ബോളിവുഡ് താരം സൽമാൻ ഖാൻ നായകനായ മാതൃഭൂമി എന്ന ചിത്രത്തിന് സെൻസർ ബോർഡ് (CBFC) അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. നേരത്തെ 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന് പേരിട്ടിരുന്ന ഈ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തടഞ്ഞുവെച്ചിരിക്കുകയാണ്. നേരത്തെ ഏപ്രിൽ 17-ന് ഈദ് പ്രമാണിച്ച് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പുതിയ തീരുമാനത്തോടെ ഓഗസ്റ്റിലെ റിലീസ് സാധ്യതയും മങ്ങിയിരിക്കുകയാണ്.

To advertise here,

2020-ലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ടീസർ പുറത്തിറങ്ങിയത് മുതൽ ചിത്രത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു, പ്രത്യേകിച്ച് ചൈനയിൽ നിന്ന്. ഗാൽവൻ ഏറ്റുമുട്ടലിലെ സംഭവങ്ങളെ സിനിമ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദങ്ങൾ ഒഴിവാക്കാനായി ചിത്രത്തിന്റെ പേര് 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്നതിൽ നിന്നും 'മാതൃഭൂമി' എന്ന് മാറ്റാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. എന്നാൽ ഇതിനുശേഷം വലിയ പ്രതിസന്ധികളാണ് ചിത്രം നേരിട്ടുകൊണ്ടിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതത് അധികാരികളാണ് കൈകാര്യം ചെയ്യുന്നതെന്നും വിദേശകാര്യ മന്ത്രാലയത്തിന് ഇതിൽ പങ്കില്ലെന്നും വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സിനിമയിൽ ഗാൽവാൻ ഏറ്റുമുട്ടൽ ചിത്രീകരിക്കുന്നതിനെതിരെ വിദേശകാര്യ മന്ത്രാലയം എതിർപ്പറിയിച്ചുവെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.

16 ബിഹാർ റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസറായ കേണൽ സന്തോഷ് ബാബുവിനെയാണ് ചിത്രത്തിൽ സൽമാൻ ഖാൻ അവതരിപ്പിക്കുന്നത്. അപൂർവ്വ ലാഖിയ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമ ഖാനാണ് നിർമ്മിക്കുന്നത്. സൽമാൻ ഖാനെ കൂടാതെ ചിത്രംഗദ സിംഗ്, അഭിലാഷ് ചൗധരി, അങ്കുർ ഭാട്ടിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സൽമാൻ ഖാന്റെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് 2025 ഡിസംബർ 27-നാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ഹിമേഷ് രേഷാമിയയാണ് സംഗീതം നൽകിയിരിക്കുന്നത്. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത സിക്കന്ദർ ആണ് സൽമാൻ ഖാൻ നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.