സിനിമയില്‍ തിരികെ വരാന്‍ ശ്രമിക്കുന്ന തനിക്കെതിരേ ശക്തമായ ഭീഷണിയും വധശ്രമവുമുണ്ടാകുന്നുവെന്ന് നടി തനുശ്രീ ദത്ത. ബോളിവുഡ് മാഫിയയും രാഷ്ട്രീയക്കാരും ദേശവിരുദ്ധ ശക്തികളുമാണ് ഇതിന് പിന്നിലെന്നും കടുത്ത മാനസിക സംഘര്‍ഷമാണ് താനനുഭവിക്കുന്നതെന്നും തനുശ്രീ പറയുന്നു. എന്തു തന്നെ വന്നാലും താന്‍ ആത്മഹത്യ ചെയ്യില്ലെന്ന് പറയുന്ന തനുശ്രീ എല്ലാവരും തനിക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ അറിയണമെന്നും പറയുന്നു. മീ ടൂ കാമ്പയിന് ഇന്ത്യയില്‍ തുടക്കം കുറിച്ച വ്യക്തികളില്‍ ഒരാളാണ് തനുശ്രീ. നാനാപടേക്കറിനെതിരേയായിരുന്നു തനുശ്രീയുടെ ആരോപണം.
തനുശ്രീയുടെ വാക്കുകള്‍
ഞാന്‍ തുടര്‍ച്ചയായി ഉപദ്രവിക്കപ്പെടുന്നു. ദയവ് ചെയ്ത് എന്തെങ്കിലും ചെയ്യൂ.
എന്റെ ആദ്യബോളിവുഡ് പ്രൊജക്ട് ഇല്ലാതാക്കുകയും എന്റെ കുടിവെള്ളത്തില്‍ മരുന്നും സ്റ്റിറോയ്ഡുകളും കലര്‍ത്തി എന്റെ ആരോഗ്യത്തിന് കാര്യമായ തകരാറുകള്‍ സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് ഞാന്‍ ഉജ്ജയിനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ എന്റെ വണ്ടിയുടെ ബ്രേക്കുകള്‍ കേടാക്കിയതിലൂടെ രണ്ട് വട്ടം എനിക്ക് അപകടം സംഭവിച്ചു. നാല്‍പ്പത് ദിവസത്തിന് ശേഷം ഞാന്‍ മുംബൈയിലേക്ക് തിരികെയെത്തി ജോലി ആരംഭിച്ചു. എന്നാല്‍ അതിവിചിത്രവും ഭീതിജനകവുമായ കാര്യങ്ങള്‍ എന്റെ ഫ്ലാറ്റിനരികില് സംഭവിച്ചു.
ഞാന്‍ ആത്മഹത്യ ചെയ്യുകയില്ല. ഞാന്‍ എങ്ങോട്ടും പോകുകയുമില്ല. ഞാന്‍ എന്റെ കരിയര്‍ പുനര്ജീവിപ്പിക്കുന്നതിനും ഉയരങ്ങളിലേക്കെത്താനുമാണ് ശ്രമിക്കുന്നത്.
ബോളിവുഡ് മാഫിയയും മുംബൈയിലെ പഴയ ചില രാഷ്ട്രീയ സംഘങ്ങളും ദേശവിരുദ്ധ ശക്തികളുമാണ് ഇതുപോലെ ഒരാളെ ദ്രോഹിക്കുക. മീ ടൂവിലൂടെ ഞാന്‍ മുഖംമൂടിയഴിച്ചവരാണ് അതിന് പിറകിലെന്ന് കരുതുന്നു. അല്ലെങ്കില്‍ ഒരാളെ ഇങ്ങനെ ദ്രോഹിക്കുമോ. നിങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു. നീതിയ്ക്ക് വേണ്ടി നിലകൊണ്ടാല്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നിടത്താണ് നമ്മള്.
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണവും സൈനിക ഭരണവും സ്ഥാപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇവിടെ കാര്യങ്ങള്‍ ശരിക്കും കൈവിട്ടുപോകുന്നു. എന്നെപ്പോലുള്ള സാധാരണക്കാര്‍ കഷ്ടപ്പെടുന്നു. ഇവിടെ ഗുരുതരമായ എന്തെങ്കിലും സംഭവിക്കേണ്ടതുണ്ട്. ഇന്ന് ഞാനാണ്, നാളെ നീയും ആകാം.
Content Highlights: Tanushree Dutta,on being harassed, Instagram post, Me Too campaign
Published: 20 Jul 2022, 08:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented