പ്രണയത്തേയും ജീവിതത്തേയും ബന്ധങ്ങളേയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ച് നടി ഷഹാന ഗോസ്വാമി. 23 വയസ്സ് വ്യത്യാസമുണ്ടായിരുന്ന മിലിന്ദ് സോമനുമായി പിരിയാനുണ്ടായ സാഹചര്യം വിശദീകരിക്കവേയാണ് അവർ മനസുതുറന്നത്. പ്രായവ്യത്യാസം ബന്ധം വേർപിരിയാൻ ഒരിക്കലും കാരണമായിരുന്നില്ലെന്ന് നടി പറഞ്ഞു. തന്നിൽ പകുത്തുനൽകാൻ ഒരുപാട് സ്‌നേഹമുണ്ടെന്നും അത് എന്തിന് ഒരാളിലേക്ക് മാത്രമായി പരിമിതപ്പെടുത്തണെന്നും നടി ചോദിക്കുന്നു.

To advertise here,

പ്രണയത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് ഷഹാന ഗോസ്വാമിയുടെ അഭിപ്രായം. പങ്കാളികളെ തന്നിലേക്ക് മാത്രം തളച്ചിടുന്നത് സ്‌നേഹമല്ല. അവർക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകണം. താനിപ്പോൾ ഒരു ഓപ്പൺ റിലേഷൻഷിപ്പിലാണ്. ജീവിതത്തിൽ ഒരു പ്രൈമറി പാർട്ണർ ഇല്ല. പരമ്പരാഗത രീതിയിലുള്ള ബന്ധങ്ങൾ തനിക്ക് ചേരില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

തന്നിൽ നൽകാൻ ഒരുപാട് സ്‌നേഹമുണ്ടെന്നും അത് ഒരാൾക്ക് മാത്രമായി എന്തിന് പരിമിതപ്പെടുത്തണെന്നും ഷഹാന ചോദിക്കുന്നു. തന്റെ പങ്കാളികൾക്കെല്ലാം മറ്റ് ബന്ധങ്ങളെക്കുറിച്ച് അറിവുണ്ട്. തങ്ങൾക്കിടയിൽ രഹസ്യങ്ങളൊന്നുമില്ലെന്നും അവർ തുറന്നുപറഞ്ഞു.

നടൻ മിലിന്ദ് സോമനുമായുള്ള ബന്ധത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും അവർ തുറന്നുപറഞ്ഞു. തനിക്ക് 16- 17 വയസ്സുള്ളപ്പോഴായിരുന്നു മിലിന്ദ് സോമൻ അഭിനയിച്ച ഒരു സിനിമ കണ്ടത്. അതോടെ മിലിന്ദിനോട് ആരാധനയായി. അക്കാലത്ത് താൻ മിലിന്ദിന്റെ സ്‌റ്റോക്കർ ഫാൻ ആയിരുന്നു. മിലിന്ദിന്റെ ഫോൺ നമ്പർ കണ്ടെത്തി ജന്മദിനത്തിൽ ആശംസ നേർന്ന് സന്ദേശം അയച്ചു. മിലിന്ദ് അതിന് മറുപടി നൽകി. പിന്നീട് ആറുവർഷക്കാലും ഫോണിൽ സംസാരിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിരുന്നില്ല. പകരം സന്ദേശങ്ങളിലൂടേയും കത്തുകളിലൂടേയും മാത്രം സംസാരിച്ചു. പിന്നീട് കോളേജ് പഠനത്തിനായി മുംബൈയിലേക്ക് മാറിയപ്പോഴാണ് തങ്ങൾ ഇരുവരും ആദ്യമായി നേരിട്ട് കാണുന്നതെന്ന് ഷഹാന പറഞ്ഞു.

ആ സമയത്ത് ഇരുവരും സിംഗിൾ ആണെന്ന് മനസിലാക്കിയതോടെ ഡേറ്റിങ് ആരംഭിച്ചു. അന്ന് മിലിന്ദിന് 43 വയസ്സും ഷഹാനയ്ക്ക് 20 വയസ്സുമായിരുന്നു. ഏകദേശം നാലുവർഷത്തെ പ്രണയത്തിന് ശേഷം 2013-ലാണ് തങ്ങൾ പിരിഞ്ഞത്. പിരിയുന്ന സമയത്തും പരസ്പരം ഇഷ്ടമുണ്ടായിരുന്നു. ജീവിതത്തിൽ തങ്ങൾ ഇരുവരും ആഗ്രഹിച്ചത് ഒരേ കാര്യങ്ങളായിരുന്നില്ല എന്നതാണ് വേർപിരിയലിന് കാരണമായി ഷഹാന പറഞ്ഞത്.

ഒരു പരമ്പരാഗത ബന്ധത്തിൽ ജീവിക്കാൻ കഴിയുന്ന ഒരാളല്ല താനെന്ന് മനസിലാക്കുന്ന ഒരു ഘട്ടത്തിലായിരുന്നു. പ്രണയത്തിൽ വളരെ ആഴത്തിൽ വിശ്വസിക്കുന്നു, പക്ഷേ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു. ആളുകളെ നിങ്ങളിൽ തന്നെ കുടുക്കി ഇടുകയാണെങ്കിൽ, അത് പ്രണയമല്ലെന്ന് കാലക്രമേണ പഠിച്ചു. തുടർന്നാണ് മിലിന്ദുമായി വേർപിരിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.