
തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈനും പിതാവും പ്രശസ്ത തബലവാദകനുമായ ഉസ്താദ് അല്ലാ രഖായും തമ്മില്‍ വലിയ ആത്മബന്ധമായിരുന്നു. സാക്കിര്‍ ഹുസൈന്‍ പിറന്നുവീണപ്പോള്‍ ആത്മീയമന്ത്രങ്ങള്‍ക്ക് പകരം അല്ലാ രഖാ ഖുറേഷി ആ കാതുകളില്‍ ഉരുവിട്ടത് തബലയുടെ ബോലുകളായിരുന്നുവെന്ന് സാക്കിര്‍ ഹുസൈന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൈക്കുഞ്ഞായിരിക്കെ അന്നുമുതലാണ് തന്റെ കലാപഠനത്തിന് തുടക്കംകുറിച്ചതെന്നും 2023-ല്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സാക്കിര്‍ ഹുസൈന്‍ പറഞ്ഞിരുന്നു.
അബ്ബാജി എന്നാണ് സാക്കിര്‍ ഹുസൈന്‍ പിതാവിനെ വിളിച്ചിരുന്നത്. പിതാവും സാക്കിര്‍ ഹുസൈനും തമ്മില്‍ അത്രയേറെ അടുപ്പമായിരുന്നു. എല്ലാദിവസവും അബ്ബാജി വീട്ടിലെത്തുന്നതുവരെ കുഞ്ഞ് സാക്കിര്‍ അദ്ദേഹത്തെ കാത്ത് ഉറങ്ങാതിരിക്കുന്നതും പതിവായിരുന്നു.
അല്ലാ രഖാ കുട്ടികളെ തബല പഠിപ്പിക്കുന്നതിനാല്‍ ആ വീട്ടില്‍ മുഴുവന്‍സമയവും താളവും ശബ്ദവുമായിരുന്നു. മൂന്നോ നാലോ വയസ്സായപ്പോള്‍ സാക്കിര്‍ ഹുസൈനും ആ സ്വരങ്ങളും പാറ്റേണുകളും തിരിച്ചറിയാന്‍ തുടങ്ങി. പതിയെ സാക്കിര്‍ ഹുസൈനും തബലയില്‍ പരിശീലനം ആരംഭിച്ചു. ''അബ്ബാജി താളത്തെക്കുറിച്ച് സംസാരിക്കുകയും പാറ്റേണുകള്‍ പാടുകയും അവ വീണ്ടും പാടുകയും അക്കാലത്തെ പഴയഗുരുക്കന്മാരെയും മികച്ച സംഗീതജ്ഞരെയുംകുറിച്ച് സംസാരിക്കുകയും ചെയ്യും. ആ നിമിഷങ്ങളിലെ ആനന്ദം എനിക്ക് വിശദീകരിക്കാന്‍ കഴിയുന്നില്ല. ദിവസം മുഴുവന്‍ ഞാന്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടു'', സാക്കിര്‍ ഹുസൈന്‍ പറഞ്ഞു.
ഏഴാംവയസ്സില്‍ സാക്കിര്‍ ഹുസൈന്‍ സ്‌കൂളിലെ കച്ചേരികളില്‍ പങ്കെടുത്തുതുടങ്ങിയിരുന്നു. 12-ാം വയസ്സില്‍ പിതാവിനൊപ്പം അല്ലാതെയും സാക്കിര്‍ കച്ചേരികളില്‍ പങ്കെടുത്തു. 19-ാം വയസ്സില്‍ രവിശങ്കറിനൊപ്പം സംഗീതപരിപാടി അവതരിപ്പിക്കാന്‍ ഉസ്താദ് അല്ലാ രഖാ തന്റെ പകരം സാക്കിര്‍ ഹുസൈനെ ന്യൂയോര്‍ക്കിലേക്ക് അയച്ചു. അതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് സാക്കിര്‍ ഹുസൈല്‍ പില്‍ക്കാലത്ത് പറഞ്ഞിരുന്നു.
'യജമാനനാകാന്‍ ശ്രമിക്കരുത്, നല്ല വിദ്യാര്‍ഥിയാവുക' എന്നതായിരുന്നു പിതാവ് സാക്കിര്‍ ഹുസൈന് നല്‍കിയ ഉപദേശം. ഒരു അനുധാവനവാദ്യം മാത്രമായിരുന്ന തബലയെ നിലയും വിലയുമുള്ള ഒരു സ്വതന്ത്രവാദ്യമാക്കി ഉയര്‍ത്തിയതില്‍ അബ്ബാജിയും ഉസ്താദ് അഹമ്മദ് ജാന്‍ തിരക്വയും അടങ്ങുന്ന തലമുറയ്ക്ക് വലിയൊരുപങ്കുണ്ട്. അതിന്റെ നൈരന്തര്യത്തില്‍ കണ്ണിയാവുകയാണ് താന്‍ ചെയ്യുന്നതെന്നും സാക്കിര്‍ ഹുസൈന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Content Highlights: ustad zakir hussain and his father ustad alla rakha
Published: 16 Dec 2024, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented