തമിഴ് സൂപ്പർതാരം സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ആന്റണി വർഗീസ്. സൂര്യ നായകനാകുന്ന വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെയാണ് ആന്റണി തങ്ങളൊരുമിച്ചുള്ള ചിത്രം പുറത്തുവിട്ടത്. ഈ ചിത്രം പങ്കുവയ്ക്കാൻ 276 ദിവസം കാത്തിരുന്നുവെന്ന് പെപ്പേ പറഞ്ഞു. വിശ്വനാഥ് ആൻഡ് സൺസ് സിനിമയുടെ സെറ്റിൽ വെച്ചാണ് സൂര്യയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

‘‘മറ്റൊരു ഫാൻ ബോയ് നിമിഷം ക്യാമറയിൽ പകർത്തി. ഈ ചിത്രം പങ്കുവയ്ക്കാൻ 276 ദിവസമാണ് കാത്തിരുന്നത്. വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയത്. അവിടെ വച്ച്, കഠിനമായ ഒരു സംഘട്ടന രംഗം അദ്ദേഹം മികച്ചതാക്കി മാറ്റുന്നത് ഞാൻ കണ്ടു. അദ്ദേഹവുമായി കുറച്ചു സംസാരിക്കാനും ഒരു ഫ്രെയിമിൽ ഒരുമിച്ചെത്താനും കഴിഞ്ഞതിൽ വലിയ സന്തോഷം. സൂര്യ സാറിനും പ്രിയപ്പെട്ട വെങ്കി അറ്റ്ലൂരിക്കും ഒരു ബ്ലോക്ക്ബസ്റ്റർ യാത്ര ആശംസിക്കുന്നു.’’–ആന്റണി ചിത്രത്തിനൊപ്പം കുറിച്ചു.

നാൽപ്പതുകളിലുള്ള പ്രൊഫഷണൽ ഷൂട്ടറായ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായാണ് വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിൽ സൂര്യ എത്തുന്നത്. മമിത ബൈജുവാണ് നായിക. രാധിക ശരത്കുമാറും രവീണ ടണ്ഠണും പ്രധാനവേഷങ്ങൾ അവതരിപ്പിക്കും. സിത്താര എന്റർടെയ്ൻമെന്റ്‌സിന്റേയും ഫോർച്യൂൺ ഫോർ സിനിമാസിന്റേയും ശ്രീകര സ്റ്റുഡിയോസിന്റേയും ബാനറിൽ നാഗവംശിയും സായ് സൗജന്യയും ചിത്രം നിർമിക്കുന്നു. ജൂലായിൽ ചിത്രം പുറത്തിറങ്ങും.

നഹാസ് ഹിദായത്ത് സംവിധാനംചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം അയാം ഗെയിം, ക്യൂബ്സ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്നിവയാണ് ആന്റണി വർഗീസിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.