അന്തരിച്ച പിന്നണിഗായിക എസ്.ജാനകിയെ അനുസ്മരിച്ച് ഗായിക സുജാത മോഹൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് തനിക്കും മകളും ഗായികയുമായ ശ്വേതയ്ക്കുമൊപ്പമുള്ള എസ്.ജാനകിയുടെ ചിത്രംസഹിതം സുജാത വൈകാരിക കുറിപ്പ് പങ്കുവെച്ചത്. വാക്കുകൾ മൗനമാകുന്നുവെന്നും‍ അമ്മയുടെ വേർപാട് ജീവിതത്തിൽ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണെന്നും സുജാത കുറിച്ചു.

To advertise here,

പാടുന്ന ഓരോ സ്വരത്തിലും നേടുന്ന ഓരോ വിജയത്തിലും അമ്മയുടെ സ്നേഹവും അനുഗ്രഹവും എന്നും ജീവിച്ചിരിക്കുമെന്നും സുജാത കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്...

വാക്കുകൾ മൗനമാകുന്നു...

ഗുരുവായി ഞങ്ങളുടെ കൈപിടിച്ച് നടത്തിയതിന്...

വഴികാട്ടിയായി വെളിച്ചമായതിന്...

സ്വപ്നങ്ങൾക്ക് ആത്മവിശ്വാസം പകർന്നതിന്...

ഞങ്ങളുടെ വിജയങ്ങളിൽ ആത്മാർത്ഥമായി സന്തോഷിച്ചതിനും,

ഞങ്ങളുടെ കണ്ണീരിൽ ചേർന്നു നിന്നതിനും,

ഞങ്ങളെ ശിഷ്യരായി മാത്രമല്ല,

സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചതിനും...

ഞങ്ങൾ പാടുന്ന ഓരോ സ്വരത്തിലും,

ഞങ്ങൾ നേടുന്ന ഓരോ വിജയത്തിലും,

അമ്മയുടെ സ്നേഹവും അനുഗ്രഹവും എന്നും ജീവിച്ചിരിക്കും.

അമ്മയുടെ വേർപാട് ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ്...

കണ്ണീരിൽ കുതിർന്ന ഹൃദയത്തോടെ...

അമ്മയ്ക്ക് ഞങ്ങളുടെ അശ്രുപൂജയും പ്രണാമവും

ഇന്ത്യ കണ്ട ഏറ്റവും മികച്ച പിന്നണിഗായികമാരിൽ ഒരാളായ എസ്. ജാനകി ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. അസുഖബാധിതയായി ചികിത്സയിലായിരുന്നു. മൈസൂരുവിൽ വെച്ചായിരുന്നു അന്ത്യം. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്. 1200-ൽ പരം മലയാള സിനിമാഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്.