
ബോളിവുഡിലെ അഭിനയം മതിയാക്കി തെന്നിന്ത്യയിലേയ്ക്ക് ശ്രദ്ധ ചെലുത്താനുള്ള കാരണം വെളിപ്പെടുത്തി നടൻ ശരത് സക്സേന. ഹിന്ദി ചിത്രങ്ങളിൽ സംഘട്ടന രംഗങ്ങളിലേയ്ക്ക് മാത്രമേ തന്നെ വിളിക്കാറുണ്ടായിരുന്നുള്ളൂ എന്നും 25 മുതൽ 30 വർഷത്തോളം താൻ ഇതാണ് ചെയ്തതെന്നും ശരത് സക്സേന പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്നതിനാണ് പിന്നീട് നടൻ ഊന്നൽ നൽകിയത്.
‘ബോളിവുഡിൽ കാര്യമായ അവസരം ലഭിക്കാത്തതിനാലാണ് തെന്നിന്ത്യൻ സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ ആരംഭിച്ചത്. സംഘട്ടന രംഗങ്ങൾ മാത്രമാണ് എനിക്ക് ലഭിച്ചിരുന്നത്. എനിക്ക് എന്റെ മുഖം ഇഷ്ടമല്ലായിരുന്നു. രാവിലെ ഷൂട്ടിന് പോകുന്നതിന് മുൻപ് കണ്ണാടി നോക്കുമ്പോൾ ഞാൻ എന്നെത്തന്നെ ശപിക്കുമായിരുന്നു, കാരണം ഞാൻ ഇടി കൊള്ളാൻ വേണ്ടിയാണ് പോകുന്നത്. നായകന്മാരുടെ ഇൻട്രോ സീനിനു വേണ്ടിയാണ് ഞങ്ങളെ ആവശ്യം.. നായകൻ വരുമെന്നും എന്നെ ഇടിച്ച ശേഷം കഥയിലെ നായകനാണെന്ന് പ്രസ്താവിക്കുമെന്നുമുള്ള ബോധ്യം എനിക്കുണ്ടായിരുന്നു. ഇതായിരുന്നു 25 മുതൽ 30 വർഷത്തോളം എന്റെ ജോലി.
ഒരിക്കൽ എത്ര രൂപ കെെവശമുണ്ടെന്ന് ഞാനും ഭാര്യയും പരിശോധിച്ചു. ഞാൻ ജോലിക്കൊന്നും പോയില്ലെങ്കിലും ഒരു വർഷം കഴിയാനുള്ള തുക പക്കലുണ്ടെന്ന് ഭാര്യ വ്യക്തമാക്കി. അന്ന് ഞാൻ ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുന്നത് നിർത്തി. ദെെവാനുഗ്രഹം കൊണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കമൽ ഹാസന്റെ ഓഫീസിൽ നിന്ന് വിളി വന്നു. 'ഗുണ'യിലെ വേഷം എനിക്ക് നൽകി. പ്രതിഫലവും കഥാപാത്രവും നല്ലതായിരുന്നു‘, ശരത് സക്സേന പറഞ്ഞു.
ചിരഞ്ജീവിയെ പരിചയപ്പെട്ടത് തെലുങ്കിൽ അവസരങ്ങൾ ലഭിക്കാൻ കാരണമായെന്നും 10-15 ചിത്രങ്ങൾ ചെയ്യാനായെന്നും നടൻ പറഞ്ഞു. പ്രിയദർശന്റെ മലയാള ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചുവെന്നും ശരത് സക്സേന ചൂണ്ടിക്കാട്ടി. കരിയറിൽ 300-ലധികം ചിത്രങ്ങളിൽ ശരത് സക്സേന അഭിനയിച്ചിട്ടുണ്ട്. മിസ്റ്റർ ഇന്ത്യ, അഗ്നീപഥ്, റെഡി, ബോഡിഗാർഡ്, വിവേകം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
Content Highlights: Sharat Saxena says why he stop acting on bollywood films
Published: 28 May 2023, 02:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented