ഇടിയുടെ പൊടിപൂരം ഉടനീളം കാണാവുന്ന ചിത്രമാണ് ചത്താ പച്ചയെന്ന് പറയാം. കൊച്ചിയാണ് ചത്താ പച്ചയുടെ പശ്ചാത്തലം.

ഇപ്പോൾ ഒരു മുപ്പതുകളുടെ അവസാനത്തിലെത്തിനിൽക്കുന്ന പ്രായമുള്ളവർക്ക് അവരുടെ ചെറുപ്പത്തിൽ സിനിമ മാത്രമായിരുന്നില്ല വിനോദം. ക്രിക്കറ്റും ഫുട്ബോളും ബാഡ്മിന്റണുമടക്കമുള്ള കായികമത്സരങ്ങളും നെഞ്ചേറ്റിയിരുന്നു അവർ. അതിൽത്തന്നെ WWE റെസ്ലിങ്ങിനോട് പ്രത്യേകമായ അടുപ്പവും ഇതിലെ താരങ്ങളോട് ആരാധനയുമുള്ള ഒരു വിഭാഗമുണ്ട്. ടിവിയിൽ റെസ്ലിങ് വരുമ്പോൾ ആർത്തുവിളിച്ച്, കയ്യടിച്ച് കാണുകയും റെസ്ലിങ് താരങ്ങളുടെ പടമുള്ള കാർഡുകൾ ഉപയോഗിച്ച് കളിക്കുകയും ചെയ്തിരുന്ന വലിയൊരു വിഭാഗമുണ്ട് നമുക്കിടയിൽ. അന്ന് അവർ അനുഭവിച്ച അതേ ആവേശം വീണ്ടും ഇന്നത്തെ തലമുറയിലേക്ക് എത്തിക്കുകയാണ് ചത്താ പച്ച എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായ അദ്വൈത് നായരും തിരക്കഥാകൃത്ത് സനൂപ് തൈക്കൂടവും ചേർന്ന്.
ഇടിയുടെ പൊടിപൂരം ഉടനീളം കാണാവുന്ന ചിത്രമാണ് ചത്താ പച്ചയെന്ന് പറയാം. കൊച്ചിയാണ് ചത്താ പച്ചയുടെ പശ്ചാത്തലം. ഗാട്ടാ ഗുസ്തിക്ക് പേരുകേട്ട നാടാണ് കൊച്ചി. ഈ നാട്ടിലേക്ക് കോസ്റ്റ്യൂം ഗുസ്തിയെന്ന പുതിയൊരു വിനോദവുമായി എത്തുന്ന ചെറുപ്പക്കാരുടെ കഥയാണ് ചത്താ പച്ച. സാവിയോ ലോബോ, ലിറ്റിൽ എന്നിവർ ആരംഭിക്കുന്ന കോസ്റ്റ്യൂം ഗുസ്തി ടീമിലേക്ക് സാവിയോയുടെ സഹോദരനായ വെട്രി ലോബോ കൂടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കോസ്റ്റ്യൂം ഗുസ്തിയെന്ന വിനോദം ഇവരുടെ ജീവിതത്തിൽ ഏതെല്ലാം രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുവെന്നും റെസ്ലിങ്ങിനെ തികച്ചും സാധാരണക്കാരായ ഒരുപറ്റം ചെറുപ്പക്കാർ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നുവെന്നുമാണ് ചിത്രം സംസാരിക്കുന്നത്.
ചെറുപ്പക്കാരുടെ കഥയെന്നതിലുപരി മാണിയെന്നും വാൾട്ടറെന്നും പേരുള്ള രണ്ട് ഗുസ്തിക്കാർ ഉൾപ്പെടുന്ന തലമുറയുടെ പോരാട്ടവീര്യവും ചത്താ പച്ച ചർച്ച ചെയ്യുന്നുണ്ട്. ഗുസ്തിയുടെ ആവേശം പുതുതലമുറയെ എങ്ങനെ ആവേശംകൊള്ളിക്കുന്നുവെന്നും ചിത്രം പറയുന്നുണ്ട്.
അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ലോക്കോ ലോബോ, വെട്രി, ലിറ്റിൽ, ചെറിയാൻ എന്നിവരെ യഥാക്രമം അവതരിപ്പിക്കുന്നത്. ഈ നാലുകഥാപാത്രങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്ന് തുടക്കത്തിൽത്തന്നെ ചിത്രം കാണിച്ചുതരുന്നുണ്ട്. കൂട്ടത്തിൽ നെഗറ്റീവ് പരിവേഷമുള്ളത് വിശാഖ് നായർ അവതരിപ്പിച്ച ചെറിയാൻ എന്ന കഥാപാത്രമാണ്. അസൂയയും പകയുമെല്ലാം നിറഞ്ഞ കഥാപാത്രത്തെ വിശാഖ് ഭംഗിയാക്കിയിട്ടുണ്ട്. കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷങ്ങൾതന്നെയാണ് അർജുൻ അശോകനും റോഷനും അവതരിപ്പിച്ചത്. ആക്ഷൻ രംഗങ്ങളിൽ ഇരുവരുടേയും പ്രകടനം കയ്യടിപ്പിക്കുന്നതാണ്. രണ്ടുപേരും കരിയറിൽത്തന്നെ ഇത്രയും ഹെവി ആയ ആക്ഷൻ രംഗങ്ങൾ ചെയ്തിട്ടില്ല എന്നുപറയാം. സായികുമാർ, റാഫി, തെസ്നി ഖാൻ,ടോഷ് ക്രിസ്റ്റി തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ.
സിനിമയിലെ എല്ലാ കഥാപാത്രങ്ങളേയും ഒരുപോലെ ബന്ധിപ്പിക്കുന്നത് വാൾട്ടർ എന്ന കഥാപാത്രമാണ്. ഓരോ കഥാപാത്രത്തിനും അവരുടെ മനസിൽ വാൾട്ടറെക്കുറിച്ച് ഒരു ചിത്രമുണ്ട്. വാൾട്ടറെക്കുറിച്ച് രണ്ടുവാക്ക് സംസാരിക്കാതെയോ ചിന്തിക്കാതെയോ ആ നാട്ടുകാരുടെ ഒരുദിവസം പോലും കടന്നുപോകാറില്ല. ഒരു നാടിന്റെ രക്തത്തിൽ ഗുസ്തി എന്ന വികാരം കലരാൻ ഇടയാക്കിയ വ്യക്തിയാണ് വാൾട്ടർ. വാൾട്ടറായി മമ്മൂട്ടിയെത്തുമ്പോൾ തിയേറ്റർ അക്ഷരാർത്ഥത്തിൽ ഇളകിമറിയുന്നുണ്ട്.
മലയാളത്തിൽ പലതരം ആക്ഷൻ സിനിമകൾ വന്നിട്ടുണ്ട്. എന്നാൽ റെസ്ലിങ് കലർത്തിയ ആക്ഷനാണ് ചത്താ പച്ചയെ വേറിട്ട അനുഭവമാക്കി മാറ്റുന്ന ഘടകം. ഒരോ ആക്ഷൻ രംഗങ്ങളും പ്രേക്ഷകനെ ഒരു റെസ്ലിങ് റിങ്ങിനു മുന്നിലെത്തിക്കുന്നതുപോലെ തോന്നിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റുസംഘട്ടനരംഗങ്ങളിലും ഗുസ്തിയുടേയും WWE റെസ്ലിങ്ങിന്റേയും സ്വാധീനമുണ്ട്. ഇത്രയും വ്യത്യസ്തമായ സംഘട്ടനരംഗങ്ങൾ ഒരുക്കിയതിന് സംഘട്ടന സംവിധായകനായ കലൈ കിങ്സൺ പ്രത്യേകം കയ്യടി അർഹിക്കുന്നുണ്ട്. റെസ്ലിങ് പ്രത്യേക ചുവടുകളൊരുക്കിയതിന് ശ്രാവണിന്റെ നേതൃത്വത്തിലുള്ള ടീമിനേയും മനസറിഞ്ഞ് അഭിനന്ദിക്കണം. ആനന്ദ് സി. ചന്ദ്രൻ, ജോമോൻ ടി. ജോൺ, സുദീപ് എളമൺ എന്നിവരുടെ ക്യാമറയും ചടുലമായതുതന്നെ. ശങ്കർ എഹ്സാൻ ലോയ് ടീമിന്റെ ഗാനങ്ങളും മുജീബ് മജീദിന്റെ പശ്ചാത്തലസംഗീതവും ആവേശമുണർത്തുന്നതാണ്.
ആക്ഷൻ ചിത്രങ്ങൾ ഇഷ്ടമുള്ളവർക്കും ടിവിയിൽ റെസ്ലിങ് കണ്ട് ആവേശഭരിതരായവർക്കും കാണാവുന്ന ചിത്രമാണ് ചത്താ പച്ച. താരപ്രകടനങ്ങൾകൊണ്ടും പ്രകമ്പനംകൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾക്കുമായി ചത്താ പച്ചയ്ക്ക് ടിക്കറ്റെടുക്കാം.
Content Highlights: Experience the adrenaline-pumping world of `Chatha Pacha`! This Malayalam film brings back nostalgic wrestling vibes with intense action and compelling characters. Don`t miss it!
Published: 22 Jan 2026, 01:59 pm IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented