സിനിമയിൽ വന്നതിന്റെ 29-ാം വർഷത്തിലൂടെയാണ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ കടന്നുപോകുന്നത്. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ദുബായിലെ ഗ്ലോബൽ വില്ലേജിലെത്തിയിരുന്നു താരം. ഇവിടെ നടന്ന പ്രത്യേക ചടങ്ങിൽ തന്റെ ദക്ഷിണേന്ത്യൻ ആരാധകരുമായി സംവദിച്ചു അദ്ദേഹം. തെന്നിന്ത്യൻ സിനിമയിലെ തന്റെ സുഹൃത്തുക്കളെക്കുറിച്ചായിരുന്നു ഷാരൂഖ് ഖാൻ പ്രധാനമായും സംസാരിച്ചത്.
എൺപതിനായിരത്തോളം ആരാധകരാണ് ഷാരൂഖിനെ കാണാനായി ചടങ്ങിലെത്തിയത്. രജനികാന്ത്, വിജയ്, അല്ലു അർജുൻ, യഷ്, പ്രഭാസ്, രാംചരൺ തേജ എന്നിവരുടെ പേരെടുത്ത് പറഞ്ഞു അദ്ദേഹം. ഒപ്പം ഇവരുടെ ഡാൻസ് നമ്പറുകളേക്കുറിച്ച് രസകരമായ ഒരു കമന്റും പാസാക്കി.
"കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ് നാട് എന്നിവിടങ്ങളിൽനിന്നുള്ള എന്റെ എല്ലാ ആരാധകരോടുമായി ഒന്നുപറയുകയാണ്. എനിക്കവിടെയെല്ലാം ഒരുപാട് സുഹൃത്തുക്കളുണ്ട്. അല്ലു അർജുൻ, പ്രഭാസ്, രാം ചരൺ, യഷ്, മഹേഷ് ബാബു, വിജയ്, രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരൊക്കെ നല്ല സുഹൃത്തുക്കളാണ്. അവരോടായി ഒരു കാര്യം പറയാനാഗ്രഹിക്കുകയാണ്. ദയവുചെയ്ത് ഇത്രയും വേഗത്തിൽ ഡാൻസ് ചെയ്യരുത്." ഷാരൂഖിന്റെ വാക്കുകൾ.
തന്റെ പുതിയ ചിത്രമായ കിംഗിനെക്കുറിച്ചും താരം മനസുതുറന്നു. പഠാൻ എന്ന ചിത്രമൊരുക്കിയ സിദ്ധാർത്ഥ് ആനന്ദാണ് കിംഗ് സംവിധാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മകൾ സുഹാന ഖാൻ ഒരുക്കുന്ന ചിത്രത്തേക്കുറിച്ച് ഒരു സൂചനയും നൽകി സൂപ്പർതാരം. അഭിഷേക് ബച്ചനായിരിക്കും ഈ സിനിമയിൽ വില്ലനായെത്തുകയെന്നാണ് ഷാരൂഖ് വെളിപ്പെടുത്തിയത്.
"ഈ ചിത്രത്തേക്കുറിച്ച് കൂടുതൽ പറയാൻ നിർവാഹമില്ല. എങ്കിലും ഏവരേയും രസിപ്പിക്കുന്ന ചിത്രമായിരിക്കും അതെന്ന് നിസ്സംശയം പറയാം. മുമ്പൊക്കെ എന്റെ സിനിമകൾക്ക് നല്ല പേരുകൾ ലഭിച്ചിരുന്നു. എന്നാൽ ഇന്ന് സിനിമയ്ക്ക് നല്ലൊരു ടൈറ്റിൽ കിട്ടാൻ പ്രയാസപ്പെടുകയാണ്." ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു.
Content Highlights: Shah Rukh Khan interacts with 80,000 fans in Dubai Global Village
Published: 28 Jan 2025, 09:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented