ഇന്ത്യന്‍ സിനിമയില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്കുവഴിവെച്ച എസ്എസ് രാജമൗലിയുടെ ബാഹുബലി എന്ന സിനിമാ പരമ്പരയിലെ രണ്ട് ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ബാഹുബലി-ദി എപിക് എന്ന പേരില്‍ ഒറ്റ ഭാഗമായി റിലീസിനൊരുങ്ങുകയാണ്. ബാഹുബലി, ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ എന്നീ ഭാഗങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ പതിപ്പ് എത്തുന്നത്. ഇതിന്റെ റിലീസിന് മുന്നോടിയായി ആദ്യം പുറത്തിറങ്ങിയ രണ്ട് ഭാഗങ്ങള്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കം ചെയ്തതായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നു.

To advertise here,

ഒക്ടോബര്‍ 31 നാണ് ബാഹുബലി : ദി എപിക്ക് പുറത്തിറങ്ങുന്നത്. വര്‍ഷങ്ങളായി മുന്‍ ഭാഗങ്ങള്‍ നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശിപ്പിച്ചുവരികയായിരുന്നു. ഐമാക്‌സ്, 4ഡിഎക്‌സ്, ഡി ബോക്‌സ്, ഡോള്‍ബി സിനിമ, എപിക് ഉള്‍പ്പടെയുള്ള പ്രീമിയം ഫോര്‍മാറ്റുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. റീ എഡിറ്റ് ചെയ്തും റീ മാസ്റ്റര്‍ ചെയ്തുമാണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. സാങ്കേതിക തലത്തിലുള്ളമാറ്റങ്ങള്‍ക്ക് പുറമെ മുമ്പ് കണ്ടിട്ടില്ലാത്ത രംഗങ്ങളും പുതിയ പതിപ്പിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിലെ സംഗീതത്തിലും എംഎം കീരവാണി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് വിവരം. കണ്ണാ നീ ഉറങ്ങെടാ എന്ന ഗാനരംഗം ഒഴിവാക്കി പുതിയ രംഗങ്ങള്‍ ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ പുതിയ പതിപ്പ് എത്തുന്നതുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് മുന്‍ പതിപ്പുകള്‍ നീക്കം ചെയ്യപ്പെട്ടത് എന്നതിന് സ്ഥിരീകരണമില്ല. ചിലപ്പോള്‍ സ്ട്രീമിങ് റൈറ്റ് പരിധി കഴിഞ്ഞതുകൊണ്ടാകാമെന്നും അല്ലെങ്കില്‍ റിലീസിന് മുന്നോടിയായി സിനിമ ചര്‍ച്ചയാക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമമാകാമെന്നും സോഷ്യല്‍ മീഡിയാ കമന്റുകള്‍ പറയുന്നു.