
കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു. ചൊവ്വാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജായ താരം വൈകീട്ടോടെയാണ് ആശുപത്രി വിട്ടത്. ബാന്ദ്രയിലെ തന്നെ പഴയ വീടായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലായിരിക്കും താരം ഇനി താമസിക്കുകയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളെങ്കിലും, ആശുപത്രി വിട്ട സെയ്ഫ് അലിഖാന്‍ നേരെ പോയത് സത്ഗുരു ശരണിലേക്കാണ്. ഇവിടെ വെച്ചായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്.
അഞ്ചുദിവസത്തോളം മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സെയ്ഫ് അലിഖാന്‍. ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ താരത്തിന്റെ അമ്മ ശര്‍മിള ടാഗോര്‍, ഭാര്യ കരീന കപൂര്‍, മകള്‍ സാറാ അലിഖാന്‍ എന്നിവര്‍ ആശുപത്രയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു. ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആശുപത്രി വിടാന്‍ വീണ്ടും മണിക്കൂറുകള്‍ എടുത്തു. കറുപ്പ് പോര്‍ഷെ കാറിലാണ് താരം ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് തിരിച്ചത്.
ആശുപത്രി വിട്ട് വീട്ടിലെത്തിയ താരം, വീടിന് പുറത്ത് കൂടി നിന്നവരെ അഭിവാദ്യം ചെയ്തു. നീല ജീന്‍സും വെള്ള ഷര്‍ട്ടും കറുപ്പ് സണ്‍ഗ്ലാസും ധരിച്ച അദ്ദേഹത്തെ ആരോഗ്യവാനായാണ് കാണപ്പെടുന്നത്. കൈയില്‍ ഒരു ബാന്‍ഡേജും കഴുത്തില്‍ മുറിവേറ്റതിന്റെ അടയാളവും ദൃശ്യമാണ്. താരത്തിന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന്‍ രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.
Content Highlights: Bollywood actor Saif Ali Khan discharged from Lilavati Hospital
Published: 21 Jan 2025, 05:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented