നടൻ സൽമാൻ ഖാന്റെ മഹാരാഷ്ട്ര പൻവേലിലെ വസ്തുവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ നീക്കം ചെയ്യാൻ അയൽക്കാരനോട് ബോംബെ ഹൈക്കോടതി. നടന്റെ അയൽക്കാരനായ കേതൻ കാക്കഡിനോടാണ് കോടതി നിർദേശം. പൻവേലിൽ സൽമാൻ ഖാന്റെ ഫാംഹൗസിനോട് ചേർന്നുള്ള ഭൂമിയെച്ചൊല്ലി ഇരുവരും തമ്മിൽ നിയമപോരാട്ടം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നീക്കുന്നത് പരിഗണിക്കാനാണ് കോടതി കേതൻ കാക്കഡിനോട് നിർദേശിച്ചത്.
സൽമാൻ ഖാൻ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചുവെന്നും തന്റെ വസ്തുവിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്നുമാണ് കേതൻ കാക്കഡിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ സാമൂഹികമാധ്യമ പോസ്റ്റുകൾ ഇയാൾ പങ്കുവെച്ചു. സംഭവത്തെക്കുറിച്ച് യൂട്യൂബ് ചാനലുകൾക്ക് അഭിമുഖവും നൽകി. കാക്കഡിന്റെ പ്രസ്താവനകൾ അപകീർത്തികരമാണെന്നും സാമൂഹികമാധ്യമ പോസ്റ്റുകൾ മതവിദ്വേഷത്തിന് കാരണമാവുമെന്നും ചൂണ്ടിക്കാട്ടി സൽമാൻ ഖാൻ മാനനഷ്ടക്കേസ് നൽകി. നടന് ഇടക്കാല ആശ്വാസം നൽകാൻ കീഴ് കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരെ നടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസ് ഷർമിള ദേശ്മുഖിന്റെ സിംഗിൾ ബെഞ്ചാണ് നടന് അനുകൂലമായി വിധി പറഞ്ഞത്. നിയമപ്രശ്നങ്ങളിൽ കക്ഷികൾ സാമൂഹികമാധ്യമങ്ങൾ വഴി പരാതികൾ തീർപ്പാക്കാൻ ശ്രമിക്കരുതെന്ന് കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട ട്വീറ്റുകൾ, വീഡിയോകൾ, ഓൺലൈനിലുള്ള മറ്റ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്ന കാര്യം ആലോചിക്കാൻ കേതൻ കാക്കഡിനോട് കോടതി ആവശ്യപ്പെട്ടു. ഇത്തരം ഉള്ളടക്കങ്ങൾ നിരന്തരം പങ്കുവെക്കപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കോടതി, വീഡിയോകൾ ഓൺലൈനിൽ തുടരണോ എന്ന് തീരുമാനിക്കുന്നതിൽ കോടതിയുടെ വിലപ്പെട്ട സമയം ചെലവാക്കേണ്ടതില്ലെന്നും വ്യക്തമാക്കി.
മൂന്നാംകക്ഷികൾ അപ്‌ലോഡ് ചെയ്ത ഉള്ളടക്കങ്ങളുടെ കാര്യത്തിൽപ്പോലും കോടതിയെ സമീപിക്കേണ്ടതില്ല. സാമൂഹികമാധ്യമങ്ങളെ ബന്ധപ്പെട്ട് തന്നെ കക്ഷികൾക്ക് അവ നീക്കം ചെയ്യിക്കാമെന്നും കോടതി നിർദേശിച്ചു. കേസ് വീണ്ടും ജൂലായ് ആറിന് പരിഗണിക്കാൻ മാറ്റിവെച്ചു.
2022 ജനുവരിയിലാണ് സൽമാൻ ഖാൻ കേതൻ കാക്കഡിനെതിരെ കോടതിയെ സമീപിച്ചത്. വ്യാജവും ഊഹാപോഹങ്ങൾ നിറഞ്ഞതും പ്രകോപനപരവുമായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് സൽമാൻ ഖാന്റെ ഹർജി.
Content Highlights: Bombay High Court ordered Ketan Kakkad to remove defamatory social media content. The dispute involves Salman Khan's Panvel farmhouse and access rights. The court emphasized that legal disputes should not be settled via social media. Justice Sharmila Deshmukh advised parties to avoid unnecessary litigation over digital content. The case is adjourned to July 6 for further proceedings
Published: 11 Jun 2026, 08:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented