
തൃശ്ശൂർ: പ്രണയത്തിനും രാജ്യാതിർത്തികൾക്കുള്ളിലെ സംഘർഷത്തിനുമിടയിൽപ്പെട്ട പെൺകുട്ടിയും അമ്മയുമായി വേഷപ്പകർച്ച നടത്തി വിസ്മയിപ്പിച്ച ‘ധുരന്ധർ’ സിനിമയിലെ നായിക സാറാ അർജുൻ ഇരിങ്ങാലക്കുടയിലെ ‘നവരസ സാധന’യിൽ. കണ്ണുകളുടെ മാന്ത്രികതയിലൂടെ വൈകാരികനിമിഷങ്ങളിലേക്ക് പ്രേക്ഷകനെ വലിച്ചടുപ്പിക്കുന്നതാണ് സാറാ അർജുൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ.
നടനകൈരളിയിൽ കൂടിയാട്ടം ആചാര്യൻ വേണുജിയുടെ പരിശീലനക്കളരിയിൽ മൂന്നാംവട്ടമാണ് ഈ ബോളിവുഡ് താരമെത്തുന്നത്.
സാമ്പത്തികവിജയത്തിൽ ഇന്ത്യൻ സിനിമയുടെ റെക്കോർഡുകൾ തകർത്ത ധുരന്ധറിൽ രൺവീർസിങ് കഥാപാത്രത്തിന്റെ പ്രണയിനിയായും രണ്ടാംഭാഗത്തിൽ ശത്രുരാജ്യങ്ങൾക്കിടയിൽ പ്രണയത്തിനും മാതൃത്വത്തിനുമിടയിൽ സംഘർഷത്തിലായ യുവതിയായും വേഷമിട്ട സാറ, ‘ആൻ മരിയ കലിപ്പിലാണ്’ എന്ന സിനിമയിലൂടെ മലയാളികൾക്കും പരിചിതയാണ്.
താരപ്പകിട്ടില്ലാതെ വേണുജിക്കും സഹപഠിതാക്കൾക്കുമൊപ്പം ചേർന്നിരിക്കുമ്പോൾ അയൽപക്കത്തെ കുട്ടി. ധുരന്ധർ സിനിമാചിത്രീകരണത്തിനിടെയാണ് അഭിനേതാക്കളും നർത്തകരും തങ്ങളുടെ സൂക്ഷ്മാഭിനയം പുറത്തെടുക്കാൻ പരിശീലിക്കുന്ന നവരസസാധനയെക്കുറിച്ച് അച്ഛൻ നടൻ രാജ്അർജുനിൽനിന്ന് സാറ അറിയുന്നത്. വന്നപ്പോൾ ഈ അന്തരീക്ഷവും കളരിയും ഗുരുവും പ്രിയപ്പെട്ടയിടമായി, സാറയുടെ വാക്കുകളിൽ ‘‘ഓടിയെത്താൻ ആഗ്രഹിക്കുന്ന രണ്ടാംവീട്.’’
‘‘കണ്ണുകൾ എങ്ങനെ ഉപയോഗപ്പെടുത്തണം, വൈകാരിക ഓർമകൾ ചില സന്ദർഭങ്ങളിൽ എങ്ങനെ ‘ട്രിഗർ’ ചെയ്ത് കൊണ്ടുവരണം തുടങ്ങി വളരെ സൂക്ഷ്മമായി പല കാര്യങ്ങളും നവരസസാധനയിൽ പഠിക്കാനായി. ഒരാളുടെ കണ്ണുകൾ ആ ആളുടെ ആത്മാവിലേക്കുള്ള ജാലകങ്ങളാണെന്നാണ് എനിക്കു തോന്നുന്നത്.
നിങ്ങൾക്കുള്ളിൽ എന്താണോ അതാണ് കണ്ണുകളിലൂടെ പുറത്തുവരുന്നത്.
അഭിനയത്തിൽ എന്തൊക്കെ എത്രത്തോളം നമുക്ക് ചെയ്യാനാകുമെന്നാണ് ഗുരു വേണുജിയിൽനിന്ന് പഠിക്കുന്നത്.
ഇങ്ങനെയൊരു ഗുരുവിനെ കിട്ടിയത് ഭാഗ്യം.’’- സാറ പറഞ്ഞു. കേരളം എനിക്കേറെ പ്രിയമാണ്. ഇവിടെ ഇരിങ്ങാലക്കുടയുടെ മണ്ണിൽ ചവിട്ടിക്കഴിയുന്നത് ഏറെ രസമാണ് സാറാ അർജുൻ പറഞ്ഞു.
Content Highlights: Bollywood actress Sara Arjun, known for her notable roles in Dhurandhar and Ann Maria Kalippilaanu, has returned to Irinjalakuda's Natanakairali for her third consecutive training session in micro-expressions under Koodiyattam maestro Guru Venu G.
Published: 10 Jul 2026, 08:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented