പുതിയ ചിത്രം പരാശക്തിയുടെ പ്രൊമോഷനായി കൊച്ചിയിലെത്തിയപ്പോഴായിരുന്നു ശിവകാർത്തികേയന്റെ വൈറൽ ഡയലോഗ്

ശിവകാർത്തികേയനും രവി മോഹനും ഒന്നിക്കുന്ന പരാശക്തി എന്ന ചിത്രം അടുത്ത ദിവസം തിയേറ്ററുകളിലെത്തും. വിജയ് നായകനായ ജനനായകന്റെ റിലീസിന്റെ കാര്യം തുലാസിലായതോടെ ഇത്തവണത്തെ പൊങ്കൽ പരാശക്തി കൊണ്ടുപോകും എന്നാണ് വിലയിരുത്തൽ. ഇതിനിടെ ചിത്രത്തിന്റെ പ്രൊമോഷനായി കേരളത്തിലെത്തിയ ശിവകാർത്തികേയൻ ഒറ്റ ഡയലോഗിലൂടെ മലയാളികളെ കൈയിലെടുത്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിൽ നിന്നുള്ള ശിവകാർത്തികേയന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. കഴിഞ്ഞവർഷത്തെ സൂപ്പർഹിറ്റായിരുന്ന 'തുടരും' എന്ന ചിത്രത്തിലെ മോഹൻലാലിന്റെ മാസ് ഡയലോഗാണ് ശിവകാർത്തികേയൻ ആരാധകർക്ക് മുന്നിൽ പറഞ്ഞത്. താരത്തിന്റെ ഡയലോഗ് ആർപ്പുവിളികളോടെയാണ് കോളേജിലെ വിദ്യാർഥികൾ ഏറ്റെടുത്തത്.
'നിന്റെയൊക്കെ കൂട്ടത്തോട് പറഞ്ഞേക്ക്, ഒറ്റയാൻ വീണ്ടും കാട് കയറിയെന്ന്' എന്ന ഡയലോഗാണ് ശിവകാർത്തികേയൻ പറഞ്ഞത്. തുടരും എന്ന ചിത്രത്തിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗാണ് ഇത് എന്നും ശിവകാർത്തികേയൻ പറയുന്നു. മോഹൻലാൽ ഈ ഡയലോഗ് പറയുമ്പോൾ താൻ കൈയടിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
സുരരൈ പോട്ര് എന്ന ഹിറ്റ് ചിത്രം ഉൾപ്പെടെ ഒരുക്കിയ സുധാ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയിൽ തെലുങ്ക് താരം ശ്രീലീലയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. പൊങ്കൽ റിലീസായി ജനുവരി 10-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ജി.വി. പ്രകാശും ഛായാഗ്രഹണം രവി കെ. ചന്ദ്രനും നിർവഹിക്കുന്നു. തിരക്കഥ: സുധാ കോങ്കര, അർജുൻ നദേശൻ, ആക്ഷൻ: സുപ്രീം സുന്ദർ, എഡിറ്റിങ്: സതീഷ് സുരിയ, കലാസംവിധാനം: എസ്. അണ്ണാദുരൈ, നൃത്തസംവിധാനം: ബൃന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻ, സൗണ്ട് ഡിസൈൻ: സുരേൻ ജി. എസ്, അളഗിയകൂത്തൻ.
Published: 07 Jan 2026, 08:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented