എടപ്പാൾ : അദ്‌ഭുതങ്ങൾ കാണിച്ച് പാതിവഴിയിൽ നിലച്ച സൂഫിസംഗീതംപോലെയാണ് ‘സൂഫിയും സുജാതയും’ സിനിമയിലെ സൂഫി വിടപറയുന്നത്. സമാനമായ വിടവാങ്ങലാണ് ഷാനവാസിന്റെതും. സിനിമയിൽ ഏറെചെയ്യാൻ ബാക്കിവെച്ച് അകാലത്തിൽ ഒരു വിടവാങ്ങൽ.

To advertise here,

സൂഫിയും സുജാതയും സിനിമ കണ്ട് അഭിനന്ദനവുമായി നടന്ന നരണിപ്പുഴക്കാർ പോലും അത് തങ്ങളുടെ നാട്ടുകാരൻ സംവിധാനം ചെയ്ത സിനിമയാണെന്നറിഞ്ഞിരുന്നില്ല. അത്രയും സാധാരണക്കാരനായിരുന്നു ബുധനാഴ്ച അന്തരിച്ച ഷാനവാസ് നരണിപ്പുഴ.

അടങ്ങാത്ത സിനിമാമോഹം മനസ്സിൽ കൊണ്ടുനടന്നപ്പോഴും ഉറ്റ ചങ്ങാതിമാരല്ലാത്തവരൊന്നും ഷാനവാസിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ഈ ഭ്രമത്തെക്കുറിച്ചോ അറിഞ്ഞിരുന്നില്ല.

പഠനത്തിനുശേഷം ചങ്ങരംകുളത്തെ പ്രാദേശികപത്രമായ ദേശധ്വനിയിൽ എഡിറ്ററായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതമാരംഭിച്ചത്. പല്ലവി സിനിമയിൽ ദേവീ ക്ഷേത്രനടയിൽ എന്ന ഗാനമെഴുതിയ പരത്തുള്ളി രവീന്ദ്രനും ഇവിടെയുണ്ടായിരുന്നു. ഇദ്ദേഹവുമായുള്ള അടുപ്പംകൂടിയായതോടെ സിനിമാമോഹം കടുത്തു.

നാല് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിറക്കുകയും അവ പല പ്രദർശനങ്ങളിലും അഭിനന്ദനങ്ങൾ നേടുകയും ചെയ്തതോടെ തന്റെ മേഖല ഇതാണെന്ന് ഷാനവാസ് ഉറപ്പിച്ചു. എടപ്പാളിൽ എഡിറ്റിങ് പഠിപ്പിക്കുന്ന സ്ഥാപനമാരംഭിച്ചെങ്കിലും അതും ഇതിനിടയിൽ നിർത്തി.

പിന്നീടാണ് 2105-ൽ മലയാളിയുടെ ജാതീയത പ്രമേയമാക്കി ഒരുക്കിയ ‘കരി’ നിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീടാണ് ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയുമെന്ന മനോഹരമായ ചിത്രം തിരക്കഥയെഴുതി സംവിധാനംചെയ്തത്.

പ്രശസ്തിയുടെ ഈ ഘട്ടത്തിൽ തന്റെ മനസ്സിലെ മറ്റു ചില പദ്ധതികൾക്കുള്ള പ്രവർത്തനങ്ങൾക്കിടയിലാണ് ഇദ്ദേഹത്തെ മരണം തട്ടിയെടുക്കുന്നത്.

ശ്രദ്ധേയനായത് മലയാളത്തിലെ ആദ്യ ഒ.ടി.ടി. റിലീസിലൂടെ

ഒരു സിനിമയും നാല് ഹ്രസ്വചിത്രങ്ങളും നിർമിച്ച ഷാനവാസ് നരണിപ്പുഴ ചലച്ചിത്രാസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധേയനായത് മലയാളത്തിലെ ആദ്യ ഓൺലൈൻ ഓവർ ദ ടോപ്പ് (ഒ.ടി.ടി.) റിലീസിലൂടെ. ‘സൂഫിയും സുജാതയു’മായിരുന്നു അത്. അതിന്റെ സംവിധാനവും തിരക്കഥയും ഷാനവാസായിരുന്നു നിർവഹിച്ചത്.

നാലു ഹ്രസ്വചിത്രങ്ങൾ നിർമിച്ചശേഷം 2015-ൽ ഇദ്ദേഹം സംവിധാനംചെയ്ത ‘കരി’ സിനിമ ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും നിരൂപകർക്കിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങൾ നേടുകയും ചെയ്തു.

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലെ നരണിപ്പുഴയിൽ സാധാരണ കുടുംബമായ നാലകത്ത് തറവാട്ടിൽ ബാപ്പുട്ടിയുടെയും നബീസയുടെയും മകനായി പിറന്ന ഷാനവാസിന് ബാല്യംമുതൽ സിനിമ ഒരു അഭിനിവേശമായിരുന്നു.പഠനത്തിനുശേഷം ചങ്ങരംകുളത്തെ പ്രാദേശികപത്രമായ ദേശധ്വനിയിൽ എഡിറ്ററായി ജോലിചെയ്തു. എടപ്പാളിൽ സിനിമാ എഡിറ്റിങ് പഠിപ്പിക്കുന്ന സ്ഥാപനം തുറന്നെങ്കിലും കുറച്ചുകാലത്തിനുശേഷം അതുനിർത്തി മുഴുവൻസമയ സിനിമാപ്രവർത്തനങ്ങളിലേക്ക് നീങ്ങി. ഷബ്‌നയാണ് ഭാര്യ. മകൻ: ആദം. സഹോദരങ്ങൾ: മുഹമ്മദ് ഷരീഫ്, മുഹമ്മദ് റഷീദ്, ലൈല. ഖബറടക്കം വ്യാഴാഴ്ച നരണിപ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

പുതിയ തിരക്കഥയുടെ രചനയ്ക്കിടെ അട്ടപ്പാടിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ കോയമ്പത്തൂരിലെ കെ.ജി. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില അതിഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് ബുധനാഴ്ച ഷാനവാസിനെ കോയമ്പത്തൂരിൽനിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോലീസ് സഹായത്തോടെ റോഡ് മാർഗം അതിവേഗം എത്തിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെമുതൽ ഇദ്ദേഹം മരിച്ചതായി സാമൂഹികമാധ്യമങ്ങളിലടക്കം വാർത്തകൾ പരന്നിരുന്നു.

Content Highlights : Sufiyum Sujathayum director Shanavas Naranippuzha demise