ബോളിവുഡിലെ പ്രശസ്ത തിരക്കഥാകൃത്തായ സലിം ഖാൻ അടുത്തിടെ നേരിട്ട ഗുരുതരമായ ആരോഗ്യപ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തി മകനും നടനും നിർമാതാവുമായ സൊഹൈൽ ഖാൻ. അച്ഛനെ നഷ്ടപ്പെടുമെന്ന ഭയം തന്നെ വല്ലാതെ വേട്ടയാടിയിരുന്നതായി അദ്ദേഹം തുറന്നുപറഞ്ഞു. അടുത്തിടെ പിതാവ് സലിംഖാൻ സെമി-കോമയിൽ ആയ അനുഭവവും അദ്ദേഹം ഓർത്തെടുത്തു. പ്രൈം ടീവിയുടെ 'അലയൻസ് ' എന്ന റിയാലിറ്റിഷോ പോഡ്‌കാസ്റ്റിൽ ആണ് സൊഹൈൽഖാൻ തന്റെ മനസിലെ ഭയം പങ്കുവെച്ചത്.

To advertise here,

ഇക്കഴിഞ്ഞ ഫെബ്രുവരി 17-നാണ് 90-കാരനായ സലിം ഖാന് മസ്തിഷ്ക രക്തസ്രാവം ഉണ്ടായത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ആ സമയത്ത് അദ്ദേഹം സെമി-കോമ (semi-coma) അവസ്ഥയിലായിരുന്നു. ഒരു ചെറിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലായിരുന്നു പിതാവെന്നും സൊഹൈൽ ഓർത്തു. അച്ഛനെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ തനിക്ക് മുന്നറിയിപ്പ് നല്കിയിരുന്നെന്നും അതുതന്നെ പരിഭ്രാന്തനാക്കിയെന്നും സൊഹൈൽ ഖാൻ പറഞ്ഞു.

"ഭയം കാരണം ഞാൻ അവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങി. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ അത് എങ്ങനെ തരണം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. മാതാപിതാക്കൾ തന്നെയാണ് എനിക്ക് എന്റെ ജീവിതം. ആശുപത്രിയിൽ അച്ഛനോടൊപ്പം കഴിഞ്ഞ ആ ദിവസങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയമായിരുന്നു. മാതാപിതാക്കൾക്ക് പ്രായമായെന്നും അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ടത് അത്യാവശ്യമാണെന്നും ഈ സംഭവം പഠിപ്പിച്ചു". സൊഹൈൽ കൂട്ടിച്ചേർത്തു.

സൊഹൈൽ ഖാന്റെ പിതാവ് സലിംഖാൻ ബോളിവുഡിലെ പ്രശസ്ത തിരക്കഥാകൃത്താണ്. സലിം ഖാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വേളയിൽ കുടുംബാംഗങ്ങൾക്ക് പുറമെ ബോളിവുഡിലെ പ്രമുഖ താരങ്ങളും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ആമിർ ഖാൻ, സഞ്ജയ് ദത്ത്, ശിൽപ ഷെട്ടി, അദ്ദേഹത്തിന്റെ സുഹൃത്തായ ജാവേദ് അക്തർ തുടങ്ങിയവർ ആശുപത്രിയിലെത്തി കുടുംബത്തിന് പിന്തുണ അറിയിച്ചിരുന്നു.