കേന്ദ്രമന്ത്രി എൽ. മുരുകന്റെ വസതിയിൽ നടന്ന പൊങ്കാല ആഘോഷങ്ങളിൽ പങ്കെടുത്ത് പരാശക്തി എന്ന ചിത്രത്തിലെ താരങ്ങൾ. ശിവ കാർത്തികേയൻ, രവി മോഹൻ, ഇവരുടെ പങ്കാളികളായ കെനീഷ, ആരതി എന്നിവർക്കൊപ്പമാണ് ചടങ്ങിൽ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിച്ച ശിവകാർത്തികേയൻ, വിജയിനെ തന്റെ സഹോദരൻ എന്ന് വിശേഷിപ്പിക്കുകയും 'പരാശക്തി'യിൽ യാതൊരുവിധ പ്രൊപ്പഗാണ്ടയുമില്ലെന്നും പറഞ്ഞു.

To advertise here,

"യാതൊരു വിവാദങ്ങളുമില്ല. ആളുകൾ ഇത് മനസ്സിലാക്കുകയും ശരിയായ രീതിയിൽ എടുക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഉദ്ദേശ്യം ജനങ്ങളിലേക്ക് എത്തുക എന്നതാണ്. അവർ ചിത്രം പൂർണ്ണമായി കണ്ടാൽ മനസ്സിലാകും. യാതൊരു കുപ്രചാരണവുമില്ല. നമ്മളെല്ലാം സഹോദരങ്ങളാണ്, ഞങ്ങൾ ഒന്നും അധികമായി പറയാൻ ശ്രമിക്കുന്നില്ല," ശിവ കാർത്തികേയൻ എഎൻഐയോട് പറഞ്ഞു.

വിജയ്‌യുടെ രാഷ്ട്രീയ യാത്രയ്ക്ക് വ്യക്തിപരമായും സോഷ്യൽ മീഡിയ വഴിയും ആശംസകൾ നേർന്നിരുന്നു. അദ്ദേഹത്തിന്റെ ചിത്രവും ഉടൻ റിലീസ് ചെയ്യുമെന്ന് ശിവ പറഞ്ഞു. പരാശക്തിക്കെതിരെ വിജയ് ആരാധകർ ഉന്നയിക്കുന്ന വിമർശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ചില ആരാധകർ ഭൂരിപക്ഷം പേരെ പ്രതിനിധീകരിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചില ആരാധകർ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് നമ്മൾ ശ്രദ്ധിക്കേണ്ടതില്ല, അതിനെ പൊതുവായി കണക്കാക്കാനും പാടില്ല. അതൊരു പ്രശ്നമല്ല. നമ്മൾ എപ്പോഴും സഹോദരങ്ങളെപ്പോലെയാണ്, അതെപ്പോഴും അങ്ങനെതന്നെയായിരിക്കുമെന്നും ശിവ കാർത്തികേയൻ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു.

1960-കളിൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി അടിച്ചേൽപിക്കൽ വിരുദ്ധ പ്രസ്ഥാനത്തിൽ പോരാടുന്ന രണ്ട് സഹോദരങ്ങളുടെ കഥയാണ് 'പരാശക്തി' പറയുന്നത്. അഥർവ മുരളി, ശ്രീലീല എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ. സുധാ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.