ബോളിവുഡ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്‍വീര്‍ സിങ് ചിത്രമാണ് 'ധുരന്ധര്‍'. വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ സാറാ അര്‍ജുന്‍ ആണ് നായികയായെത്തുന്നത്. നടന്‍ രാജ് അര്‍ജുന്റെ മകളായ സാറാ അര്‍ജുന്‍, 'ആന്‍ മരിയ കലിപ്പിലാണ്' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ്. താരത്തിന്റെ പേരില്‍ വ്യാജന്‍ ഇറങ്ങിയിരിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പിതാവ് രാജ് അര്‍ജുന്‍.

To advertise here,

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച കുറിപ്പിലാണ് രാജ് അര്‍ജുന്റെ മുന്നറിയിപ്പ്. വ്യാജ നമ്പറുപയോഗിച്ച് ആള്‍മാറാട്ടം നടത്തി ഒരാള്‍ സാറയാണെന്ന വ്യാജേന ആളുകളെ ബന്ധപ്പെടുകയാണെന്നാണ് രാജ് അര്‍ജുന്‍ അറിയിക്കുന്നത്. നടിയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറായി വെച്ച നമ്പറടക്കം വെളിപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ഇത് നടിയല്ലെന്നും അത്തരം മേസേജുകള്‍ ലഭിക്കുകയാണെങ്കില്‍ ബ്ലോക്ക് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും നടിയുടെ പിതാവ് ആവശ്യപ്പെട്ടു. പിതാവിന്റെ സ്‌റ്റോറി നടി റീ ഷെയര്‍ ചെയ്തിട്ടുണ്ട്.

തമിഴ് ചിത്രമായ 'ദൈവതിരുമകളി'ലൂടേയാണ് സാറ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മണിരത്നം ചിത്രം 'പൊന്നിയിന്‍ സെല്‍വന്റെ' രണ്ടുഭാഗങ്ങളില്‍ ഐശ്വര്യ റായ്യുടെ ചെറുപ്പകാലം അവതരിപ്പിച്ചത് സാറാ അര്‍ജുന്‍ ആയിരുന്നു. ആദിത്യ ധര്‍ സംവിധാനംചെയ്ത 'ധുരന്ധറി'ല്‍ രണ്‍വീര്‍ സിങ്ങിനും സാറാ അര്‍ജുനും പുറമേ, സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍ എന്നിവരും പ്രധാനവേഷത്തിലുണ്ട്.