
ഗായിക ചിന്മയിയുടെ ഔദ്യോഗിക അക്കൗണ്ട് പൂട്ടി ഇൻസ്റ്റഗ്രാം. തന്റെ 'ബാക്ക്അപ്പ്' അക്കൗണ്ടിലൂടെ ചിന്മയി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചില പുരുഷന്മാർ തനിക്ക് അശ്ലീലചിത്രങ്ങളയച്ചത് റിപ്പോർട്ട് ചെയ്തതിനാലാണ് ഇൻസ്റ്റാഗ്രാമിന്റെ ഈ നടപടിയെന്ന് അവർ ട്വിറ്ററിലൂടെ പറഞ്ഞു. ബാക്ക് അപ്പ് അക്കൗണ്ടിനേക്കുറിച്ചുള്ള വിവരങ്ങളും അവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
"അവസാനം ഇൻസ്റ്റഗ്രാം എന്റെ യഥാർത്ഥ അക്കൗണ്ട് നീക്കം ചെയ്തു. അധിക്ഷേപിക്കുന്നവരെ നിലനിർത്തിക്കൊണ്ട് ശബ്ദമുയർത്തുന്നവരെ ഒഴിവാക്കി." ചിന്മയി ഇൻസ്റ്റാഗ്രാമിൽ എഴുതി.
മീ ടൂ തുറന്നുപറച്ചിലുകളുടെ ഭാഗമായതോടെ ചിന്മയിക്ക് കഴിഞ്ഞ കുറേ നാളുകളായി രൂക്ഷവിമർശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തമിഴ് സിനിമാ മേഖലയിലെ ചിലരുടെ പേരുകളും തുറന്നുപറഞ്ഞതോടെ വിമർശനം ഇടക്കാലത്ത് രൂക്ഷമാവുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ അവസരത്തിലും ചിന്മയിക്കെതിരെ രൂക്ഷമായ പരിഹാസങ്ങളും ഉയർന്നുവന്നിരുന്നു.
കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അവസരത്തിൽ വൈരം മുത്തുപോലെയാണെന്നും അവർ ഇന്നുള്ളതുപോലെ എല്ലാ സൗഭാഗ്യങ്ങളോടെയും ജീവിക്കുക എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ഗാനരചയിതാവ് വൈരമുത്തുവിനെതിരെയുള്ള ചിന്മയിയുടെ ആരോപണങ്ങൾ സൂചിപ്പിച്ചായിരുന്നു ഈ കമന്റ്. പുരോഗതിയേക്കുറിച്ചും ഫെമിനിസത്തേക്കുറിച്ചും സ്ത്രീശാക്തീകരണത്തേക്കുറിച്ചുമെല്ലാം ശബ്ദിക്കുന്ന ഇന്ത്യയിലെ സാഹചര്യമിതാണെന്നാണ് ഗായിക ഇതിന് മറുപടി നൽകിയത്.
നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനാണ് ചിന്മയിയുടെ ഭർത്താവ്. 2014- ലായിരുന്നു ചിന്മയിയും രാഹുൽ രവീന്ദ്രനും വിവാഹിതരായത്. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ഗാനങ്ങളാണ് അവർ ആലപിച്ചത്. ഡബ്ബിങ് ആർട്ടിസ്റ്റ്, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിലും പ്രശസ്തയാണ് അവർ.
Content Highlights: singer chinmayi's instagram account suspended, chinmayi on account suspending
Published: 25 Jun 2022, 08:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented