
കുക്കി-മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട് മണിപ്പുർ വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോഴിതാ സംഘർഷഭരിതമായ മണിപ്പൂരിൽനിന്നുള്ള മറ്റൊരു സംഭവം ചർച്ചയാവുകയാണ്. 25 വർഷങ്ങൾക്കുശേഷം സംസ്ഥാനത്ത് ഒരു ഹിന്ദി ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി എന്നതാണത്. വിക്കി കൗശലിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ഉറി: ദ സർജിക്കൽ സ്ട്രൈക്ക് ആണ് ആ ചിത്രം.
ചുരാചന്ദ്പുരിലെ തുറന്ന തിയേറ്ററിലായിരുന്നു 'ഉറി'യുടെ പ്രദർശനം. എച്ച്.എസ്.എ എന്ന ഗോത്ര വിദ്യാർത്ഥിസംഘടനയാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇത്തരമൊരു പ്രദർശനം സംഘടിപ്പിച്ചത്. 2000-ത്തിലാണ് നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കീഴിൽവരുന്ന രാഷ്ട്രീയ സംഘടനയായ ദ റെവല്യൂഷനറി പീപ്പിൾസ് ഫ്രണ്ട് മണിപ്പുരിൽ ഹിന്ദി സിനിമകൾ പ്രദർശിപ്പിക്കുന്നത് തടഞ്ഞത്. ഇതിനെതിരെയുള്ള പ്രതിഷേധംകൂടിയായിരുന്നു ഉറിയുടെ പ്രദർശനം. മെയ്തി വിഭാഗക്കാരടങ്ങുന്ന തീവ്രവാദി സംഘടനയാണ് റെവല്യൂഷനറി പീപ്പിൾസ് ഫ്രണ്ട്.
സ്വാതന്ത്ര്യദിനത്തിലെ സിനിമാ പ്രദർശനം മെയ്തി വിഭാഗക്കാർ നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങളോടുള്ള എതിർപ്പ് പ്രകടിപ്പിക്കാനും ഇന്ത്യയോടുള്ള തങ്ങളുടെ സ്നേഹം കാണിക്കാനുമാണെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം വക്താവ് ഗിൻസാ വാൽസോങ് പ്രസ്താവനയിൽ പറഞ്ഞു. കുക്കി വിഭാഗത്തിന്റെ ശബ്ദമാണ് ഈ നീക്കമെന്നും സംഘടന വ്യക്തമാക്കി. സിനിമയുടെ പ്രദർശനം തുടങ്ങുന്നതിന് മുമ്പ് തിയേറ്ററിൽ ദേശീയഗാനം കേൾപ്പിച്ചിരുന്നു.
1998-ൽ പുറത്തിറങ്ങിയ കുച്ച് കുച്ച് ഹോത്താ ഹേയായിരുന്നു മണിപ്പൂരിൽ ഇതിനുമുമ്പ് പൊതുവിടത്തിൽ പ്രദർശിപ്പിച്ച ബോളിവുഡ് ചിത്രം. 2000-ൽ ഹിന്ദി സിനിമകൾക്കുള്ള പരിപൂർണ നിരോധനം വന്നതിനുശേഷം ഏകദേശം 6000 മുതൽ 8000 വരെ വീഡിയോ-ഓഡിയോ കാസറ്റുകളും സിഡികളുമാണ് മണിപ്പുരിൽ കലാപകാരികൾ നശിപ്പിച്ചത്. സംസ്ഥാനത്ത് ഹിന്ദി സിനിമ നിരോധിച്ചതിനുപിന്നിലെ കൃത്യമായ കാരണം ആർ.പി.എഫും പറയുന്നില്ല. ഹിന്ദി സിനിമാതാരങ്ങൾ മണിപ്പുരിന്റെ ഭാഷയിലും സംസ്കാരത്തിലുമുണ്ടാക്കുന്ന വിപരീത സ്വാധീനത്തേക്കുറിച്ചുള്ള ആശങ്കയാവാം ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചതെന്നാണ് പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ നൽകുന്ന വിശദീകരണം.
Content Highlights: uri the surgical strike, after 25 years a hindi movie screened in manipur
Published: 16 Aug 2023, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented