രണ്ട് ദിവസംമുമ്പ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. ലോക ക്ലാസിക് ചിത്രം ​'ഗോഡ്ഫാദറി'ൽ മമ്മൂട്ടിയും മോഹൻലാലും ഫഹദ് ഫാസിലും അഭിനയിച്ചാൽ എങ്ങനെയിരിക്കും എന്നതായിരുന്നു വീഡിയോ. യഥാർത്ഥ സിനിമാരം​ഗത്തിലെ അഭിനേതാക്കളുടെ മുഖഭാവത്തിനോ ചുണ്ടുകളുടെ ചലനത്തിനോ പോലും വ്യത്യാസമില്ലാതെ നിർമിച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ കത്തിപ്പടർന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വീഡിയോ നിർമിച്ച ടോം ആന്റണി.

To advertise here,

വവ്വാൽ മനുഷ്യൻ എന്ന യൂട്യൂബ് ചാനൽവഴിയാണ് ടോം ആന്റണി വൈറൽ വീഡിയോയേക്കുറിച്ച് സംസാരിക്കുന്നത്. എ.ഐ. ആപ്ലിക്കേഷൻ ഉപയോ​ഗിച്ചാണ് ഈ വീഡിയോ നിർമിച്ചതെന്നും അത് വൈറലായതിൽ അഭിമാനമല്ല തോന്നുന്നതെന്നും ടോം പറഞ്ഞു. വീഡിയോ ഇത്രയും വൈറലാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇങ്ങനെയൊരു ടെക്നോളജി ഉണ്ടെന്ന് ആളുകളെ അറിയിക്കണമെന്ന് മാത്രമാണ് കരുതിയത്. എല്ലാവരും കരുതിയിരിക്കണം. ഈ വീഡിയോ കൃത്രിമമാണെന്ന് പലർക്കും മനസിലാവും. അത് അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണ്. ഇതിലും മികച്ചതായി വീഡിയോ നിർമിക്കാനറിയാം. പേടിയാകുന്നു, മൂന്ന് നാല് ദിവസമായി ശരിക്കുറങ്ങിയിട്ടെന്നും ടോം പറഞ്ഞു. 

"എ.ഐയുമായി ബന്ധപ്പെട്ട് ഒരുപാട് ആപ്ലിക്കേഷനുകളുണ്ട്. ചെറിയൊരു ആപ്ലിക്കേഷൻ ഉപയോ​ഗിച്ചാണ് ​ഗോഡ്ഫാദർ വീഡിയോ ഉണ്ടാക്കിയത്. ഇത് പുതിയതൊന്നുമല്ല, അഞ്ചു വർഷം മുമ്പിറങ്ങിയ ടെക്നോളജിയാണ്. ഇപ്പോഴാണ് ആൾക്കാർ അറിഞ്ഞുവരുന്നത്. ഞാനെന്തോ വലിയ ജീനിയസ് ആണെന്നു പറഞ്ഞ് ഒരുപാട് പ്രതികരണങ്ങൾ വന്നു. എന്നാൽ അങ്ങനെയല്ല, ഞാൻ നിങ്ങളെപ്പോലെ തന്നെയാണ്. ഒരാളുടെ ഫോട്ടോ കിട്ടിയാൽ മതി ആർക്കു വേണമെങ്കിലും ഇതു പോലുള്ള വീഡിയോകളുണ്ടാക്കാം. നിങ്ങൾ ഫെയ്സ്ബുക്കിൽ പണ്ട് പോസ്റ്റ് ചെയ്ത ഫോട്ടോ ആയാലും മതി. നിങ്ങളുടെ മുഖംവെച്ച് ഏത് രീതിയിലുള്ള ഫോട്ടോയും വീഡിയോ വേണമെങ്കിലും ഉണ്ടാക്കാം." ടോം തുടർന്നു.

താൻ പേടിച്ചാണ് സംസാരിക്കുന്നത്. താനുണ്ടാക്കി പോസ്റ്റ് ചെയ്ത വീഡിയോ വേറൊരാൾ ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. വൈറലായതോടെ ഇതെല്ലാം നിയന്ത്രിക്കാൻ പറ്റാതായി. ആദ്യം സന്തോഷിച്ചെങ്കിലും പതിയെപ്പതിയെ ഫോൺകോളുകളും മറ്റും വരാൻ തുടങ്ങി. എങ്ങനെയാണിത് ഉണ്ടാക്കിയതെന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. ഇനി ഇത്തരം വീഡിയോകൾ ഉണ്ടാക്കില്ലെന്ന് പറഞ്ഞ ടോം എ.ഐയുടെ ദുരുപയോ​ഗവുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.