ചിദംബരം സംവിധാനം ചെയ്ത 'ബാലൻ: ദ ബോയ്' സിനിമയ്ക്ക് പ്രശംസയുമായി സംവിധായകൻ സത്യൻ അന്തിക്കാട്. മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നും ഓർമിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ബാലൻ എന്ന് സത്യൻ അന്തിക്കാട് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. ഓരോ വാക്കും ഷോട്ടും ശ്രദ്ധയോടെയാണ് ചിദംബരം ഒരുക്കിയത്. സംസ്‌കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

To advertise here,

'വിനോദയാത്രയുടെ സെറ്റിൽ വെച്ചാണ് ചിദംബരത്തെ ആദ്യമായി കാണുന്നത്. അന്ന് ചിദംബരം വെറും 'ബാലൻ' തന്നെ ആയിരുന്നു. അനിയൻ ഗണപതി സിനിമയിൽ അഭിനയിക്കുന്നതു കാണാൻ അമ്മയോടൊപ്പം വന്ന ചേട്ടൻകുട്ടി. സിനിമയിൽ തന്നെയാണ് തനിക്കും താല്പര്യമെന്ന് ആ കുട്ടി അന്ന് പറഞ്ഞത് എനിക്കോർമയുണ്ട്', സത്യൻ അന്തിക്കാട് ഓർത്തെടുത്തു.

'ഇപ്പോൾ അതിശയിപ്പിക്കുന്ന മൂന്നാമത്തെ സിനിമയുമായി ചിദംബരം നമ്മുടെ മുമ്പിലെത്തിയിരിക്കുന്നു. ബാലൻ കണ്ടപ്പോൾ എനിക്ക് പി.എൻ. മേനോനേയും ഭരതനേയും കെ.ജി. ജോർജിനെയുമൊക്കെ ഓർമ വന്നു. ന്യൂജെൻ സിനിമയെപ്പറ്റി ഒരുപാട് തെറ്റിദ്ധാരണകളുള്ള കാലമാണിത്. ഇപ്പോഴത്തെ ട്രെൻഡ് ഇതാണ് എന്നു കരുതി പുറത്തിറക്കിയ പല സിനിമകളും നിലം തൊടാതെ പോകുന്നത് നമ്മൾ കണ്ടു. മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നെന്നും ഓർമിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ബാലൻ', അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഓരോ വാക്കും ഓരോ ഷോട്ടും എത്ര ശ്രദ്ധയോടെയാണ് ചിദംബരം ഒരുക്കിയിട്ടുള്ളത്. ജിത്തു മാധവനും ഷൈജു ഖാലിദുമടക്കമുള്ള മികച്ച ടീമാണ് ചിദംബരത്തിനോടൊപ്പമുള്ളത്. സംഗീതവും എഡിറ്റിങ്ങും കലാസംവിധാനവുമെല്ലാം ഒരേ താളത്തിൽ ഇഴ ചേർന്നു പോകുന്ന കാഴ്ച! ഓരോ കഥാപാത്രത്തിനും ഇതിലും യോജിക്കുന്ന മറ്റൊരാളില്ല എന്നുതോന്നിപ്പിക്കുന്ന അഭിനേതാക്കളുടെ നിര. അവരെ കണ്ടെത്തിയ ഗണപതിക്കുമുണ്ട് ഒരു വലിയ സെല്യൂട്ട്. ജീൻ പോൾ ലാൽ പവിത്രനിലൂടെ ഞെട്ടിച്ചു എന്നു തന്നെ പറയണം. ടൊവിനോയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. ഒട്ടും താരപരിവേഷമില്ലാതെ, സ്വാഭാവികമായി ടൊവിനോ പെരുമാറി. ഫർസാനയും, അമ്മൂമ്മയും, ലോറിക്കാരനായി രണ്ടു സീനിൽ വന്നു കസറിയ ആനന്ദ് ഏകർഷിയുമൊക്കെ നമുക്കു കിട്ടിയ വരദാനമാണ്', സംവിധായകൻ പ്രശംസിച്ചു.

'സംസ്‌കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ. ഈ സിനിമയുമായി സഹകരിച്ച എല്ലാവർക്കും എന്റെ സ്‌നേഹം', സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.