
സിനിമ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ മേഖലയിലെ എല്ലാ സംഘടനകളും ഒരു വട്ടമേശക്കു ചുറ്റും ഇരുന്നുകൊണ്ട് പരിഹാരം കാണേണ്ടതാണെന്ന് സാന്ദ്ര തോമസ്.
2016 ഇൽ ഒരു പ്രശസ്ത നടി ക്രൂരമായി ആക്രമിക്കപ്പെടുകയും അതിനെ തുടർന്നുള്ള ഹേമകമ്മിറ്റി റിപ്പോർട്ടും മലയാള സിനിമയിൽ സമാനതകൾ ഇല്ലാത്ത ചർച്ചകൾക്കും പരിവർത്തനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ ചർച്ചകളിൽ നിന്നെല്ലാം ഒരു സിനിമ നിർമ്മാതാവെന്നതിനേക്കാൾ ഉപരി ഒരു മലയാളി എന്ന നിലയിൽ പൊതുസമൂഹവുമായി ബന്ധപ്പെടുമ്പോൾ സിനിമ മേഖലയോട് പൊതുവിൽ സമൂഹത്തിനു അവജ്ഞയോ വെറുപ്പോ പുച്ഛമോ ഉള്ളതായിട്ടാണ് മനസിലായത്. അതുകൊണ്ടു സിനിമ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ മേഖലയിലെ എല്ലാ സംഘടനകളും ഒരു വട്ടമേശക്കു ചുറ്റും ഇരുന്നുകൊണ്ട് പരിഹാരം കാണേണ്ടതാണ്. അല്ലെങ്കിൽ സിനിമാമേഖല പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ അപഹാസ്യരാവും. വിലക്കുകൊണ്ടോ ബഹിഷ്കരണം കൊണ്ടോ അച്ചടക്കനടപടി കൊണ്ടോ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും എന്ന് കരുതുന്നില്ല അങ്ങനെ തന്നെയാവണം നേതൃത്വത്തിലിരിക്കുന്നവരും ചിന്തിക്കേണ്ടത് എന്നാണ് എന്റെ മതം. സാന്ദ്ര തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഒരു സിനിമയുടെ ബഡ്ജറ്റ് നിശ്ചയിക്കുന്നതും താരങ്ങളെ നിശ്ചയിക്കുന്നതും അതിനെ മാർക്കറ്റ് ചെയ്യുന്നതും റിലീസ് തിയതി നിശ്ചയിക്കുന്നതും ഒരു നിർമ്മാതാവിന്റെ പൂർണ്ണ സ്വാതന്ത്ര്യത്തിലും അവകാശത്തിലുംപെട്ട കാര്യമാണ്. പ്രത്യേകിച്ച് ഒട്ടനവധി സിനിമകൾ നിർമ്മിക്കുകയും വരുംവരായികകളെ കുറിച്ച് കൃത്യമായി ബോധ്യവുമുള്ള ഒരു നിർമ്മാതാവിന്റെ പെരെടുത്തു പറഞ്ഞുകൊണ്ട് അതിന്റെ ബഡ്ജറ്റിനെ കുറിച്ച് ഒരു പത്രസമ്മേളനത്തിലൂടെ വിമർശന സ്വഭാവത്തോടുകൂടി നിർമ്മാതാക്കളുടെ സംഘടനയുടെ ഒരു ഉപ ഭാരവാഹി പ്രതികരിച്ചത് ഒട്ടും ഉചിതമായ നടപടിയല്ല.
താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു പരിധിക്കപ്പുറം ഇടപെടാൻ സംഘടനകൾക്കു ആവില്ല. കാരണം ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ താരം തന്നെയാണ്. എന്നാൽ താരത്തിന് പ്രതിഫലം കൂടാതെ ചില പകർപ്പവകാശങ്ങളും കൂടി കൊടുക്കേണ്ടി വരുന്നു എന്നുള്ളത് ഗൗരവപൂർവം ചർച്ച ചെയേണ്ടതാണ്. അവിടെയാണ് സുരേഷ്‌കുമാറിന്റെ നിർമ്മാതാക്കൾ വെറും കാഷ്യർമാരാണോ എന്ന ചോദ്യത്തിന് പ്രസക്തി. മലയാള സിനിമയുടെ ഉയർന്ന ബഡ്ജറ്റിനെ കുറിച്ച് നിർമ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോൾ നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് തന്നെ ഒരു ബിഗ് ബഡ്ജറ്റ് സിനിമയുടെ പണിപ്പുരയിൽ ആണെന്നുള്ളതാണ് വൈരുധ്യം. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ബിഗ് ബഡ്ജറ്റ് സിനിമയുമായി ബന്ധപ്പെട്ട് സുരേഷ്‌കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യത്തോട് അസോസിയേഷന്റെ പ്രെസിഡന്റിനു പോലും യോജിപ്പില്ല എന്നാണ് വ്യക്തമാവുന്നത്.
ഇന്ന് മലയാള സിനിമ മേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണം സിനിമമേഖലയിലെ സംഘടനകൾ അതാത് സമയങ്ങളിലെ വിഷയങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിനു പകരം അതാത് കാലങ്ങളിൽ നേതൃത്വത്തിൽ ഇരിക്കുന്നവരുടെ വ്യക്തിതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സംഘടന നേതൃത്വത്തിൽ തുടർന്ന് പോകുന്നതിനു വേണ്ടിയും കാലാകാലങ്ങളിൽ എടുത്ത തീരുമാനങ്ങൾ ആണ് ഈ ദുരവസ്ഥയിലേക്ക് എത്തിച്ചത്. അതിന് ഉദാഹരണമാണ് ഡിജിറ്റൽ സിനിമ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ്. അതിന്റെ വിശദംശങ്ങളിലേക്കു ഇപ്പോൾ കടക്കുന്നത് ഉചിതമല്ല എന്നുള്ളതുകൊണ്ട് ഞാൻ കടക്കുന്നില്ല. സാന്ദ്ര കുറിച്ചു.
Content Highlights: sandra thomas against suresh kumar
Published: 14 Feb 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented