സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തന്റെ വ്യാജ മരണവാർത്തകളോട് പ്രതികരിച്ച് ബോളിവുഡ് താരം ശക്തി കപൂർ. വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ് 73 കാരനായ ശക്തി കപൂർ മരണവാർത്തകൾ തള്ളി രംഗത്തെത്തിയത്. 'എല്ലാവർക്കും നമസ്കാരം. എന്റെ മരണവാർത്തകളെല്ലാം വ്യാജമാണ്. ഞാൻ ആരോഗ്യവാനും സന്തോഷവാനുമാണ്. ദയവായി അത് അവഗണിക്കുക' എന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

To advertise here,

'ഞാൻ ഇതിൽ ഒരു സൈബർ പരാതി നൽകാൻ പോവുകയാണ്, കാരണം ഇത് ശരിയല്ല'- അദ്ദേഹം പറഞ്ഞു. വീഡിയോയുടെ കമന്റിൽ ആശ്വാസമറിയിച്ച് നിരവധി ആരാധകർ പ്രതികരിച്ചു. പലരും അദ്ദേഹത്തിന് ആരോഗ്യകരമായ ജീവിതം ആശംസിച്ചു.

ഒരുകാലത്ത് സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യങ്ങളിൽ ഒരാളായിരുന്നു ശക്തി കപൂർ. വില്ലനായും കൊമേഡിയനായുമെല്ലാം തിളങ്ങിയ താരം. അദ്ദേഹത്തിന്റെ മകൾ ശ്രദ്ധ കപൂർ ഇപ്പോൾ ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ്.

പിതാവിന്റെ സിനിമാ ജീവിതം തന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് ഒരിക്കൽ ശ്രദ്ധ കപൂർ പറഞ്ഞിട്ടുണ്ട്. സെക്യൂരിറ്റി കടത്തിവിട്ടില്ലെങ്കിൽ പോലും അദ്ദേഹം സംവിധായകരുടെ വീടുകളിൽ അവസരം ചോദിച്ച് എത്തുമായിരുന്നുവെന്ന് ശ്രദ്ധ പറയുന്നു. താൻ അഭിനയിക്കാൻ ആഗ്രഹിക്കുന്ന കഥാപാത്രത്തിന് അനുയോജ്യമായ വസ്ത്രം ധരിച്ചാണ് അദ്ദേഹം സംവിധായകരെ ബോധ്യപ്പെടുത്താൻ അവരുടെ വീടുകളിലേക്ക് പോയിരുന്നത്. അങ്ങനെയാണ് അദ്ദേഹത്തിന് വേഷങ്ങൾ ലഭിച്ചിരുന്നത്. അദ്ദേഹത്തിന്റെ അത്തരം ജീവിതാനുഭവങ്ങൾ കഠിനാധ്വാനം ചെയ്യാൻ എന്നെ വളരെയധികം പ്രചോദിപ്പിക്കുന്നുവെന്നും എനിക്ക് ലഭിച്ച അവസരങ്ങൾക്ക് ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ശ്രദ്ധ പറഞ്ഞു.

രാജാ ബാബു, ബാപ് നുംബ്രി ബേട്ടാ ദസ് നുംബ്രി, അന്ദാസ് അപ്‌ന അപ്‌ന, ചാൽബാസ്, ഹംഗാമ, ഹൽചൽ, ചുപ് ചുപ് കെ, മലാമൽ വീക്ക്‌ലി, ഭാഗം ഭാഗ് തുടങ്ങി 700-ലേറെ ബോളിവുഡ് ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കിലുക്കം കിലുകിലുക്കം, ഒരു മരൂഭൂമിക്കഥ തുടങ്ങിയ മലയാള ചിത്രങ്ങളും അക്കൂട്ടത്തിൽപ്പെടുന്നു.