തൃപ്പൂണിത്തുറ : 'ഐഷാ ഉമ്മ'യായി 85-ാം വയസ്സിൽ ജീവിച്ച് അഭിനയിച്ച ദേവി വർമയെ തേടി 2022-ലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. തരുൺമൂർത്തി രചനയും സംവിധാനവും നിർവഹിച്ച 'സൗദി വെള്ളക്ക' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദേവി വർമയ്ക്ക് പുരസ്കാരം ലഭിച്ചത്. അവാർഡ് വിവരം അറിഞ്ഞ് വടക്കേകോട്ടയിലെ കളഭം ഫ്ലാറ്റിൽ കുടുംബാംഗങ്ങൾക്കൊപ്പം ഏറെ സന്തോഷത്തിലാണ് ദേവി വർമ.

To advertise here,

തൃശ്ശൂർ വടക്കാഞ്ചേരി കണ്ണമ്പ്ര തറവാട്ടിൽനിന്ന് രവിവർമ തമ്പുരാന്റെ ഭാര്യയായാണ് തൃപ്പൂണിത്തുറയിൽ എത്തുന്നത്. തൃപ്പൂണിത്തുറയിലെ ശ്രീകല തിയേറ്റർ ഉടമയായിരുന്നു രവിവർമ തമ്പുരാൻ. മകൾ ശുഭ വർമയുടെ മകനും തിയേറ്റർ ആർട്ടിസ്റ്റുമായ സിദ്ധാർഥ് ഇൻസ്റ്റഗ്രാമിൽ ഇട്ട ദേവി വർമയുടെ ചിത്രം കണ്ടാണ് സൗദി വെള്ളക്കയുടെ സംവിധായകൻ തരുൺ അഭിനയിക്കാനാവശ്യപ്പെട്ടെത്തുന്നത്. ഈ സിനിമയിലെ മുഖ്യ കഥാപാത്രവും ദേവി വർമയായിരുന്നു.

പ്രായത്തിന്റെ പ്രയാസങ്ങൾ ഉണ്ടായിരുന്നെങ്കിലും നന്നായി ചിത്രത്തിൽ അഭിനയിച്ചു. ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സന്തോഷം തോന്നിയ ദിവസമെന്നാണ് അവാർഡിനെക്കുറിച്ച് ദേവി വർമയുടെ പ്രതികരണം. നേരിട്ടും ഫോണിലൂടെയുമായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന സന്തോഷത്തിലാണവർ.