
ഗദർ 2 എന്ന ചിത്രം തിയേറ്ററുകൾ നിറച്ചോടുന്നതിന്റെ സന്തോഷത്തിലാണ് നടൻ സണ്ണി ഡിയോൾ. 450 കോടിയിലേറെ രൂപയാണ് ആഗോളതലത്തിൽ ചിത്രം ഇതുവരെ നേടിയത്. വർഷങ്ങൾക്ക് മുമ്പിറങ്ങിയ ഗദർ: ഏക് പ്രേം കഥ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിപ്പോൾ പുറത്തുവന്നത്. ആദ്യഭാഗവും ബോളിവുഡിലെ വമ്പൻ ഹിറ്റായിരുന്നു. ആദ്യഭാഗത്തിന്റെ വിജയത്തേത്തുടർന്നും തനിക്ക് കാര്യമായ അവസരങ്ങൾ ലഭിച്ചില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സണ്ണി ഡിയോൾ ഇപ്പോൾ.
ബിബിസി യു.കെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗദർ: ഏക് പ്രേം കഥ എന്ന ചിത്രം വിജയിച്ചിട്ടും കരിയറിൽ കഷ്ടപ്പെടേണ്ടിവന്നതിനേക്കുറിച്ച് സണ്ണി ഡിയോൾ പറഞ്ഞത്. ഗദറിനുമുമ്പ് തനിക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സണ്ണി പറഞ്ഞു. ഒരുപാടുപേർ അഭിനന്ദിച്ച ഈ നൂറ്റാണ്ടിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ് ഗദർ എങ്കിലും ആ ചിത്രം ഇറങ്ങിയശേഷവും തനിക്ക് അവസരങ്ങൾ വേണ്ടപോലെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള കാരണം ചോദിച്ചപ്പോൾ ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നും ഹിന്ദി സിനിമാ വ്യവസായം എങ്ങനെ ബോളിവുഡായി മാറുകയാണെന്നും താരം പറഞ്ഞു. ഹിന്ദി സിനിമാ മേഖല കോർപ്പറേറ്റുകൾ ഏറ്റെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2001-ലാണ് ഗദർ: ഏക് പ്രേം കഥ തിയേറ്ററുകളിലെത്തിയത്. താരാസിംഗ് എന്ന നായക വേഷത്തിലാണ് സണ്ണി ഡിയോൾ എത്തിയത്. സക്കീനയായി അമീഷ പട്ടേലും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാവുകയും ചെയ്തു ചിത്രം. താരാ സിംഗായുള്ള സണ്ണി ഡിയോളിന്റെ പ്രകടനം ആരാധകർക്ക് ഇഷ്ടപ്പെട്ടിരുന്നു. മികച്ച കഥയും സംഗീതവും ചിത്രത്തെ സൂപ്പർഹിറ്റിലേക്ക് നയിച്ചു. ഇതേ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിപ്പോൾ തിയേറ്ററുകളിലെത്തിയിരിക്കുന്നത്.
440 കോടി രൂപയാണ് ഗദർ 2 ഇതുവരെ ആഗോളതലത്തിൽ വാരിക്കൂട്ടിയത്. അഞ്ഞൂറ് കോടി കളക്ഷനിലേക്ക് കുതിക്കുന്ന ചിത്രം യഷ് നായകനായി കെ.ജി.എഫ്: ചാപ്റ്റർ 2ന്റെ കളക്ഷനാണ് മറികടന്നത്. പാകിസ്താനിലകപ്പെട്ടുപോയ സ്വന്തം മകനെ രക്ഷപ്പെടുത്താനുള്ള താരാസിംഗിന്റെ ശ്രമങ്ങളാണ് ഗദർ 2 പറയുന്നത്. ഉത്കർഷ് ശർമയാണ് താരാസിംഗിന്റെ മകനായ ചരൺജിത്ത് സിംഗിനെ അവതരിപ്പിക്കുന്നത്.
Content Highlights: sunny deol about his life after the success of gadar, gadar ek prem katha, gadar 2
Published: 27 Aug 2023, 08:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented