പം ഒരു രംഗത്തിൽ വേഷമിടാനായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വേദിക.

To advertise here,

മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്താണ് വേദിക ശ്രീകുമാർ തന്റെ സന്തോഷം പ്രകടിപ്പിച്ചത്. വലിയ സ്വപ്നമുള്ള കൊച്ചുകുട്ടിയെന്നാണ് കുറിപ്പിൽ വേദിക സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കൈപിടിച്ച് ഒരു രംഗത്തിൽ അഭിനയിച്ചത് മാജിക് എന്നപോലെയാണ് തോന്നിയത്. ആ നിമിഷം അതിയായ സന്തോഷംതോന്നി. മമ്മൂട്ടിക്കൊപ്പമുള്ള രംഗം സ്ക്രീനിൽ കണ്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു. താൻ ഒരിക്കൽ കണ്ട സ്വപ്നങ്ങൾ സത്യമായതാണ് അതിനുകാരണം. ഇതൊരു ചിത്രമോ രംഗമോ മാത്രമല്ല. ഇത് താൻ ഹൃദയത്തിൽ എന്നെന്നും കൊണ്ടുനടക്കുന്ന ഓർമയാണെന്നും വേദിക എഴുതി. പ്രപഞ്ചത്തിനും ചത്താ പച്ച ടീമിനും നന്ദി പറഞ്ഞുകൊണ്ടാണ് വേദിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

വാൾട്ടർ എന്ന കഥാപാത്രമായാണ് ചത്താ പച്ചയിൽ മമ്മൂട്ടി എത്തുന്നത്. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ-ഇഹ്സാൻ-ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകർന്ന ചിത്രം കൂടിയാണിത്. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിങ് ക്ലബ്‌ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് നിർമാതാക്കൾ. ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെയറർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.