കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന ആരോപണവുമായി മറ്റൊരു നടി കൂടി രംഗത്ത്. സൂത്രവാക്യം എന്ന ചിത്രത്തില്‍ അഭിനയിച്ച അപര്‍ണ ജോണ്‍സാണ് ആരോപണവുമായി രംഗത്തെത്തിയത്. സെറ്റില്‍ വെച്ച് ഷൈന്‍ തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് അപര്‍ണയുടെ ആരോപണം. നേരത്തേ ഇതേ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഷൈന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് നടി വിന് സി അലോഷ്യസ് രംഗത്തെത്തിയിരുന്നു.
'വിന് സി കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ച അതേ അനുഭവങ്ങളാണ് എനിക്കും പറയാനുള്ളത്. സീനെടുക്കാന് നില്‍ക്കുമ്പോഴും പ്രാക്ടീസ് ചെയ്യുമ്പോഴും ബ്രേക്കെടുത്ത് മാറി നില്‍ക്കുമ്പോഴുമെല്ലാം വളരെ രൂക്ഷമായ ലൈംഗികച്ചുവയോടെയാണ് ഷൈന്‍ സംസാരിച്ചത്. തുടര്‍ച്ചയായി അങ്ങനെ സംസാരിച്ചത് അസഹ്യമായിരുന്നു. ഇങ്ങനെ അശ്ലീലം പറഞ്ഞയാളുടെ കൂടെ അതിന് ശേഷം സ്ക്രിപ്റ്റിലെ ഡയലോഗ് പറയുകയും ഒന്നിച്ചഭിനയിക്കുകയും ചെയ്യുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു.' -അപര്‍ണ പറഞ്ഞു.
'ഇത് എന്റെ ആദ്യ സിനിമയാണ്. ഞാന്‍ കേരളത്തില്‍ ജീവിക്കുന്നയാളല്ല. ഓസ്ട്രേലിയയിലാണ് കുറച്ചുനാളായി ജീവിക്കുന്നത്. ഐസി (ഇന്റേണല്‍ കമ്മിറ്റി) എന്നൊരു സംവിധാനമുണ്ട് എന്നും ഇത്തരം സംഭവങ്ങളുണ്ടായാല്‍ അവരോട് പരാതി പറയാമെന്നുമുള്ള കാര്യത്തില്‍ എനിക്ക് ധാരണയില്ലായിരുന്നു. സെറ്റില്‍ എനിക്ക് അടുപ്പമുണ്ടായിരുന്ന ഒരു വനിതാ ആര്‍ട്ടിസ്റ്റുണ്ടായിരുന്നു. ഈ പ്രശ്നങ്ങള്‍ അവരോട് പറഞ്ഞു. അവര്‍ അതിന് പരിഹാരമുണ്ടാക്കിത്തന്നു. അതിനാല്‍ പരാതി നല്കി മുന്നോട്ട് പോകാന്‍ ഉദ്ദേശിച്ചില്ല.'
'ഷൈന്‍ എന്നോട് ഇത്തരത്തില്‍ പെരുമാറാനുള്ള സാഹചര്യം ഒഴിവാക്കപ്പെടുകയാണ് ഉണ്ടായത്. അടുത്തദിവസങ്ങളില്‍ ഷൂട്ട് ചെയ്യാനുള്ള എന്റെ ഷെഡ്യൂള്‍ മാറ്റം വരുത്തി എന്റെ സീനുകള്‍ വേഗം തീര്‍ത്ത് എന്നെ സേഫാക്കി, കംഫര്‍ട്ടാക്കി, ഹാപ്പിയാക്കി വിടുകയാണ് ചെയ്തത്.'
'ഷൈന്‍ ടോം ചാക്കോയുടെ പെരുമാറ്റം അബ്നോര്മലായിരുന്നു. തീരെ കോമണ്‍ സെന്‍സ് ഇല്ലാത്ത വ്യക്തിയുടേത് പോലെയായിരുന്നു സംസാരവും പെരുമാറ്റവും ശരീരഭാഷയുമെല്ലാം. അത് വളരെ പ്രകടമായിരുന്നു. അത് ലഹരി ഉപയോഗിച്ചതുകൊണ്ടാണോ മറ്റെന്തെങ്കിലും രോഗാവസ്ഥയാണോ എന്ന് അറിയില്ല. അതുകൊണ്ട് ലഹരി ഉപയോഗിച്ചു എന്ന് എനിക്ക് പറയാന്‍ കഴിയില്ല. എന്നാല്‍ എനിക്ക് മോശം അനുഭവമുണ്ടായി.' -അപര്‍ണ ജോണ്‍സ് പറഞ്ഞു.
'ഇങ്ങനെയുള്ള ഒരാളോട് ലോജിക്കലായോ സെന്സിബിളായോ എങ്ങനെ സംസാരിക്കണമെന്ന് എനിക്കറിയില്ല. അങ്ങനെ ഞാന്‍ സംസാരിച്ചാല്‍, ഈ വ്യക്തി എങ്ങനെ പ്രതികരിക്കുമെന്നും അത് ആ സിനിമയെ എങ്ങനെ ബാധിക്കുമെന്നും എനിക്ക് ആശങ്കയുണ്ടായിരുന്നു. ഒരുപാട് പേരുടെ അധ്വാനമുള്ള നല്ല സിനിമയാണ് അത്. ഒരുപാട് പേരുടെ സ്വപ്നമാണ്. ഷൈനിനോട് ഞാന്‍ നേരിട്ട് സംസാരിച്ചില്ലെങ്കിലും ഞാന്‍ മിണ്ടാതിരുന്നില്ല. ഞാനത് മറ്റൊരാളോട് പറയുകയും ഉടന്‍ തന്നെ അതിന് പരിഹാരമുണ്ടാകുകയും ചെയ്തു.' -അപര്‍ണ പറഞ്ഞു.
ഷൈന്‍ ടോം ചാക്കോ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുന്നത് കണ്ടുവെന്ന് നേരത്തേ വിന് സി പറഞ്ഞിരുന്നു. ഇക്കാര്യം അപര്‍ണ ജോണ്‍സ് സ്ഥിരീകരിച്ചു. ഷൈന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുന്നത് താനും കണ്ടിട്ടുണ്ട്. എന്നാല്‍ അത് എന്ത് പൊടിയാണെന്ന കാര്യം തനിക്ക് ഉറപ്പിച്ചുപറയാന്‍ കഴിയില്ലെന്ന് അപർണ പറഞ്ഞു.
Content Highlights: Actress Aparna Jones alleges, Shine Tom Chacko misbehaved with her during shooting of Soothravakyam
Published: 24 Apr 2025, 11:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented