ടെലിവിഷൻ താരം സഞ്ജിത ഉഗാലെയുടെ (22) ആകസ്മിക മരണം സിനിമാ-സീരിയൽ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സഞ്ജിതയുടെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ അടുത്ത സുഹൃത്തും 'ദിൽവാലി ദുൽഹ ലേ ജായേഗി' പരമ്പരയിലെ സഹതാരവുമായ ഗീതാഞ്ജലി മംഗൽ. മാസങ്ങൾക്ക് മുൻപ് സഞ്ജിത സ്വയം ഉപദ്രവിക്കുന്നതിനെക്കുറിച്ചും ജീവിതത്തോടുള്ള വിരക്തിയെക്കുറിച്ചും സംസാരിച്ചിരുന്നുവെന്ന് ഗീതാഞ്ജലി വെളിപ്പെടുത്തി.

To advertise here,

സഞ്ജിത പലപ്പോഴും തന്നെ വിളിച്ച് ജീവിതത്തെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങൾ ചോദിക്കാറുണ്ടായിരുന്നുവെന്ന് ഗീതാഞ്ജലി പറഞ്ഞു. പ്രൊഫഷണലായി സഞ്ജിത വളരെ മികച്ച നിലയിലായിരുന്നുവെന്ന് ഗീതാഞ്ജലി ഓർക്കുന്നു.

ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ടാമത്തെ പ്രധാന വേഷം ലഭിച്ച സഞ്ജിതയ്ക്ക് സാമ്പത്തികമായോ തൊഴിൽപരമായോ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. തന്റെ കുടുംബത്തിലെ ഏക വരുമാനമാർഗമായിരുന്നു സഞ്ജിതയെങ്കിലും പണത്തിന്റെ കുറവ് അവളെ അലട്ടിയിരുന്നില്ലെന്ന് സുഹൃത്ത് സാക്ഷ്യപ്പെടുത്തുന്നു.

ജനുവരി മുതൽ സഞ്ജിത മാനസികമായി വളരെയധികം തളർന്നിരുന്നുവെന്ന് ഗീതാഞ്ജലി പറഞ്ഞു. ജീവിതം വളരെ കഠിനമാണെന്നും ഇത് തനിക്ക് ആവശ്യമില്ലെന്നും സഞ്ജിത സന്ദേശങ്ങളിലൂടെ പറഞ്ഞിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിനെപ്പോലെ ആളുകൾ തന്നെ ഓർക്കണമെന്നും അദ്ദേഹത്തിന്റെ അതേ തീയതിയിൽ തന്നെ താൻ പോകുമെന്നും സഞ്ജിത പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സമപ്രായക്കാരുടെ വളർച്ച കാണുന്നതും അവളെ മാനസികമായി ബാധിച്ചിട്ടുണ്ടാകാം. സഞ്ജിതയുടെ മരണത്തെക്കുറിച്ച് വ്യാജ പ്രചരണങ്ങൾ നടത്തരുതെന്നും അവരുടെ ആത്മാവിനായി പ്രാർത്ഥിക്കണമെന്നും ഗീതാഞ്ജലി അഭ്യർത്ഥിച്ചു. സുശാന്ത് സിങ് രജ്പുത്തിന്റെ മരണദിവസമായ ജൂൺ 14-ന് തന്നെയാണ് സഞ്ജിതയും വിടപറഞ്ഞത്.

രണ്ടുദിവസം മുൻപാണ് സഞ്ജിതയെ മുംബൈ നളസോപാരയിലെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 'സജൻ ഘർ', 'ദിൽവാലി ദുൽഹ ലേ ജായേഗി', 'വാഗ്ലെ കി ദുനിയ' തുടങ്ങിയ പരമ്പരകളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. വെള്ളിത്തിരയിലും തന്റെ സാന്നിധ്യം അറിയിക്കാൻ സഞ്ജിതയ്ക്ക് സാധിച്ചു. വിക്കി കൗശൽ പ്രധാന വേഷത്തിൽ എത്തിയ 'ഛാവ' എന്ന ചിത്രത്തിൽ താരാബായി എന്ന കഥാപാത്രത്തെയാണ് സഞ്ജിത അവതരിപ്പിച്ചത്.