തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് നായകനായ ജനനായകൻ റിലീസ് ഇനിയും നീളുമെന്ന സൂചന നൽകി നിർമാതാവ് വെങ്കട് കെ. നാരായണ. ചിത്രം റിലീസ് ചെയ്യാൻ സെൻസർ ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് വെങ്കട് നാരായണ പറഞ്ഞു. ക്ഷേത്രദർശനത്തിനെത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

To advertise here,

'സെൻസർ സർട്ടിഫിക്കറ്റിന് കാത്തിരിക്കുകയാണ്. ഉടൻ തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്. എത്രയും പെട്ടെന്ന് തന്നെ ചിത്രം റിലീസ് ചെയ്യും', മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് നിർമാതാവ് മറുപടി നൽകി.

'സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ റിലീസ് തീയതി പ്രഖ്യാപിക്കും. സർട്ടിഫിക്കറ്റ് കൈയിൽ കിട്ടിയാൽ കാലേക്കൂട്ടി തീയതി പറയും. വലിയ രീതിയിൽ തന്നെ ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യും', അദ്ദേഹം വ്യക്തമാക്കി.

'വിജയ് സർ തമിഴ്‌നാട് മുഖ്യമന്ത്രി ആയതിൽ സന്തോഷം. ജനനായകൻ എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോൾ അദ്ദേഹം തമിഴ്‌നാടിന്റെ ജനനായകനായിരിക്കുന്നു. സന്തോഷമുണ്ട്', വെങ്കട് കെ. നാരായണ കൂട്ടിച്ചേർത്തു.

കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറൽ വെങ്കട് കെ. നാരായണ നിർമിച്ച ചിത്രം സംവിധാനംചെയ്തിരിക്കുന്നത് എച്ച്. വിനോദ് ആണ്. പൊങ്കൽ റിലീസായി ജനുവരിയിലായിരുന്നു ചിത്രം പുറത്തിറങ്ങേണ്ടത്. സെൻസർ ബോർഡ് അനുമതി ലഭിക്കാത്തിനെത്തുടർന്നാണ് അഞ്ചുമാസത്തോളം റിലീസ് വൈകുന്നത്.