തിരുവനന്തപുരം: സർക്കാർ സംരക്ഷണകേന്ദ്രത്തിൽനിന്ന് ഒളിച്ചോടിയ കുട്ടികളെ പോലീസുകാരനാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിനതടവ്. മെഡിക്കൽ കോളേജ് മടത്തുവിള വീട്ടിൽ വിഷ്ണു(35)വിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പ്രതി 65,000 രൂപ പിഴയും അടയ്ക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ഇതിനുപുറമേ ലീഗൽ സർവീസ് അതോറിറ്റിയും കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

To advertise here,

2022 നവംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്നേദിവസം രാത്രി ഏഴുമണിയോടെയാണ് സർക്കാരിന്റെ കീഴിലുള്ള സംരക്ഷണകേന്ദ്രത്തിൽനിന്ന് 15 വയസ്സുള്ള രണ്ട് പെൺകുട്ടികൾ ഒളിച്ചോടിയത്. സുഹൃത്തിനെ കാണാനായി ഇവർ മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെത്തി. ഇവിടെവെച്ചാണ് പ്രതി പെൺകുട്ടികളെ കണ്ടത്. തുടർന്ന് പോലീസുകാരനാണെന്ന് പറഞ്ഞ് പെൺകുട്ടികളെ സമീപിച്ച പ്രതി, എന്തിനാണ് ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചു. ഇതോടെ ഭയന്ന കുട്ടികൾ ഗ്രൗണ്ടിൽനിന്നും ഓടി. എന്നാൽ, പ്രതി ഇവരെ സ്‌കൂട്ടറിൽ പിന്തുടർന്ന് തടഞ്ഞുനിർത്തി. ഭീഷണിപ്പെടുത്തി സ്‌കൂട്ടറിൽ കയറ്റി. താൻ പറയുന്നതുപോലെ അനുസരിച്ചാൽ സംരക്ഷണകേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട കേസിൽനിന്ന് ഒഴിവാക്കി തരാമെന്ന് പെൺകുട്ടികളോട് പറഞ്ഞു. ഇതോടെ പെൺകുട്ടികൾ പ്രതിക്കൊപ്പം പോകാൻ തയ്യാറായി.

ഒരു ലോഡ്ജിലേക്കാണ് പ്രതി പെൺകുട്ടികളെ കൊണ്ടുപോയത്. തുടർന്ന് മുറിയിൽവെച്ച് ഒരുകുട്ടിയെ പീഡിപ്പിച്ചു. രണ്ടാമത്തെയാൾ ഉറങ്ങുന്നതിനിടെയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. അടുത്തദിവസം രാവിലെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിച്ചുവരാമെന്ന് പറഞ്ഞ് പുറത്തുപോയ ഇയാൾ, കുട്ടികളെ മെഡിക്കൽ കോളേജിന് സമീപം ഇറക്കിവിട്ട് മുങ്ങുകയായിരുന്നു. ഇതിനിടെ പെൺകുട്ടികൾക്കായി തിരച്ചിൽ നടത്തിയിരുന്ന പോലീസ് സംഘം രണ്ടുപേരെയും കണ്ടെത്തി. ഇവരിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

പൂജപ്പുര സബ് ഇൻസ്പെക്ടർ പ്രവീൺ, മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ പ്രിയ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ആർ.എസ്. വിജയ്‌മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിച്ചു. 42 രേഖകളും എട്ട് തൊണ്ടിമുതലുകളും ഹാജരാക്കി.