ഹോളിവുഡ് ആരാധകർ കാത്തിരിക്കുന്ന സോണി പിക്‌ചേഴ്‌സ്- എംജിഎം ലൈവ്- ആക്ഷൻ ഫാന്റസി ചിത്രം മാസ്റ്റേഴ്‌സ് ഓഫ് ദ യൂണിവേഴ്‌സിന്റെ മലയാളം പതിപ്പിൽ നായക കഥാപാത്രമായ ഹീ മാന് ശബ്ദം നൽകി ഉണ്ണി മുകുന്ദൻ. ഇതോടെ എംജിഎം, സോണി പിക്‌ചേഴ്‌സ് പോലെ ഹോളിവുഡ് സ്റ്റുഡിയോകളുമായി സഹകരിക്കുന്ന ആദ്യ മലയാള നടനായി ഉണ്ണി മുകുന്ദൻ മാറി. സിനിമാ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ കഥാപാത്രങ്ങളിലൊന്നിന് ശബ്ദം നൽകാൻ കഴിഞ്ഞത് തന്റെ ജീവിതം പൂർണമാക്കിയെന്ന് ഉണ്ണി മുകുന്ദൻ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
ഉണ്ണി മുകുന്ദൻ പങ്കുവെച്ച കുറിപ്പിന്റെ പരിഭാഷ:
ടെലിവിഷൻ സ്‌ക്രീനുകളിലും കോമിക്‌സുകളിലും സിനിമാ തിയേറ്ററുകളിലും പ്രത്യക്ഷപ്പെട്ടതിൽ ഏറ്റവും ഐതിഹാസിക കഥാപാത്രങ്ങളിലൊന്നിന് ഞാൻ ശബ്ദം നൽകിയിരിക്കുന്നു- ഹീമാൻ.
90-കളിൽ വളർന്ന ഒരു കുട്ടിക്ക് ഹീ- മാൻ കേവലമൊരു കാർട്ടൂൺ കഥാപാത്രം മാത്രമായിരുന്നില്ല. ശക്തിയുടേയും ധൈര്യത്തിന്റേയും നീതിബോധത്തിന്റേയും യഥാർഥ പൗരുഷത്വത്തിന്റേയും പൂർണ്ണമായ നിർവചനംതന്നെയായിരുന്നു. സിനിമയെന്ന മായാലോകത്തിലേക്ക് എന്നെ ആദ്യമായി ആകർഷിച്ചത് കുട്ടിക്കാലത്തുകണ്ട ഇത്തരം അമാനുഷിക നായകന്മാരായിരുന്നു. കാലം കടന്നുപോയപ്പോൾ അവർ വെറും കഥാപാത്രങ്ങൾ അല്ലാതായി മാറി. എന്റെ കുട്ടിക്കാലത്തിന്റേയും ഭാവനയുടേയും അവിഭാജ്യ ഘടകമായി അവ മാറി.
ആക്ഷൻ ഫിഗറുകളുടേയും കളക്റ്റബിൾസിന്റേയും ആരാധകനായിരുന്നു ഞാൻ. അവ എന്നെ എന്റെയുള്ളിലെ കൊച്ചുകുട്ടിയുമായി ബന്ധിപ്പിക്കുന്നു. അവ എന്നെ സുരക്ഷിതലും ലളിതവുമായ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോരുന്നു. അവിടെ ഹീറോകളുണ്ടായിരുന്നു, നന്മ തിന്മയെ നശിപ്പിച്ചു. ഐതിഹാസികമായ ഒരു വരി കേട്ടാൽ മതി, നെഞ്ചിടിപ്പ് കൂടാൻ.
ടെലിവിഷൻ സ്‌ക്രീനിന് മുന്നിൽ സ്വപ്‌നംകണ്ടിരുന്ന ആ കൊച്ചുകുട്ടി ഇന്ന് 38 വയസ്സുള്ള മനുഷ്യനായി വളർന്നു. അയാൾ ഇന്ന് കുട്ടിക്കാലത്ത് ആരാധിച്ചിരുന്ന ഹീറോയ്ക്ക് ഒരു ഡബ്ബിങ് സ്റ്റുഡിയിൽവെച്ച് ശബ്ദം നൽകുന്നു. ഇതെഴുതുമ്പോൾ പോലും എനിക്ക് അവിശ്വസനീയമായി തോന്നു. മലയാളി പ്രേക്ഷകർക്കായി ഹീ- മാന്റെ ശബ്ദമാവാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതനും വൈകാരികമായി ഏറെ സന്തോഷത്തിലുമാണ്.
ഡബ്ബിങ് വേളയിൽ എനിക്ക് സിനിമയുടെ ചില ഭാഗങ്ങൾ കാണാൻ അവസരം ലഭിച്ചു. ശരിക്കും പറഞ്ഞാൽ, കണ്ണീര് പിടിച്ചുവെക്കാൻ ഞാൻ പാടുപെട്ടു. സ്റ്റുഡിയോയിൽ ഒരു നടനാണെന്ന് മറന്നുനിന്നുപോയ അവസരങ്ങളുണ്ടായിരുന്നു. ഞാൻ ആ ചെറിയ കുട്ടിയായി വീണ്ടും മാറി. കണ്ണുകൾ വിടർന്ന്, വികാരഭരിതനായി, ഹീ- മാന്റെ മാന്ത്രികതയിൽ മുഴുകിപ്പോയി. കുട്ടിക്കാലത്ത് ഒരുപാടുതവണ കേൾക്കുകയും ആവർത്തിച്ചുപറയുകയും ചെയ്ത ആ വിഖ്യാതമായ സംഭാഷണം ഉച്ചരിക്കേണ്ട സമയം വന്നപ്പോൾ എനിക്കുള്ളിലെന്തോ സംഭവിച്ചു.
'എന്റെ ഉള്ളിലുള്ള ആ ശക്തി കൂടി വാ...'
ആ അനുഭവം എനിക്ക് വിശദീകരിക്കാൻ കഴിയില്ല. ചില സ്വപ്‌നങ്ങൾ നിശബ്ദമായാണ് വരുന്നത്. ഒടുവിൽ അവ യാഥാർഥ്യമാവുമ്പോൾ, നിങ്ങൾ അറിയാതെ കാത്തിരുന്ന കാത്തിരുന്ന ഏതോ ചില മുറിവുകളെ സുഖപ്പെടുത്തും.
മലയാളം പതിപ്പ് അതിന്റെ പൂർണമായ കരുത്തിലും ഗൃഹാതുരത്വത്തിലുമാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഓരോ ഹീ- മാൻ ആരാധകന്റേയും ഹൃദയത്തിൽ അത് ആഴത്തിൽ പതിയും. ഈ കഥാപാത്രം സൃഷ്ടിച്ച പഴയ ആ ഭ്രാന്തമായ തരംഗവും സാംസ്‌കാരിക സ്വാധീനവും നേരിട്ട് കണ്ടിട്ടില്ലാത്ത ഇന്നത്തെ ജെൻ സികൾ പോലും ഈ അത്ഭുത സിനിമാലോകത്തെ നെഞ്ചേറ്റുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.
മെട്രോ- ഗോൾഡ്വിൻ- മേയറിന്റെ ഐതിഹാസിക ഗർജിക്കുന്ന ആ സിംഹത്തിന്റോ ലോഗോ സ്‌ക്രീനിൽ കണ്ട നിമിഷം സ്വപ്‌നതുല്യമായിരുന്നു. സിനിമയുടെ വിസ്മയക്കാഴ്ചകളുടേയും വലിയ ക്യാൻവാസിന്റേയും പ്രതീകമായി കുട്ടിക്കാലം മുതൽ മനസിൽ പതിഞ്ഞതാണ് ആ ലോഗോ. ഇപ്പോൾ ആ പൈതൃകവുമായി എന്റെ പേര് ചേർത്തുവെക്കുന്നത് വളരേ വ്യക്തിപരവും മാന്ത്രികവുമായി തോന്നുന്നു.
ഇത് യാഥാർഥ്യമാക്കിയതിനും ലോകമെമ്പാടുമുള്ള തലമുറകൾക്ക് പ്രചോദനമായ കഥാപാത്രത്തെ എന്നെ ഏൽപ്പിച്ചതിനും സോണി പിക്‌ചേഴ്‌സിന് നന്ദി. ശേഖർ ജി, ഉദയ് ബ്രോ, രുദ്രയിലെ ഗായത്രി എന്നിവർക്കും നന്ദി.
ഞാൻ മാനിഫെസ്റ്റേഷനിൽ ശക്തമായി വിശ്വസിക്കുന്നു. മനസ്സിൽ സത്യസന്ധതയോടും താത്പര്യത്തോടും കൂടി സ്വപ്‌നംകണ്ടത് ഓരോന്നും ജീവിതം എങ്ങനെയൊക്കെയോ ഏറ്റവും മനോഹരമായ രീതിയിൽ എന്റെ കൈകളിൽ എത്തിച്ചു തന്നിട്ടുണ്ട്. പ്രശസ്തിക്കും വിജയത്തിനും മാത്രമല്ല, അതിലൂടെയെല്ലാം എന്നെ നല്ലൊരു മനുഷ്യനായി നിലനിർത്തണേ എന്നാണ് ഞാൻ ദൈവത്തോട് പ്രാർഥിച്ചത്. കാരണം ദൈവം നമുക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം മനുഷ്യമനസാണ്. അത് മാന്ത്രികമാണ്, പറയുന്നത് കേൾക്കും. യാഥാർഥ്യത്തെ രൂപപ്പെടുത്തും. എങ്ങനെയോ, നിങ്ങൾ അതിനെ പൂർണ്ണമായും വിശ്വസിക്കുമ്പോൾ, ഹൃദയം കൊതിച്ചത് നമുക്ക് മുന്നിൽ എത്തിക്കാൻ ജീവിതം അതിന്റെ നിഗൂഢമായ വഴികൾ കണ്ടെത്തും. വർഷങ്ങൾക്കുമുമ്പ് ഞാൻ ഹീ- മാൻ ആണെന്ന് സ്വയം സങ്കൽപ്പിച്ചുനടന്ന കാലത്ത് ലണ്ടനിൽനിന്ന് വാങ്ങിയ കളിപ്പാട്ടത്തിന്റെ ചിത്രം ഇവിടെ പങ്കുവെക്കുന്നു.
സ്വപ്‌നങ്ങൾ യാഥാർഥ്യമാവും. അതുപോലെ, ജൂൺ അഞ്ചിന് തിയേറ്ററുകളിലെത്തുന്ന മാസ്‌റ്റേഴ്‌സ് ഓഫ് ദ യൂണിവേഴ്‌സ് കാണുക. ഉണ്ണി മുകുന്ദന്റെ ശബ്ദത്തിലുള്ള മലയാളം പതിപ്പ് അനുഭവിക്കുക. റെക്കോർഡിന് വേണ്ടി മാത്രം, ഞാൻ ഹീ- മാന്റെ ശബ്ദമാണ്, ഞാൻ ഹീ- മാൻ ആണ്.
Content Highlights: Unni Mukundan voices the iconic character He-Man in the Malayalam dub of Masters of the Universe. First Malayalam actor to collaborate with major Hollywood studios like Sony Pictures and MGM. The film is scheduled for a theatrical release on June 5th. The project blends nostalgia for 90s fans with a high-quality cinematic experience for Gen Z
Published: 22 May 2026, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented