
ദിൽജിത് ദൊസാഞ്ജിനെ നായകനാക്കി ഹണി ടെഹ്‌റാൻ സംവിധാനം ചെയ്ത സത്‌ലജ്, ഒടിടിയിൽ പുറത്തിറങ്ങി രണ്ടുദിവസത്തിനകം തന്നെ പിൻവലിച്ചു. വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രം പിൻവലിക്കുന്നതായി ഞായറാഴ്ച വൈകിട്ടോടെ സീ 5 അറിയിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസും പിൻവലിക്കലും വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
നാലുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ രണ്ടു തവണ പേരുമാറ്റിയാണ് സത്‌ലജ് പ്രദർശനത്തിനെത്തിയത്. സിഖ് മനുഷ്യാവകാശപ്രവർത്തകനായ ജസ്വന്ത് സിങ് ഖൽറയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1984- 94 കാലത്ത് തീവ്രവാദവിരുദ്ധ നീക്കങ്ങളുടെ മറവിൽ പഞ്ചാബിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയെടുത്ത ചിത്രത്തിലെ ചില കഥാപാത്രങ്ങളുടെ പേര് മാറ്റിയിട്ടുണ്ട്.
2022-ൽ ഗല്ലുഘര എന്ന പേരിലാണ് ചിത്രം പ്രഖ്യാപിച്ചത്. കൂട്ടക്കൊലയെ വിശേഷിപ്പിക്കാൻ സിഖുകാർ ഉപയോഗിക്കുന്ന വാക്കാണിത്. ചിത്രീകരണം പൂർത്തിയാക്കി നവംബറിൽ സെൻസർ ബോർഡിനു മുന്നിലെത്തിയ ചിത്രത്തിന് 21 കട്ടും പഞ്ചാബ് 95 എന്ന പുതിയ പേരും നിർദേശിക്കപ്പെട്ടു. ഭരണകൂടത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന കാരണമായിരുന്നു സെൻസർ ബോർഡ് ചൂണ്ടിക്കാട്ടിയത്.
ബോർഡിന്റെ കട്ടുകൾക്കെതിരെ നിർമാതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കോടതി റിവിഷൻ കമ്മിറ്റിക്കു വിട്ടു. കമ്മിറ്റി 21-നു പകരം 120 കട്ടുകൾ നിർദേശിച്ചു. നാലുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സത്ലജ് എന്ന പുതിയ പേരിൽ സിനിമ സീ 5-ൽ റിലീസ് ചെയ്തു. പരസ്യം ചെയ്താൽ സിനിമ വീണ്ടും വൈകും എന്ന ഭയം മൂലം പ്രൊമോഷനൊന്നും വേണ്ടെന്ന് തീരുമാനിച്ചതാണെന്ന് ദിൽജിത് ദൊസാഞ്ജ് ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞിരുന്നു.
പഞ്ചാബ് പോലീസിനെതിരെയുള്ള ജസ്വന്ത് ഖൽറയുടെ ആരോപണങ്ങളെ ചുറ്റിപ്പറ്റിയാണ് സത്ലജിന്റെ കഥ മുന്നോട്ടുപോകുന്നത്. നിയമം കൈയിലെടുത്ത് പഞ്ചാബ് പോലീസ് നടത്തിയ കൊലപാതകങ്ങളെപ്പറ്റി ഖൽറ തുറന്നു സംസാരിച്ചു. അന്നത്തെ പഞ്ചാബ് ഡിജിപി കെ.പി.എസ്. ഗില്ലിനെ പരസ്യമായി വെല്ലുവിളിച്ച ഖൽറ കാനഡയുടെ ഹൗസ് ഓഫ് കോമൺസിൽ സംസാരിച്ച് പ്രശ്‌നത്തിന് അന്തർദേശീയ ശ്രദ്ധ നേടിക്കൊടുത്തു. കെ.പി.എസ്. ഗില്ലിനെ ഐ.പി.എസ്. ബിട്ട എന്ന പേരിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊലപാതകവും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആനന്ദ് സിങ് എന്ന് പേരിലാണ് മുഖ്യമന്ത്രി കഥാപാത്രം ചിത്രത്തിലെത്തുന്നത്.
1995-ൽ ഖൽറയെ തട്ടിക്കൊണ്ടുപോയി വധിച്ചു. അദ്ദേഹത്തിന്റെ ശരീരം ഇതുവരെ കണ്ടെത്തിയിട്ടില്ല. 2005-ൽ അദ്ദേഹത്തിന്റെ കൊലപാതകത്തിൽ അഞ്ച് പഞ്ചാബ് പോലീസുകാരെ അറസ്റ്റ് ചെയ്ത് ഏഴു വർഷത്തെ തടവുശിക്ഷ വിധിച്ചു. രണ്ട് വർഷത്തിനുശേഷം ഹരിയാണ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി വർധിപ്പിച്ചു. ചിത്രത്തിൽ പഞ്ചാബ് പോലീസ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കസ്റ്റഡിയിൽവെച്ച് മർദിച്ച് കൊല്ലുന്നതായി കാണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തിരോധാനവും കൊലപാതകവും അന്വേഷിച്ച എസ്.എസ്.പി. അജിത് സിങ് സന്ധു 1997-ൽ മരണപ്പെട്ടതുപോലെ ചിത്രത്തിലും കേസ് അന്വേഷിച്ച എസ്.എസ്.പി. സുഗ്ഗയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നുണ്ട്. സന്ധുവിന്റെ മരണം കൊലപാതകമാണെന്നും ആത്മഹത്യയായി വരുത്തിത്തീർത്തതാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ ആരോപിച്ചിരുന്നു.
റിലീസ് ചെയ്ത് രണ്ടുദിവസത്തിനകം ഞായറാഴ്ച വൈകീട്ടോടെ ചിത്രം സീ 5-ൽനിന്ന് അപ്രത്യക്ഷമായി. 'നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സത്ലജ് ഇന്ത്യയിൽ ലഭ്യമാകില്ല', എന്നായിരുന്നു സീ 5 അറിയിച്ചത്. 'നിയമപരമായ എല്ലാ മാർഗങ്ങളും തേടി എത്രയും പെട്ടെന്നുതന്നെ ചിത്രം പ്രേക്ഷകരിലെത്തിക്കാൻ ഞങ്ങൾ ശ്രമിക്കും. പ്രേക്ഷകരുടെ സ്‌നേഹവും പിന്തുണയും ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. സത്ലജ് സിനിമയ്ക്കു പിന്നിലെ സർഗശേഷിക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു. ശക്തമായ കഥകൾക്ക് മനുഷ്യരെ പ്രചോദിപ്പിക്കാനും അവരിൽ വലിയ സ്വാധീനം ചെലുത്താനും കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,' സീ 5 പ്രസ്താവനയിൽ കുറിച്ചു.
Content Highlights: Diljit Dosanjh starrer movie 'Satluj', directed by Honey Trehan, was abruptly removed from the ZEE5 OTT platform within two days of its silent release. Based on the life of Sikh human rights activist Jaswant Singh Khalra, the movie chronicles alleged human rights violations by the Punjab Police between 1984 and 1994. Originally titled 'Gallughara' in 2022, the film faced severe censorship hurdles, leading to 120 cuts and multiple title changes before releasing as 'Satluj'. The narrative intensely explores Khalra's open challenge to the authorities, his international activism, and his tragic abduction and murder in 1995. ZEE5 issued an official statement noting that the film is temporarily unavailable in India due to prevailing circumstances, while they explore legal options for its return
Published: 06 Jul 2026, 08:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented