സുസ്മിത സെന്നിന്റെ സഹോദരന്‍ രാജീവ് സെന്നും നടി ചാരു അശോപയും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. 2019 ജൂലായ് 11 നായിരുന്നു ഇവരുടെ വിവാഹം. ​ഗോവയിലും മുംബെെയിലും വച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപെ ഇരുവരും വേർപിരിഞ്ഞുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

To advertise here,

ഇതിന് മറുപടി പറയുകയാണ് രാജീവ് സെൻ. വേർപിരിഞ്ഞുവെന്ന് പറഞ്ഞില്ലെങ്കിലും തങ്ങളുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടെന്ന് രാജീവ് സെൻ  ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചാരുവുമായി അടുപ്പമുള്ള ആരോ അവരുടെ തീരുമാനങ്ങളെ തെറ്റായ രീതിയിൽ സ്വാധീനിക്കുന്നുവെന്നും രാജീവ് സെൻ പറയുന്നു. ''അവർ നിഷ്കളങ്കയായ ഒരു പെൺകുട്ടിയാണ്. ചാരുവിന്റെ സുഹൃത്തുക്കളിൽ ആരോ ഒരാളാണ് ഈ പ്രചരണങ്ങൾക്ക് പിന്നിൽ. അയാളെ ഞാൻ കണ്ടെത്തിയാൽ തീർച്ചയായും പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരും''- രാജീവ് സെൻ കൂട്ടിച്ചേർത്തു.

രാജീവ് സെനിന്റെ അഭിമുഖം ചർച്ചയായതോടെ മറുപടിയുമായി ചാരു അശോപ രം​ഗത്തെത്തി. താൻ പ്രായപൂർത്തിയായ പക്വതയുള്ള ഒരു വ്യക്തിയാണെന്നും മറ്റൊരാൾക്ക് തന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

''രാജിവിന്റെ തീരുമാനങ്ങളിലാണ് മറ്റുള്ളവരുടെ സ്വാധീനം വ്യക്തമാകുന്നത്. അല്ലെങ്കിൽ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഞങ്ങളുടെ വിവാഹ ചിത്രങ്ങൾ അദ്ദേഹം എന്തിന് നീക്കം ചെയ്തു? ഞാൻ നിഷ്കളങ്കയാണെന്ന് അദ്ദേഹം പറയുന്നു. അങ്ങനെയാണെങ്കിൽ ഒന്നാം വിവാഹവർഷികത്തിന് മുൻപ് എന്തുകൊണ്ടാണ് അദ്ദേഹം മുംബെെയിലെ വീട് വിട്ടുപോയത്. അതാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. എനിക്കെന്റെ ജീവിതം പൊതുസമൂഹത്തിന് മുന്നിലേക്ക് ഇട്ടുകൊടുക്കാൻ താൽപര്യമില്ല. അതുകൊണ്ടാണ് മൗനം പാലിച്ചത്''- ചാരു അശോപ പറഞ്ഞു.

Content Highlights: Sushmita Sen's Brother Rajeev sen On Separation Rumour, Charu Asopa