ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രമായി 'സൗദി വെള്ളക്ക'യെ തിരഞ്ഞെടുത്തു. തിയേറ്ററുകളിലും ഒ.ടി.ടിയിലും മികച്ച പ്രേക്ഷക - നിരൂപക പ്രശംസകൾ നേടിയ ചിത്രം നിരവധി പുരസ്കാരങ്ങൾ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. കോടതിവിധികളിൽ വന്നുചേരുന്ന കാലതാമസം, കോടതികളിൽ വരുന്ന ഓരോ കേസുമായും ബന്ധപ്പെട്ടുള്ള മനുഷ്യരുടെ ജീവിതത്തെയും അവരുടെ ചുറ്റുമുള്ളവരെയും എത്രത്തോളം ബാധിക്കുന്നുവെന്ന് കാണിച്ചുതന്ന ഹൃദയസ്പർശിയായ ചിത്രമായിരുന്നു തരുൺ മൂർത്തി - സന്ദീപ് സേനൻ കൂട്ടുകെട്ടിലൊരുങ്ങിയ 'സൗദി വെള്ളക്ക'. 

To advertise here,

ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമ, ചെന്നൈ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡൽ അവാർഡ് കോംപറ്റീഷൻ), പൂനെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള എന്നീ ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. 

ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ്‌ സേനൻ നിർമ്മിച്ച സിനിമയാണ് സൗദി വെള്ളക്ക. സൂപ്പർഹിറ്റായ ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി എഴുതി സംവിധാനം ചെയ്ത സിനിമയുമാണ്.

ദേവി വർമ്മ, ലുക്മാൻ അവറാൻ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലൻ, റിയ സെയ്റ, ധന്യ അനന്യ എന്നിവർക്കൊപ്പം ശക്തമായ പ്രാധാന്യത്തോടെയുള്ള വേഷങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങൾ ചെയ്തിരുന്ന മലയാള സിനിമയിലെ ഒട്ടനവധി പ്ര​ഗത്ഭ കലാകാരികളും കലാകാരന്മാരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ജുഡീഷ്യറിയുടെ നൂലാമാലകളിൽ പെട്ടുപോകുന്ന സാധാരണക്കാരുടെ കഥ പറഞ്ഞ സിനിമ പ്രേക്ഷകർ ഒന്നടങ്കം തങ്ങളുടെ ഹൃദയത്തിലേക്കാണ് ഏറ്റെടുത്തത്. നമ്മുടെ കോടതികൾ മാറേണ്ടതുണ്ടെന്നും നിയമവ്യവസ്ഥകളും വ്യവഹാരങ്ങളും മാറേണ്ടതുണ്ടെന്നും കൂടിയായിരുന്നു ചിത്രം വരച്ചുകാട്ടിയത്. 

ചിത്രത്തിൽ ഐഷ റാവുത്തർ എന്ന പ്രായമേറിയ കഥാപാത്രമായി പുതുമുഖമായ ദേവി വർമ്മയുടെ മനസ്സ് തൊടുന്ന അഭിനയം ഏറെ പ്രശംസ നേടുകയുമുണ്ടായി. കോവിഡ് കാലത്ത് ഏറെ വെല്ലുവിളികളോടെയായിരുന്നു സിനിമയുടെ ഷൂട്ട് നടന്നത്. 

ഹരീന്ദ്രൻ ആണ് ചിത്രത്തിൻ്റെ സഹ നിർമാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പാലി ഫ്രാന്‍സിസ് .ഛായാഗ്രഹകൻ ശരൺ വേലായുധൻ. ശബ്ദ രൂപകൽപന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ (സൗണ്ട് ഫാക്ടർ), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), രചന: അൻവർ അലി, ജോ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, കലാസംവിധാനം: സാബു മോഹൻ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, ചമയം: മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്ക്രിപ്റ്റ് അസിസ്റ്റന്റ്: ധനുഷ് വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: അബു വളയംകുളം, സ്റ്റിൽസ്: ഹരി തിരുമല, പി.ആർ. ഓ: മഞ്ജു ഗോപിനാഥ്. പരസ്യകല: യെല്ലോ ടൂത്ത്.