കഴിഞ്ഞ മാസം 16ാം തീയതിയാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന് മോഷ്ടാവില്‍നിന്ന് കുത്തേറ്റത്. ആറ് മുറിവുകളുമായി ആശുപത്രിയിലെത്തിയ താരം പിന്നീട് സുഖം പ്രാപിച്ച് ആശുപത്രി വിട്ടിരുന്നു. സംഭവം നടന്ന് മൂന്ന് ആഴ്ച പിന്നിടുമ്പോള്‍ ആദ്യമായി ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. ഡല്‍ഹി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് ആക്രമണത്തെ കുറിച്ച് ആദ്യമായി മനസ് തുറന്നിരിക്കുന്നത്.

To advertise here,

തനിക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ മകന്‍ തൈമൂറിന്റെ പ്രതികരണത്തെ കുറിച്ചാണ് സെയ്ഫ് പറയുന്നത്. "അക്രമിയുടെ കുത്തേറ്റ് എന്റെ വസ്ത്രം ചോരയില്‍ കുതിര്‍ന്നിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിക്കാനായി വീടിന് പുറത്ത് വണ്ടി അന്വഷിക്കുകയായിരുന്നു കരീനയും മക്കളും. കരീന ആരെയൊക്കെയോ ഫോണില്‍ വിളിച്ചു. പക്ഷെ വണ്ടിയൊന്നും കിട്ടിയില്ല. എല്ലാവരും ആശങ്കയിലായി. കുഞ്ഞ് തൈമൂര്‍ എന്റെ മുഖത്ത് നോക്കി. എന്നോട് ചോദിച്ചു- പപ്പാ മരിക്കാന്‍ പോവുകയാണോ? ഞാന്‍ അല്ലെന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു."

അപ്പോള്‍ തൈമൂര്‍ ശാന്തനായിരുന്നുവെന്ന് സൈഫ് ഓര്‍ത്തു. "അവന്‍ എന്റെ കൂടെ ആശുപത്രിയിലേക്ക് വരുന്നു എന്ന് പറഞ്ഞു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവന്‍ കൂടെയുണ്ടാവണമെന്ന് എനിക്ക് തോന്നി. അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ തന്നെ എനിക്ക് ആശ്വാസം ലഭിക്കുന്നുണ്ടായിരുന്നു. ഒറ്റക്ക് പോകാന്‍ താല്‍പര്യവുമുണ്ടായിരുന്നില്ല. അവന്‍ കൂടെയുണ്ടെങ്കില്‍ നല്ലതാണെന്ന് കരീനയ്ക്കും തോന്നിയിരിക്കണം. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് നന്നായെന്ന് തോന്നുന്നു. എനിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അവന്‍ എന്റെ കൂടെ വേണമായിരുന്നു. എന്റെ കൂടെ വരണമെന്ന് അവനും തോന്നി.- സെയ്ഫ് പറഞ്ഞു.

കുത്തുകളേറ്റ് ചോരവാര്‍ന്നുകൊണ്ടിരിക്കുന്ന നിലയിലാണ് സെയ്ഫിനെ ആശുപത്രിയിലെത്തിച്ചത്. മകന്‍ ഇബ്രാഹിമായിരുന്നു ഓട്ടോയില്‍ സെയ്ഫിന്റെ കൂടെയുണ്ടായിരുന്നത് എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് ഇത് തൈമൂറാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു.
കേസിലെ പ്രതിയായ ബംഗ്ലാദേശ് പൗരന്‍ ഷരീഫുള്‍ ഇസ്ലാമിനെ താനെയില്‍നിന്ന് പോലീസ് അറസ്റ്റുചെയ്തു. ജനുവരി 21 നാണ് സെയ്ഫ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായത്.