ന്യൂഡൽഹി: പാകിസ്താനിൽ നിന്നുള്ള ഉള്ളടക്കങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നെറ്റ്ഫ്ലിക്‌സിന് നിർദ്ദേശം നൽകി. നെറ്റ്ഫ്‌ളിക്്‌സിന്റെ ആദ്യ പാകിസ്താൻ ഒറിജിനൽ വെബ് സീരീസായ 'ജോ ബച്ചേ ഹെയിൻ സംഗ് സമേത് ലോ'യുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഈ നടപടി. ഡിസംബർ നാലിന് ആഗോളതലത്തിൽ റിലീസ് ചെയ്യാനിരിക്കുന്ന ഈ വെബ് സീരീസ് ഇന്ത്യയിലും സ്ട്രീം ചെയ്‌തേക്കുമെന്ന ആശങ്കകളെയും നിരവധി പരാതികളെയും തുടർന്നാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.

To advertise here,

പാകിസ്താനിൽ നിന്നുള്ള എല്ലാ ഉള്ളടക്കങ്ങളും നിർത്തലാക്കണമെന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും മറ്റ് ഡിജിറ്റൽ മാധ്യമങ്ങൾക്കും 2025 മേയ് എട്ടിന് മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇത് കർശനമായി പാലിക്കാൻ മന്ത്രാലയം നെറ്റ്ഫ്ലിക്‌സിനോട് ആവശ്യപ്പെട്ടതായാണ് വിവരം. 2021-ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്​ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) ചട്ടങ്ങൾ പ്രകാരമുള്ള പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ നടപടി. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, ദേശീയ സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, പൊതുസമാധാനം എന്നിവയെ ബാധിച്ചേക്കാവുന്ന ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുമ്പോൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഈ ചട്ടം നിഷ്‌കർഷിക്കുന്നു.

2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ദേശീയ സുരക്ഷ മുൻനിർത്തി മന്ത്രാലയം അന്ന് ഈ നിർദേശം പുറപ്പെടുവിച്ചത്. പാകിസ്താനിൽ നിന്നുള്ള സിനിമകളോ സീരീസുകളോ ഇന്ത്യയിലെ വരിക്കാർക്കായി ലഭ്യമാക്കിയിട്ടില്ലെന്ന് കഴിഞ്ഞ വർഷം ജൂണിൽ നെറ്റ്ഫിളിക്‌സ് മന്ത്രാലയത്തെ അറിയിച്ചിരുന്നു. അന്ന് നൽകിയ ആ ഉറപ്പിൽ നെറ്റ്ഫ്‌ളിക്‌സ് ഉറച്ചുനിൽക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

അന്താരാഷ്ട്രതലത്തിൽ 'ഓൾ ദി ലവ് അവർ ഹാർട്ട്‌സ് ക്യാരി' എന്ന പേരിലും പ്രമോട്ട് ചെയ്യപ്പെടുന്ന 'ജോ ബച്ചേ ഹെയിൻ സംഗ് സമേത് ലോ', പാകിസ്താൻ എഴുത്തുകാരി ഫർഹത്ത് ഇഷ്തിയാഖിന്റെ ഇതേ പേരിലുള്ള ഉറുദു നോവലിനെ ആസ്പദമാക്കി നിർമിച്ച റൊമാന്റിക് ഡ്രാമയാണ്. ഫവാദ് ഖാൻ, മാഹിറ ഖാൻ, സനം സയീദ്, അഹദ് റാസ മിർ, ഹനിയ ആമിർ, ഹംസ അലി അബ്ബാസി, ഇഖ്റ അസീസ്, മായ അലി, ബിലാൽ അഷ്റഫ് തുടങ്ങിയവരാണ് ഇതിൽ അഭിനയിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക വിഭാഗത്തിന് കീഴിൽ നിർമിച്ച ഈ സീരീസ് പാകിസ്താൻ, ഇറ്റലി, യു.കെ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.

നേരത്തെ, ഈ സീരീസിനെതിരെ ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ (എ.ഐ.സി.ഡബ്ല്യു.എ) നെറ്റ്ഫ്‌ളിക്‌സിന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. റിലീസിന് മുൻപ് സീരീസ് ഇന്ത്യൻ കാറ്റലോഗിൽ നിന്ന് നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യയിലെ ഓഫീസ് ഉപരോധിക്കുമെന്നും രാജ്യവ്യാപകമായി ബഹിഷ്‌കരണ ക്യാമ്പയിൻ നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകനും ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളുമായ ഹാഫിസ് സയീദിനെ പിന്തുണച്ച് മുൻപ് പ്രസ്താവനകൾ നടത്തിയിട്ടുള്ള പാക് താരം ഹംസ അലി അബ്ബാസിക്ക് നെറ്റ്ഫ്‌ളിക്‌സ് വേദിയും പ്രതിഫലവും നൽകുന്നുവെന്നും സംഘടന ആരോപിച്ചു. 'പാകിസ്താൻ എന്നുമൊരു ഭീകരരാജ്യമാണ്. അവരുടെ സീരീസുകൾക്കോ സിനിമകൾക്കോ പാട്ടുകൾക്കോ പോഡ്കാസ്റ്റുകൾക്കോ മറ്റ് ഉള്ളടക്കങ്ങൾക്കോ ഇന്ത്യൻ സ്‌ക്രീനുകളിൽ സ്ഥാനമില്ല,' പ്രധാനമന്ത്രി നരേന്ദ്ര മോദി, നെറ്റ്ഫ്‌ളിക്‌സ്, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവർക്ക് അയച്ച കത്തിൽ സംഘടന വ്യക്തമാക്കി.