രൺവീർ സിങ്ങും സാറാ അർജുനും പ്രധാന വേഷത്തിലെത്തിയ ധുരന്ധറിൽ ഇരുവരും തമ്മിലുള്ള 20 വർഷത്തെ പ്രായവ്യത്യാസം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ് നടി സാറാ അർജുൻ. ഈ ചർച്ചകളെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല. സാമൂഹികമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്തതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറില്ലെന്നും എൻഡിടിവിയോട് സാറാ പറ‍ഞ്ഞു.

To advertise here,

'എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. എന്നാൽ, അത് അവരുടെ മാത്രം അഭിപ്രായമാണ്. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയോ ഇക്കാര്യം എന്നേ ബാധിക്കുന്നോ ഇല്ല. ചിത്രത്തിന്റെ കഥ എനിക്ക് അറിയാമായിരുന്നു. ഈ കാസ്റ്റിങ്ങ് ആവശ്യമാണെന്നും അറിയാമായിരുന്നു. അത്രയേ ഞാൻ ചിന്തിക്കുന്നുള്ളൂ.

ബോർഡിങ്ങ് സ്കൂളിൽ പഠിക്കുമ്പോൾ മൊബൈൽ ഒന്നും ഉണ്ടായിരുന്നില്ല. പഠിച്ച് കഴിഞ്ഞതോടെ തിരക്കിലും ആയി. അതിനാൽ, എപ്പോഴും സാമൂഹികമാധ്യമങ്ങളുടെ ഭാഗമാകുന്ന ശീലമില്ല. എനിക്ക് ആവശ്യമുള്ളപ്പോൾ മാത്രം അതിൽ കയറുകയും എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അല്ലാത്തപക്ഷം, എന്റെ വിനോദത്തിനായി മറ്റ് കാര്യങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്', സാറാ പറഞ്ഞു.

1985 ജൂലൈ 6-നാണ് റൺവീറിൻ്റെ ജന്മദിനം. സാറാ അർജുൻ 2005 ജൂൺ 18-നാണ് ജനിച്ചത്. രൺവീർസിങ് നായക വേഷത്തിലെത്തിയ ധുരന്ധറിൽ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ, സാറ അർജുൻ, രാകേഷ് ബേഡി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ ഡിസംബർ അഞ്ചിനാണ് പ്രദർശനത്തിനെത്തിയത്. ഇതിനകം ബോക്‌സോഫീസിൽ തരംഗം സൃഷ്ടിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

പാകിസ്താനിൽ നുഴഞ്ഞുകയറി ഒരു മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ പാക് ഭീകരവാദ സംഘങ്ങളെ നേരിടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.