തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദർശിച്ച് നടൻ ശിവകാർത്തികേയൻ. ചിത്രങ്ങൾ ശിവകാർത്തികേയൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. സിനിമയിൽനിന്ന് മുഖ്യമന്ത്രിയുടെ കസേരയിലേക്കുള്ള വിജയ്‌യുടെ യാത്രയെ ശിവകാർത്തികേയൻ പ്രശംസിച്ചു. തങ്ങൾ തമ്മിൽ 'സഹോദരബന്ധ'മാണെന്ന് ശിവകാർത്തികേയൻ വിശേഷിപ്പിച്ചു.

To advertise here,

'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായാണ് ഇരുവരുടെയും കൂടിക്കാഴ്ച. 'ജനനായക'നോടൊപ്പം ശിവകാർത്തികേയന്റെ ‘പരാശക്തി’ സിനിമ റിലീസ് ചെയ്യാനുള്ള നിർമാതാക്കളുടെ തീരുമാനം വിവാദമായിരുന്നു.

സന്ദർശന വേളയിൽനിന്നുള്ള ചിത്രങ്ങളാണ് ശിവകാർത്തികേയൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. തമിഴ്നാട് മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് നൽകുന്നതാണ് ആദ്യ ചിത്രം. രണ്ടാമത്തെ ചിത്രത്തിൽ ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നതും മൂന്നാമത്തേതിൽ ഇരുവരും സംസാരിച്ചിരിക്കുന്നതുമാണ് കാണാൻ കഴിയുന്നത്.

'ഒട്ടേറെ ഹൃദയങ്ങളെ രസിപ്പിക്കുന്നതിൽനിന്ന് ഒരു സംസ്ഥാനത്തെ നയിക്കുന്നതിലേക്ക്. ചില യാത്രകൾ ശരിക്കും അസാധാരണമാണ്. ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സാറിനെ നേരിൽ കണ്ട് ആശംസകൾ അറിയിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കരുതുന്നു. 'രസിഗൻ എക്സ്പ്രസ്' മുതൽ വിജയ് അവാർഡ്‌സ് വേദിയും, അതിനുശേഷം 'ഗോട്ട്' സിനിമയിൽ ഒന്നിച്ച് അഭിനയിച്ചതും കടന്ന് ഇപ്പോൾ അങ്ങയോടൊപ്പമുള്ള ഈ നിമിഷം വരെ. ഇത് എപ്പോഴും ഏറ്റവും സവിശേഷമായ ഒന്നായിരിക്കും. ആ സഹോദരബന്ധം, ആ ആത്മബന്ധം തുടരുന്നു.' ശിവകാർത്തികേയൻ കുറിച്ചു.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് വിജയ് നായകനാകുന്ന 'ജനനായകന്' സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്. 'എ' സർട്ടിഫിക്കറ്റാണ് ചിത്രത്തിന്. 3 മണിക്കൂറും മൂന്നു മിനിറ്റുമാണ് ദൈർഘ്യം. ജൂലൈ 23-ന് തിയേറ്ററുകളിൽ എത്തും.

നേരത്തെ പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ച് ജനുവരി ഒൻപതിന്  റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. സെൻസർ ബോർഡുമായുള്ള നിയമപ്പോരാട്ടത്തെ തുടർന്ന് റിലീസ് വൈകി.

ശിവകാർത്തികേയൻ, രവിമോഹൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ 'പരാശക്തി' ജനുവരിയിലാണ് തിയേറ്ററിലെത്തിയത്. ചിത്രത്തിന്റെ റിലീസ് വലിയ വിവാദമായിരുന്നു. വൈകി നിശ്ചയിച്ചിരുന്ന റിലീസ്, പൊങ്കലിന് ഇറക്കാനുള്ള നിർമാതാക്കളുടെ തീരുമാനമാണ് വിവാദമായത്. ജനുവരി ഒൻപതിന് പുറത്തിറക്കാൻ പദ്ധതിയിട്ട വിജയ്‌യുടെ ‘ജനനായകനു’മായി ക്ലാഷ് റിലീസായി ചിത്രം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടു.

അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആയിരുന്നു ചിത്രത്തിന്റെ വിതരണം. രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമെന്നായിരുന്നു ‘ജനനായകൻ’ വിശേഷിപ്പിക്കപ്പെട്ടത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് 'പരാശക്തി' റിലീസ് നേരത്തെയാക്കിയതെന്ന് വ്യാപകവിമർശനം ഉയർന്നു. എന്നാൽ, സെൻസർ നടപടികളിൽ കുരുങ്ങി ‘ജനനായകൻ’ റിലീസ് വൈകി.

'പരാശക്തി' റിലീസ് നേരത്തെയാക്കിയതിന് പിന്നാലെ താൻ കടുത്ത സൈബർ ആക്രമണം നേരിടുകയാണെന്ന് ശിവകാർത്തികേയൻ പറഞ്ഞിരുന്നു. വിജയ് ആരാധകരെ ലക്ഷ്യമിട്ടാണ് ശിവകാർത്തികേയന്റെ വാക്കുകളെന്ന്‌ വ്യാഖ്യാനിക്കപ്പെട്ടു. 'സാമൂഹികമാധ്യമങ്ങളിൽ ഞാൻ പെയ്ഡ് സൈബർ അറ്റാക്ക് നേരിടുകയാണ്. അവർക്ക് എപ്പോഴും എന്തെങ്കിലും അജൻഡയും പ്രചരിപ്പിക്കാൻ എന്തെങ്കിലും നെഗറ്റീവുമുണ്ടാവും. എന്നാൽ, ഇത്തവണ കുറച്ച് കൂടുതലാണ്. കുടുംബത്തേയും ഇത്തവണ അവർ വലിച്ചിഴച്ചു' എന്നായിരുന്നു ശിവകാർത്തികേയന്റെ വാക്കുകൾ. 'ജനനായകനു'മായി ക്ലാഷ് റിലീസ് വെക്കുന്നതിനുമുമ്പ് വിജയ്‌യോട് സംസാരിച്ചിരുന്നുവെന്നും  ശിവകാർത്തികേയൻ പറഞ്ഞു.

'ജനനായകൻ' വൈകിയതിന് പിന്നാലെ, രണ്ട് സിനിമകളും ഒരേസമയം തിയേറ്ററുകളിൽ എത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് ശിവകാർത്തികേയൻ പറഞ്ഞു. 'എനിക്ക് ആരോടും മത്സരമില്ല. സിനിമയിൽ എല്ലാവർക്കും ഇടമുണ്ട്. മത്സരിക്കാനാണെങ്കിൽ ഞാൻ ഒരു അത്‌ലറ്റോ ബോക്സറോ ആകുമായിരുന്നു.' എന്നായിരുന്നു ശിവകാർത്തികേയന്റെ വാക്കുകൾ.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക. ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരേൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ്‌ രവിചന്ദറാണ് സംഗീതം.