ഉയരത്തില് നില്ക്കുമ്പോള് വീഴ്ചയുടെ ആഘാതം വളരെ കൂടുതലായിരിക്കും. പ്രത്യേകിച്ച് സിനിമയില്. ഒരു കാലത്ത് സിനിമയില് സൂപ്പര്താരങ്ങളായി തിളങ്ങിയവര് പിന്നീട് ഒന്നുമല്ലാതായി തീരുകയും ക്രമേണ സിനിമയോട് വിടപറഞ്ഞ് മറ്റു മേഖലകളിലേക്ക് തിരിയുന്നതുമെല്ലാം പുതുമയുള്ള കാര്യമല്ല. അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നു പോവുകയായിരുന്നു സണ്ണി ഡിയോള്.
ഹിന്ദി സിനിമയിലെ സൂപ്പര്താരം ധര്മേന്ദ്രയുടെ മകന് എന്ന മേല്വിലാസത്തില് സിനിമയില് അരങ്ങേറ്റം കുറിച്ച സണ്ണി ഡിയോള് 1980-90 കാലഘട്ടത്തില് വിലയേറിയ താരങ്ങളിലൊരാളായിരുന്നു. ഷമ്മി കപൂര്, അമൃത സിംഗ് എന്നിവര്ക്കൊപ്പമുള്ള ബേതാബ്, പാപ് കി ദുനിയ, ത്രിദേവ്, ഖയാല്, ദാമിനി, ഡര്, ജീത്, ഘട്ടക്, ബോര്ഡര്, ഗദര് എക് പ്രേം കഥ എന്നിങ്ങനെ ഒട്ടേറെ ഹിറ്റുകള് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.
എന്നാല് 2000 ത്തിന് ശേഷം സണ്ണിയുടെ ജീവിതം മാറി മറഞ്ഞു. 2001 ല് പുറത്തിറങ്ങിയ ഇന്ത്യന് എന്ന ചിത്രത്തിന് ശേഷം സണ്ണിയുടെ ചിത്രങ്ങളെല്ലാം ബോക്സ്ഓഫീസില് തകര്ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഒരു സിനിമ വിജയിക്കുമ്പോള് അതിന് ലഭിക്കുന്ന പ്രശംസയുടെ ഭൂരിഭാഗം പങ്ക് പറ്റുന്നതും നായകന്മാരായിരിക്കും. അതുകൊണ്ടു തന്നെ പരാജയം സംഭവിക്കുമ്പോള് ഒഴിയാന് സാധിക്കാതെ വരും. സണ്ണി ഡിയോളിന് സംഭവിച്ചതും അതു തന്നെയാണ്. സിനിമകള് തുടര്ച്ചയായി പരാജയപ്പെട്ടതോടെ നിര്മാതാക്കള്ക്കിടയില് സണ്ണി ഡിയോള് ഭാഗ്യമില്ലാത്ത നായകനായി. സണ്ണിയാണ് നായകനെങ്കില് പണം മുടക്കാന് എല്ലാവരും മടിച്ചു. അതിനിടെ ഏതാനും സിനിമകളില് സഹനടനായി വേഷമിട്ടുവെങ്കിലും ആ സിനിമകളും വലിയ വിജയം നേടുകയോ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള് ശ്രദ്ധനേടുകയോ ചെയ്തില്ല.
സിനിമകള് പരാജയപ്പെട്ടതോടെ സണ്ണി കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലേക്ക് പോയി. സിനിമയില് നിന്ന് മാറി നിന്നില്ലെങ്കിലും ബോളിവുഡിലെ സൗഹൃദവലയങ്ങളില് നിന്ന് അദ്ദേഹം അകന്നുനിന്നു. ആരാധകരോ ആരവങ്ങളോ ഇല്ലാതെ വര്ഷങ്ങള് കടന്നുപോയി. 2023 ല് ഗദര് 2 ലൂടെ അതിനെ തിരുത്തിക്കുറിച്ചിരിക്കുകയാണ് സണ്ണി.
2001 ല് പുറത്തിറക്കിയ ഗദര് ആദ്യഭാഗത്തിന്റെ രണ്ടാംഭാഗമാണ് ഗദര് 2. ആദ്യഭാഗമൊരുക്കിയ അനില് ശര്മയാണ് ചിത്രത്തിന്റെ സംവിധായകന്. നായികയായി അമീഷ പട്ടേലും. കരിയറില് കഹോനാ പ്യാര് ഹേ, ഗദര്1 തുടങ്ങിയ ചിത്രങ്ങള് വലിയ വിജയമായിരുന്നുവെങ്കിലും അതിന് ശേഷം അമീഷയ്ക്ക് സിനിമയിലും വ്യക്തി ജീവിതത്തിലും കടുത്ത പ്രതിസന്ധികള് നേരിടേണ്ടി വന്നു. കരാര് ചെയ്ത പല സിനിമകളില് നിന്നും ഒഴിവാക്കപ്പെട്ടു. ഒരു തരത്തില് അമീഷയുടെ തിരിച്ചുവരവിനും വഴിയൊരുക്കിയിരിക്കുകയാണ് ഗദര് 2.
ഗദര് 2ന്റെ ചര്ച്ചകള് പുരോഗമിക്കവേ തുടക്കത്തില് നിര്മാണം ഏറ്റെടുക്കാന് ആരും തയ്യാറായില്ല. ഒടുവില് സംവിധായകന് തന്നെയാണ് ഇറങ്ങിപ്പുറപ്പെട്ടത്. ക്രമേണ സീ സ്റ്റുഡിയോസും എം.എം മൂവീസും നിര്മാണത്തിന്റെ ഭാഗമായി. വെറും 80 കോടി മുതല്മുടക്കില് ഒരുക്കിയ ചിത്രം 400 കോടിയും കവിഞ്ഞ് തിയേറ്ററുകളില് വിജയകരമായി പ്രദര്ശനം തുടരുകയാണ്. ഹിന്ദി സിനിമയില് ഈ വര്ഷം പുറത്തിറങ്ങിയ ചിത്രങ്ങളില് ഷാരൂഖ് ഖാന് നായകനായ പഠാന് ശേഷം ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഗദാര് 2. പഠാന് റെക്കോഡ് ഗദാര് 2 തകര്ക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
1947 ല് ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന ഒരു പ്രണയകഥയാണ് ഗദര് എക് പ്രേം കഥയുടെ പ്രമേയം. 22 വര്ഷങ്ങള്ക്കിപ്പുറം രണ്ടാംഭാഗത്തില് 1971 ലെ ഇന്ത്യ-പാക്ക് യുദ്ധമാണ് പശ്ചാത്തലം. താരാസിങ് (സണ്ണി ഡിയോള്)- സക്കീന (അമീഷ പട്ടേല്) ദമ്പതിമാരുടെ ജീവിതമാണ് ചിത്രത്തില് അവതരിപ്പിക്കുന്നത്. സമാധാനപരമായി മുന്നോട്ടുപോയികൊണ്ടിരുന്ന താരാസിങിന്റെ കുടുംബത്തില് സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
56 കോടിയുടെ ബംഗ്ലാവും ജപ്തിയും വിവാദവും
ഗദര് 2 വിജയകരമായി പ്രദര്ശനം തുടരവെയാണ് സണ്ണി ഡിയോളിന് ജപ്തി നോട്ടീസ് ലഭിച്ചതായുള്ള വാര്ത്തകള് പുറത്ത് വന്നത്. വായ്പ്പയെടുത്തിനെ തുടര്ന്ന് ബാങ്കിന് ലഭിക്കാനുള്ള 56 കോടി രൂപ തിരിച്ചുപിടിക്കുന്നതിനായി താരത്തിന്റെ മുംബൈയിലെ ബംഗ്ലാവ് ലേലം ചെയ്യുന്നുവെന്നായിരുന്നു റിപ്പോര്ട്ടുകള്. പിന്നീട് സണ്ണിയ്ക്ക് നല്കിയ ഇ-ലേല നോട്ടീസ് പിന്വലിച്ചതായി ബാങ്ക് ഓഫ് ബറോഡ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സാങ്കേതിക കാരണങ്ങളാലാണ് നോട്ടീസ് പിന്വലിക്കുന്നതെന്നാണ് വിശദീകരണം. ബാങ്ക് ഓഫ് ബറോഡയില് നിന്നെടുത്ത 55.99 കോടി രൂപയുടെ വായ്പ 2022 ഡിസംബര് മുതല് സണ്ണി ഡിയോള് തിരിച്ചടച്ചിട്ടില്ല. സണ്ണി വില്ല എന്നറിയപ്പെടുന്ന ജുഹുവിലെ വസ്തുക്കളുടെ ലേലം നടത്തുമെന്നാണ് ബാങ്ക് അറിയിച്ചിരുന്നത്. 2002-ലെ സര്ഫാസി നിയമത്തിലെ വ്യവസ്ഥകള് അനുസരിച്ച് ലേലം തടയുന്നതിനായി കുടിശികയുള്ള പണം അദ്ദേഹത്തിന് അടയ്ക്കാമെന്നും ബാങ്ക് വ്യക്തമാക്കി.
Content Highlights: Gadar 2 box office collection, sunny Deol, Ameesha Patel, Anil Sharma, Bollywood hits, Movies
Published: 23 Aug 2023, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented