ഹേമ കമ്മിറ്റി റിപ്പോർട്ടിലും പിന്നാലെ വന്ന വി​വാദങ്ങളോടും മൗനം തുടരുന്ന നടൻ മോഹൻലാലിനെതിരെ വിമർശനവുമായി എഴുത്തുകാരി ശോഭാ ഡേ. നിലപാട് വ്യക്തമാക്കാതെ 'അമ്മ' പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞ മോഹൻലാലിന്റെ നടപടിയെ ഭീരുത്വമെന്ന് ശോഭാ ഡേ വിശേഷിപ്പിച്ചു. ഒരു ദേശീയ മാധ്യമത്തിനോടായിരുന്നു എഴുത്തുകാരിയുടെ പ്രതികരണം. 

To advertise here,

'പ്രതികരിച്ച സ്ത്രീകൾക്ക് സിനിമകൾ നഷ്ടപ്പെട്ടു. മോശം തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇതിനെല്ലാം പിന്നിൽ പതിനഞ്ചോ ഇരുപതോ പുരുഷൻമാരുടെ സംഘമാണ്. വിവാദങ്ങളിൽ എന്താണ് നിലപാടെന്ന് മോഹൻലാൽ വ്യക്തമാക്കണമായിരുന്നു. എവിടെയാണ് താൻ നിൽക്കുന്നത് പറയുകയോ അതിജീവിതർക്ക് നീതി നേടി കൊടുക്കാനോ തയ്യാറാകാതെ 'അമ്മ' നേതൃത്വത്തിൽ നിന്ന് അദ്ദേഹം രാജി വെച്ചത് അംഗീകരിക്കാനാകില്ല. നിലപാടുകൾ വ്യക്തമാക്കൂ, മനുഷ്യനാകൂ, പ്രശ്നങ്ങൾ നേരിട്ടവർക്കൊപ്പം നിൽക്കാൻ നിങ്ങളുടെ കൂടെയുള്ളവരോടും ആവശ്യപ്പെടൂ', ശോഭാ ഡേ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ച സർക്കാർ നടപടിയേയും ശോഭാ ഡേ വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളിൽ നിയമപരമായ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. 

അതേസമയം, സിനിമാ മേഖലയിലെ വിവാദങ്ങൾക്കും 'അമ്മ'യിലെ കൂട്ടരാജിക്കും പിന്നാലെ നടൻ മോഹൻലാൽ ശനിയാഴ്ച തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. വിവാദങ്ങളിൽ ഇതുവരെ പ്രതികരിക്കാത്ത അദ്ദേഹം ശനിയാഴ്ച മൂന്നു പൊതുപരിപാടികളിലാണ് താരസാന്നിധ്യമാകുന്നത്.

ശനിയാഴ്ച മോഹന്‍ലാൽ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. 'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഹേമാകമ്മിറ്റി റിപ്പോർട്ടും പിന്നാലെ നടിമാരുടെ ലൈംഗികാരോപണങ്ങളും കേസുകളുമൊക്കെയായി മലയാള സിനിമ കലുഷിതമായിട്ടും മോഹൻലാൽ ഇതുവരെ പ്രതികരിച്ചിരുന്നില്ല.