കഴിഞ്ഞയാഴ്ചയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് കന്നഡ താരം യഷിന്റെ പുതിയ ചിത്രം 'ടോക്സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്സി'ന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് ടീസർ പുറത്തുവന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ സ്‌റ്റൈലിഷായ ആക്ഷൻ നിറഞ്ഞതായിരുന്നു. അതേസമയം തന്നെ ഇന്റിമേറ്റ് രംഗത്തിൽ അശ്ലീലത്തിന്റെ അതിപ്രസരമുണ്ടെന്ന ആരോപണവും യഷിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവന്ന ടീസറിനെതിരെ ഉയർന്നിരുന്നു.

To advertise here,

ടീസറിലെ ഇന്റിമേറ്റ് രംഗം വിവാദമായതിന് പിന്നാലെ അതിൽ അഭിനയിച്ച നടി ബിയാട്രിസ് ടൗഫെൻബാച്ച് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നാണ് പുതിയ റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പ്രതിഷേധം ടോക്സികിന്റെ ടീസറിനെതിരെ ഉയർന്നിരുന്നു. കൂടാതെ ഔദ്യോഗികമായ പരാതികളും ഉണ്ടായി. ആം ആദ്മി പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ പരാതിയിൽ കർണാടകാ വനിതാ കമ്മിഷൻ സെൻസർ ബോർഡിനോട് വിശദീകരണം തേടിയിരുന്നു.

ബ്രസീലിൽ നിന്നുള്ള നടിയും മോഡലുമാണ് ടീസറിൽ യഷിനൊപ്പം അഭിനയിച്ച ബിയാട്രിസ് ടൗഫെൻബാച്ച്. 2014 മുതൽ മോഡലിങ് കരിയർ ആരംഭിച്ച ബിയാട്രിസ് നല്ലൊരു ഗായിക കൂടിയാണ്. 'സെമിത്തേരി ഗേൾ' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഗീതു മോഹൻദാസ് ബിയാട്രിസിനെ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെടുത്തിയത്. സെമിത്തേരിയുടെ പശ്ചാത്തലത്തിലായിരുന്നു ടോക്‌സികിന്റെ ടീസർ.

യഷ് അവതരിപ്പിക്കുന്ന രായ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് ആയിരുന്നു താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തുവിട്ടത്. രണ്ടുമിനിറ്റ് 51 സെക്കൻഡ് ആണ് ടീസറിന്റെ ദൈർഘ്യം. മാർച്ച് 19-ന് 'ടോക്സിക്' പ്രദർശനത്തിനെത്തും.