കൊൽക്കത്ത: ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ചലച്ചിത്ര പ്രേമികൾ ആഗ്രഹിക്കുന്ന ഒന്നാണ് സത്യജിത് റായിയുടെ വസതിയിലേക്കുള്ള സന്ദർശനം. പക്ഷേ, അദ്ദേഹത്തിന്റെ മകനും ചലച്ചിത്രകാരനുമായ സന്ദീപ് റായിയും കുടുംബവും ഇപ്പോഴും ഇവിടെ താമസിക്കുന്നതിനാൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കാൻ പരിമിതികളുണ്ട്. ഇതിനൊരു പരിഹാരമെന്നോണം വർഷത്തിൽ ഒരു ദിവസം, റായിയുടെ ആരാധകർക്ക് നിർബാധം കടന്നുവരാൻ കുടുംബം അവസരമൊരുക്കുന്നു. അദ്ദേഹത്തിന്റെ ജൻമദിനമായ മേയ് രണ്ടിന്.

To advertise here,

സത്യജിത് റായിയുടെ സാന്നിധ്യംകൊണ്ട് ധന്യമായിരുന്ന, അദ്ദേഹം എഴുതിയും വരച്ചും മനസിൽ ദൃശ്യങ്ങൾ മെനഞ്ഞും കഴിഞ്ഞിരുന്ന വീട്ടിലേക്ക് എത്താനുള്ള അപൂർവ്വാവസരം ആരാധകർ ആഘോഷമാക്കുന്ന കാഴ്ചയാണ് ശനിയാഴ്ച കണ്ടത്. 1/1 ബിഷപ്പ് ലെഫ്രോയ് റോഡിലെ വസതിയിലേക്ക് നൂറുകണക്കിനാളുകളാണ് എത്തിയത്. അച്ചടക്കത്തോടെ വരിനിന്ന്, പൂക്കളും മാലകളും പൂച്ചെണ്ടുകളുമെല്ലാമായി ആചാര്യന്റെ സ്മരണ പുതുക്കാൻ വന്ന അതിഥികളെ മകൻ സന്ദീപ് റായിയും കുടുംബവും സ്നേഹത്തോടെ സ്വീകരിച്ചു. വന്നവർക്കെല്ലാം ഒപ്പം പടമെടുക്കാനും ഓട്ടോഗ്രാഫ് നൽകാനും സന്ദീപ് റായി ഒരു മടിയും കാട്ടിയില്ല. എല്ലാവർക്കും മധുരപലഹാരവും ശീതള പാനീയവും നൽകിയാണ് തിരിച്ചയയ്ക്കുന്നത്. 'എനിക്കിത് ഒരു പുണ്യ സ്ഥലം സന്ദർശിക്കുന്ന അനുഭൂതിയാണ് നൽകുന്നത്', എന്നൊരു സന്ദർശകൻ സന്ദീപ് റായിയോട് പറയുന്നത് കേൾക്കാമായിരുന്നു. സത്യജിത് റായിയുടെ ചില പുസ്തകങ്ങളിൽ അദ്ദേഹം സന്ദീപിന്റെ ഒപ്പ് വാങ്ങി.

പുരാതനമായ, എന്നാൽ ഇപ്പോഴും ഈടുറ്റ കെട്ടിടത്തിന്റെ നാലാം നിലയിലാണ് റായി കുടുംബത്തിന്റെ വസതി. തടിഗോവണിയും കഷ്ടിച്ച് രണ്ടാൾക്ക് മാത്രം കയറാവുന്ന പഴയ മോഡൽ ലിഫ്റ്റുമുണ്ട്. വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ സത്യജിത് റായിയുടെ പിതാവ് സുകുമാർ റായിയുടെയും മഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെയും ചിത്രങ്ങൾ മാല ചാർത്തി വെച്ചിട്ടുണ്ട്. ഒപ്പം 'അപരാജിത' ചലച്ചിത്രത്തിന്റെ ചില്ലിട്ട ഒരു പോസ്റ്ററും.

സ്വീകരണമുറിയിൽ ചില ഹോളിവുഡ് ചിത്രങ്ങളുടെ പോസ്റ്ററും ഗ്രന്ഥശേഖരവുമുണ്ട്. തൊട്ടടുത്തുള്ള മുറിയിലാകട്ടെ ല കാലങ്ങളിൽനിന്നുള്ള കുടുംബചിത്രങ്ങൾ. ഇതിനോട് ചേർന്നാണ് സത്യജിത് റായിയുടെ പഠനമുറി. അദ്ദേഹത്തിന്റെ ധ്യാനകേന്ദ്രമായിരുന്ന ഇതിനുള്ളിലേയ്ക്ക് മാത്രം പ്രവേശനമില്ല. 1970 മുതൽ 1992-ൽ അന്തരിക്കുന്നതുവരെയാണ് റായ് ലെഫ്രോയ് റോഡിലെ വസതിയിൽ താമസിച്ചത്. കൊൽക്കത്തയിൽ അദ്ദേഹം താമസിച്ച അഞ്ചാമത്തെ വസതിയായിരുന്നു ഇത്.

വിടവാങ്ങി മൂന്നരപ്പതിറ്റാണ്ടായിട്ടും ചലച്ചിത്ര കലയുടെ ഉപാസകനായിരുന്ന സത്യജിത് റായിക്ക് കൊൽക്കത്തയിൽ ഒരു മ്യൂസിയം ഇപ്പോഴുമില്ല. ഇതെക്കുറിച്ച് ചോദിച്ചപ്പോൾ 'മ്യൂസിയത്തിനുള്ള ആലോചനകൾ നടക്കുന്നുണ്ട്. വൈകാതെ യാഥാർഥ്യമാവുമെന്ന് കരുതാം', എന്നായിരുന്നു സന്ദീപ് റായിയുടെ മറുപടി.