
അന്തരിച്ച സംവിധായകൻ നരണിപ്പുഴ ഷാനവാസിനെ അനുസ്മരിച്ച് നടൻ ജയസൂര്യ. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.
ജയസൂര്യയുടെ വാക്കുകൾ
"ഒരു പാട് സിനിമകൾ ഷാനവാസിൽനിന്ന് സംഭവിക്കേണ്ടതായിരുന്നു. പ്രേക്ഷകരെ സംബന്ധിച്ച് അതൊരു വലിയ നഷ്ടമാണ്. നല്ല ഭാവിയുള്ള വ്യക്തിയായിരുന്നു. ഒരു വ്യക്തി മരിക്കുമ്പോൾ തീരാനഷ്ടം എന്ന് പറയുന്നത് കുടുംബത്തിന് മാത്രമായിരിക്കും. നാളെ ഞാൻ പോയാലും അതെ, മറ്റാരു പോയാലുമതെ. ഈ ദുഃഖത്തെ അതിജീവിക്കാൻ ഷാനവാസിന്റെ കുടുംബത്തിന് സാധിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.
സൂഫിയും സുജാതയ്ക്ക് ശേഷം ഷാനവാസ് മറ്റു ചിത്രങ്ങളുടെ പണിപ്പുരയിലായിരുന്നു. എനിക്കൊപ്പവും ഒരു സിനിമ ചെയ്യേണ്ടതായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായ ഈ വിയോഗം.
വളരെ ഹ്യൂമർ സെൻസുള്ള ഒരു വ്യക്തിയായിരുന്നു ഷാനവാസ്. സൂഫിയും സുജാതയും ചെയ്യുന്നതിനിടെ തമാശകൾ പങ്കുവച്ചു സിനിമാ ചർച്ചകളിൽ മുഴുകി. അതിനിടെ ഒരുപാട് പിണങ്ങിയും ഇണങ്ങിയും കൂടുതൽ അടുത്തു. എന്നെ സംബന്ധിച്ച് ഒരു സംവിധായകനെ മാത്രമല്ല, നല്ലൊരു സുഹൃത്തിനെയാണ് നഷ്ടമായിരിക്കുന്നത്. ഷാനവാസിന്റെ ആത്മാവിന് വേണ്ടി ഞാനും എന്റെ കുടുംബവും പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു."
ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷാനവാസിന്റെ അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കോയമ്പത്തൂർ കെ.ജി. ഹോസ്പിറ്റലിൽ വെന്റിലേറ്ററിലായിരുന്ന ഷാനവാസിനെ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചത്. കോയമ്പത്തൂരിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഇദ്ദേഹത്തിന് വീണ്ടും ഹൃദയാഘാതം സംഭവിച്ചിരുന്നുവെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചിരുന്നു.
മലപ്പുറം നരണിപ്പുഴ മസ്ജിദുൾ റഹ്മാനിയ ഖബർസ്ഥാനിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഷാനവാസിന്റെ സംസ്കാരം.
Content Highlights : Shanavas Naranipuzha passed away actor Jayasurya remembers sufiyum sujathayum director
Published: 24 Dec 2020, 10:20 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented