സൽമാൻ ഖാൻ നായകനായി വരുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാറ്റിൽ ഓഫ് ഗാൽവൻ. സൽമാൻ ഖാൻ പട്ടാളവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസർ ഏതാനും മാസങ്ങൾക്കുമുൻപ് പുറത്തിറങ്ങിയിരുന്നു. ആരാധകരിൽനിന്ന് നല്ല അഭിപ്രായം നേടിയ ടീസറിന് രൂക്ഷമായ പരിഹാസവും നേരിടേണ്ടിവന്നു. സൽമാൻ ഖാൻ ഉൾപ്പെട്ട ഒരു രംഗമാണ് അതിനുകാരണം. ഈ ട്രോളുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം ഇപ്പോൾ.

To advertise here,

ചിത്രത്തിന്റെ ടീസറിൽ സൽമാൻ ഖാൻ സൈനികരെ നോക്കുന്ന രീതിയെ പലരും 'റൊമാന്റിക്' എന്ന് വിശേഷിപ്പിച്ച് പരിഹസിച്ചിരുന്നു. സൂറത്തിൽ നടന്ന ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് (ISPL) മത്സരത്തിനിടെയാണ് അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചത്. ബെംഗളൂരു സ്‌ട്രൈക്കേഴ്‌സും ഡൽഹി സൂപ്പർഹീറോസും തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി എത്തിയ സൽമാൻ, സിനിമയിലെ ആ പ്രത്യേക രംഗം അവിടെ പുനരാവിഷ്‌കരിക്കുകയും ചെയ്തു.

ടീസറിലുള്ളത് ഒരു കേണലിന്റെ നോട്ടമാണെന്ന് സൽമാൻ ഖാൻ പറഞ്ഞു. തന്റെ ടീമിനും സൈനികർക്കും എങ്ങനെ പ്രചോദനം നൽകണമെന്നും പ്രതീക്ഷ നൽകണമെന്നും അറിയുന്ന ഒരു കേണലിന്റെ ലുക്ക് ആണിത്. വെറുതെ ഗർജ്ജിക്കുന്ന തരത്തിലുള്ള നോട്ടം നൽകാൻ തനിക്ക് കഴിയുമെങ്കിലും അതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമാൻ ഖാൻ തന്നെയാണ് നിർമ്മിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ ചിത്രാംഗദ സിംഗും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.